നടിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: വനിതാ കമ്മീഷന്‍ തുടര്‍നടപടിയിലേക്ക്

Posted on: July 6, 2017 10:42 am | Last updated: July 6, 2017 at 1:42 pm

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരായ പരാതികളില്‍ വനിതാ കമ്മീഷന്‍ തുടര്‍ നടപടികളിലേക്ക്. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ ഇന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനെ നേരിട്ട് കണ്ട് പരാതി ഉന്നയിക്കും.

കഴിഞ്ഞ ദിവസം വുമന്‍ ഇന്‍ കലക്ടീവ്, ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് സജി നന്ത്യാട്ടിനെതിരെ പരാതി നല്‍കിയിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഇയാള്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. എന്നാല്‍, ദിലീപ്, സലിം കുമാര്‍ എന്നിവര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടില്ല. പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഇരുവരും പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

നടിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ അടക്കമുള്ളവരും പരാതി നല്‍കിയിരുന്നു. ഇവയെല്ലാം പരിഗണിച്ച ശേഷം കമ്മീഷന്‍ തുടര്‍നടപടികളെടുക്കും.