സി.കെ വിനീതും മെഹ്താബും ബ്ലാസ്റ്റേഴ്‌സില്‍ തുടരും

Posted on: July 5, 2017 10:57 am | Last updated: July 5, 2017 at 10:57 am

കൊച്ചി: ഐ എസ് എല്‍ വരുന്ന സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മലയാള താരം സി കെ വിനീതിനെയും മെഹ്താബ് ഹുസൈനെയും നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. അതേസമയം ആദ്യസീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ നെടും തൂണയായിരുന്ന ഡിഫന്റര്‍മാരായ സന്തോഷ് ജിങ്കാനേയോ, മലയാളി താരം റിനോ ആന്റോയേയും ടീം കൈയൊഴിയുമെന്നാണ് സൂചന. മെഹ്താബ് ഹുസൈനെ ഒഴിവാക്കി സന്തോഷ് ജിങ്കാനെയും വിനീതിനെയും നിലനിര്‍ത്തുന്ന കാര്യവും മാനേജ്‌മെന്റ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ രണ്ടുപേരെയും നിലനിര്‍ത്താന്‍ പണം കൂടുതല്‍ കൊടുക്കേണ്ടി വരുമെന്നതാണ് അധികൃതരെ കുഴക്കുന്നത്.

നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വെള്ളിയാഴ്ച സമര്‍പ്പിക്കണമെന്നാണ് സൂപ്പര്‍ ലീഗ് അധികൃതര്‍ ടീമുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ സീസണില്‍ ആദ്യം ഘട്ടത്തില്‍ ടീമിനൊപ്പം ചേരാന്‍ കഴിയാതിരുന്ന സി കെ വിനിത് എത്തിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറിയത്. ഒമ്പതു കളിയില്‍ നിന്നും അഞ്ച് ഗോളുകള്‍ കണ്ടെത്തിയ സി കെ വിനീതിന്റെ മികവിലാണ് ടീം ഫൈനലിലേക്ക് കടന്നത്. സി കെ വിനീതിന്റെ ഐ ലീഗ് ക്ലബ്ബായ ബാംഗ്ലൂര്‍ എഫ് സി ഇത്തവണ ഐ എസ് എല്‍ കളിക്കുന്നുണ്ട്.
അതിനാല്‍ സി കെ വിനീതിനെ കേരളത്തിന് ലഭിക്കുമോ എന്ന ആശങ്ക നിലനില്‍നിന്നിരുന്നു.കഴിഞ്ഞ സീസണില്‍ ഗോളടിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു സി കെ വിനീത്. ബാംഗ്ലൂര്‍ എഫ് സി ക്ക് ഫെഡറേഷന്‍ കപ്പ് നേടികൊടുത്തതും സി കെ വിനീതിന്റെ ഗോളടിമികവായിരുന്നു.
കേരളത്തില്‍ ഏറെ ആരാധകരുള്ള സി കെ വിനീതിനെ നിലനിര്‍ത്തിയതിലൂടെ കാണികളുടെ പിന്തുണയും ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. അതേസമയം സന്തോഷ് ജിങ്കാനെ നിലനിര്‍ത്തുന്നില്ലെങ്കില്‍ പ്ലെയര്‍ ഡ്രാഫ്റ്റിലൂടെ ടീമിലെത്തിക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം.