പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ട് ‘അമ്മ’

Posted on: July 4, 2017 8:38 am | Last updated: July 4, 2017 at 11:03 am

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കും ആരോപണ വിധേയനായ നടനും ഓരുപോലെ സംരക്ഷണം നല്‍കിയ താരസംഘടനയായ അമ്മയുടെ നിലപാടിന് സിനിമാലോകത്തു നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. അമ്മയുടെ നിലപാടിനെതിരെ അഭിനയലോകത്തുള്ള മുതിര്‍ന്ന താരങ്ങള്‍ പരസ്യമായി രംഗത്തെത്തിയിട്ടില്ലെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ ഒറ്റപ്പെട്ടു എന്ന വികാരമാണ് പലരും പങ്കുവെക്കുന്നത്. അമല്‍ നീരദിന്റെയും അന്‍വര്‍ റശീദിന്റെയും ചിത്രങ്ങള്‍ക്കുള്ള വിലക്കും സിനിമയിലെ വനിതകളുടെ പുതിയ സംഘടനയും അമ്മയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. നടി ആക്രമിക്കപ്പെട്ടതിന് അമ്മയില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടാത്തതാണ് വനിതകളുടെ നേതൃത്വത്തില്‍ പുതിയ സംഘടനാ രൂപവത്കരണത്തിലേക്ക് നയിച്ചതെന്ന ഗണേഷ്‌കുമാറിന്റെ കത്തിലെ പരാമര്‍ശം അംഗങ്ങള്‍ക്കിടയിലെ പൊതു അഭിപ്രായമായിട്ടാണ് വിലയിരുത്തുന്നത്.
അടുത്ത കാലത്താണ് ദിലീപിന്റെ നേതൃത്വത്തില്‍ തീയറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. സിനിമാ മേഖലയില്‍ ഇനി തര്‍ക്കങ്ങളുണ്ടാകരുതെന്ന ലക്ഷ്യത്തോടെ വിവിധ സംഘടനയിലുള്ളവരെ ചേര്‍ത്തുകൊണ്ട് കോര്‍കമ്മിറ്റി രൂപവത്കരിച്ചുവെങ്കിലും ഈ സംവിധായകരുടെ പ്രശ്‌നം ഇവിടെയും ചര്‍ച്ചചെയ്ത് പരിഹരിക്കാനായില്ല. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും ഈഗോയുമാണ് തങ്ങള്‍ക്ക് പാരയായതെന്നാണ് ഈ സംവിധായകര്‍ കരുതുന്നത്. യുവ സംവിധായകരും നടന്മാരും ഇവരെ പിന്തുണക്കുന്നവരാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ പിന്തുണക്കുന്ന കാര്യത്തിലും ഈ അനൈക്യമാണ് പ്രകടമാകുന്നത്. അമ്മക്കു പുറമെ, സിനിമാ മേഖലയില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീയറ്റര്‍ ഉടമകളുടെയും സംഘടനയില്‍ അംഗമായ ദിലീപിന് എല്ലാത്തിലും അപ്രമാദിത്തമുണ്ട്. അതിനാല്‍ അമല്‍ നീരദിന്റെയും അന്‍വര്‍ റശീദിന്റെയും ചിത്രങ്ങള്‍ക്കുള്ള വിലക്ക് തുടര്‍ന്നാല്‍ അത് സനിമാ മേഖലയെ തന്നെ രണ്ട് തട്ടിലാക്കും. സംവിധായകന്‍ ആഷിക്ക് അബു വിലക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ടതിനു ശേഷം ചേര്‍ന്ന അമ്മയുടെ ആദ്യ ജനറല്‍ ബോഡിയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാതിരുന്നതിനെയും ആരോപണവിധേയനായ നടന് പിന്തുണ നല്‍കിയതും ഭൂരിഭാഗം താരങ്ങളും അംഗീകരിക്കുന്നുണ്ട്. ജോയ് മാത്യു ഫേസ് ബുക്കിലൂടെ അമ്മയുടെ നിലപാടിനെ പരിഹസിച്ചുവെങ്കിലും ബാബുരാജ് രൂക്ഷവിമര്‍ശനവുമായി പരസ്യമായി രംഗത്തെത്തി. അമ്മയുടെ യോഗത്തില്‍ പാട്ടും കൂത്തും മാത്രമാണ് നടക്കുന്നതെന്ന് ബാബുരാജ് പറഞ്ഞു. അമ്മയില്‍ ജനാധിപത്യമില്ലന്നും പ്രതിഷേധിക്കാതെ മെഴുകുതിരി കത്തിക്കുന്നതില്‍ കാര്യമില്ലന്നും ബാബുരാജ് ആരോപിച്ചു. എന്നാല്‍ ഇത് ഒറ്റപെട്ട അഭിപ്രായപ്രകടനമായാണ് അമ്മ ഭാരവാഹികള്‍ കാണുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗം ആക്രമിക്കപെട്ട നടിക്കും ആരോപണ വിധേയനായ നടന്‍ ദിലീപിനും പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നു. അമ്മയുടെ നിലപാടിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നുവെങ്കിലും മറ്റ് സിനിമാ സംഘടനകളില്‍ നിന്ന് വേണ്ടത്ര പരസ്യപിന്തുണ ലഭിച്ചില്ല. ദിലീപിന് പിന്തുണയുമായി പലരും വരുന്നതു മാത്രമാണ് അമ്മക്ക് ആശ്വാസം. ദിലീപ് അംഗമല്ലാത്ത സംവിധായകരുടെ സംഘടനയായ ഫെഫ്കയും മാക്ടയും ഇതുവരെ പരസ്യമായി നിലപാട് സ്വീകരിച്ചിട്ടില്ല. മാക്ടയില്‍ ദിലീപിന് പിന്തുണക്കുന്നതില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്.
അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചക്കുവെച്ച ഗണേഷ് കുമാറിന്റെ വിവാദ കത്ത് പുറത്തായിരുന്നു. അമ്മ ദിലീപിന് പൂര്‍ണപിന്തുണ നല്‍കിയതിന് പിന്നാലെയാണ് കത്ത് പുറത്തായത്. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തന്നെയാണ് കത്ത് പുറത്തു വിട്ടതെന്നാണ് ഗണേഷ്‌കുമാര്‍ വിശ്വസിക്കുന്നത്.