Connect with us

International

ഇന്ത്യയും ഇസ്‌റാഈലും ഏഴ് കരാറുകളില്‍ ഒപ്പുവെച്ചു

Published

|

Last Updated

ജറുസലേം: ഇന്ത്യയും ഇസ്‌റാഈലും തമ്മില്‍ ഏഴ് കരാറുകള്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനിടെയാണ് കരാറുകള്‍ ഒപ്പിട്ടത്. ബഹിരാകാശ സാങ്കേതികത, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയത്.

പരസ്പര സഹകരണത്തിന്റെ കാര്യം മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതക്കും ഇന്ത്യയും ഇസ്‌റാഈലും തമ്മിലുള്ള സഹകരണം എത്രത്തോളം ഗുണം ചെയ്യുമെന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നുവെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും ഇസ്‌റാഈലും ചേര്‍ന്ന് ചരിത്രം രചിക്കുകയാണെന്ന് പത്രസമ്മേളനത്തില്‍ നെതന്യാഹു വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ സ്വര്‍ഗത്തില്‍ വെച്ച് വിവാഹം നിശ്ചയിക്കുകയും ഭൂമിയില്‍ അത് നടപ്പാക്കുകയും ചെയ്തുവെന്ന് തമാശ രൂപത്തില്‍ നെതന്യാഹു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പുവെക്കാന്‍ ധാരണയായത്. നെതന്യാഹു ഒരുക്കിയ ഉച്ചവിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തു.

അതിനിടെ, മുംബൈ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ജൂത ബാലനെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഇപ്പോള്‍ 11 വയസ്സുള്ള മോഷേ ഹോള്‍ട്‌സ്ബര്‍ഗിനെയാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. ഇപ്പോള്‍ മുത്തച്ഛന്റെ സംരക്ഷണത്തില്‍ കഴിയുന്ന മോഷേയെയും കുടുംബത്തേയും പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.