മൂന്നാറും സര്‍വകക്ഷി യോഗ തീരുമാനങ്ങളും

Posted on: July 4, 2017 7:21 am | Last updated: July 3, 2017 at 10:23 pm

ഇടുക്കിയിലെ കൈയേറ്റക്കാരെ വന്‍കിടക്കാരെന്നോ ചെറുകിടക്കാരെന്നോ നോക്കാതെ എല്ലാവരെയും ഒഴിപ്പിക്കുന്നതിന് പകരം, വേറെ കിടപ്പാടമോ ഭൂമിയോ ഇല്ലാത്ത ചെറുകിടക്കാരായ കൈയേറ്റക്കാരെ നിലനിര്‍ത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം. 1977ന് മുമ്പ് കുടിയേറിയ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാനും ആദിവാസികള്‍ക്ക് ഭൂമിയും രേഖയും ലഭ്യമാക്കാനും തീരുമാനമുണ്ട്. അത്യപൂര്‍വ വനപ്രദേശവും വനസമ്പത്തും രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ സഹായത്തോടെ കൈയേറി റിസോര്‍ട്ടുകളും വ്യാപാര സമുച്ഛയങ്ങളും നിര്‍മിച്ചവരും വ്യാജരേഖകളുടെ പിന്‍ബലത്തോടെ സര്‍ക്കാര്‍ ഭൂമി ഏക്കര്‍ കണക്കിന് സ്വന്തമാക്കിയവരും കയറിക്കിടക്കാന്‍ മറ്റൊരു ഇടമില്ലാത്തതിനാല്‍ രണ്ടും മൂന്നും സെന്റ് ഭൂമിയില്‍ കൂരയോ, ചെറിയ വീടോ നിര്‍മിച്ചവരുമുണ്ട് മൂന്നാറിലെ കൈയേറ്റക്കാരില്‍. തേയിലത്തോട്ടങ്ങളിലെ ജോലിയുമായി ബന്ധപ്പെട്ട് ജില്ലയുടെ തന്നെ വിവിധ ഭാഗങ്ങളില്‍നിന്നും അയല്‍ ജില്ലകളില്‍ നിന്നും ദശാബ്ദങ്ങള്‍ക്ക് മുമ്പ് കുടിയേറിപ്പാര്‍ത്തവരാണ്് ഈ പാവങ്ങളിലേറെയും. ഒരുപക്ഷേ മതിയായ രേഖകളില്ലെങ്കില്‍ തന്നെയും ഇവരോട് മനുഷ്യത്വപരമായ നിലപാട് കൈക്കൊള്ളാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. ഒഴിപ്പിക്കല്‍ യജ്ഞത്തില്‍ ഈ വിഭാഗത്തെ മാറ്റിനിര്‍ത്താനുള്ള യോഗ തീരുമാനം ആ നിലയില്‍ വിമര്‍ശിക്കപ്പെടാവതല്ല.

കൈയേറ്റം ചെറുതായാലും വലുതായാലും രേഖകള്‍ വിശ്വാസയോഗ്യമല്ലെങ്കില്‍ ഒഴിപ്പിക്കണമെന്ന് വാദിക്കുന്നവരുണ്ട് രാഷ്ട്രീയ നേതൃത്വത്തിലും ഉദ്യോഗസ്ഥ മേധാവികളിലും. ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാടുകാരനാണ്. രേഖകള്‍ നിയമവിധേയമല്ലാത്ത എല്ലാവരെയും ഒഴിപ്പിച്ചേ അടങ്ങൂ എന്നാണദ്ദേഹത്തിന്റെ പക്ഷം. കാനം രാജേന്ദ്രനുള്‍പ്പെടെ സി പി ഐ നേതൃത്വത്തിലെ പ്രബല വിഭാഗത്തിനും ഈ നിലപാടാണുള്ളത്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ പ്രശ്‌നത്തില്‍ സി പി എമ്മിനും സി പി ഐക്കും ഇടയില്‍ ഉടലെടുത്ത ഭിന്നതയുടെ മുഖ്യ കാരണവുമിതാണ്. നിയമപരമായി സബ്കലക്ടറുടെ നിലപാട് ശരിയാണെങ്കിലും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ വേറെ ഭൂമിയില്ലാത്തവര്‍ക്ക് കിടപ്പാടം നിര്‍മിക്കാനുള്ള ഭൂമി നല്‍കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. അതിന് അനുയോജ്യമായ മറ്റൊരു ഭൂമി കണ്ടെത്താത്തതിനാല്‍ ഇപ്പോള്‍ താമസിക്കുന്ന ഭൂമി അവര്‍ക്ക് നിയമവിധേയമാക്കിക്കൊടുക്കുന്നത് കൈയേറ്റത്തിന് അംഗീകാരം നല്‍കലല്ല. വന്‍കിട കൈയേറ്റക്കാരേയും അതിജീവനത്തിനായി രണ്ടോ മൂന്നോ സെന്റ് കൈയേറിയവരെയും ഒരേ കണ്ണ് കൊണ്ട് കാണരുതെന്നാണ് മുഖ്യമന്ത്രിയുടെ മുമ്പേയുള്ള നിലപാട്.
അതേസമയം കെട്ടിടങ്ങള്‍ക്കു സ്‌റ്റോപ്പ് മെമ്മോ നല്‍കിയ പ്രശ്‌നവും വീടുകള്‍ക്ക് നമ്പര്‍ കിട്ടാത്ത പ്രശ്‌നവും പരിഹരിക്കുന്നതിന് കൈക്കൊണ്ട തീരുമാനങ്ങള്‍ കൈയേറ്റ മാഫിയ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കയുണ്ട്. ചെറുകിടക്കാരെന്ന വ്യാജേന ആദ്യം പത്ത് സെന്റ് ഭൂമി താത്കാലിക വേലി കെട്ടി തിരിച്ച് സ്വന്തമാക്കി രേഖകള്‍ സമ്പാദിച്ച വന്‍കിടക്കാരുമുണ്ട് ഇടുക്കിയില്‍. ഭൂമി കൈയേറാനും വ്യാജ പട്ടയങ്ങള്‍ തരപ്പെടുത്തി കൊടുക്കാനുമായി മൂന്നാര്‍ കേന്ദ്രീകരിച്ച് വന്‍ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. റിസോര്‍ട്ട് നിര്‍മിക്കാനും മറ്റ് വാണിജ്യ നിര്‍മാണങ്ങള്‍ നടത്താനും അനുയോജ്യമായ ഭൂമി കണ്ടെത്തുന്ന ഈ സംഘം ആദ്യം പത്ത് സെന്റോ അതില്‍ താഴെയോ ഭൂമി താത്കാലിക വേലി കെട്ടി തിരിച്ച് സ്വന്തമാക്കുകയും പട്ടയം സമ്പാദിക്കുകയും ചെയ്യും. ഇതുപയോഗിച്ച് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയും ലഭ്യമാക്കും. പിന്നീട് അതിനോട് ചേര്‍ന്ന സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി വളച്ചുകെട്ടി ഇതിനോട് ചേര്‍ത്ത ശേഷം റിസോര്‍ട്ട് നിര്‍മാണം നടത്തുകയോ വന്‍തുകക്ക് മറിച്ചു വില്‍ക്കുകയോ ചെയ്യും. ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും ഭവനപദ്ധതിക്കായി സര്‍ക്കാര്‍ പതിച്ചു നല്‍കിയതും പട്ടയം ലഭിച്ചിട്ടും വെറുതെയിട്ടിരിക്കുന്നതുമായ ഭൂമി തിരഞ്ഞു പിടിച്ച് നിസാര വിലക്ക് ഇവര്‍ സ്വന്തമാക്കും. അതിനോട് ചേര്‍ന്നുള്ള ഭൂമിയും കൈയേറും. ആദിവാസി ഭൂമി പട്ടയത്തിന്റെ മറവില്‍ അവിടെ റിസോര്‍ട്ടുകള്‍ നിര്‍മിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കി വില്‍പ്പനയും നടത്തും. സ്വകാര്യ വ്യക്തികള്‍ ഈവിധം ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാറില്‍ ഈയിടെ റവന്യു വകുപ്പ് അധികൃതര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയ ഭൂരിഭാഗം റിസോര്‍ട്ടുകളും നിര്‍മിച്ചിരിക്കുന്നത് ഇങ്ങനെയാണെന്ന് ആരോപണമുണ്ട്. സര്‍വകക്ഷി യോഗ തീരുമാനത്തിന്റെ മറവില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇത്തരം കെട്ടിട നിര്‍മാതാക്കള്‍ സ്റ്റോപ്പ് മെമ്മോയില്‍ നിന്ന് രക്ഷപ്പെടാനിടയാകരുത്. കൈവശം വച്ചുവരുന്ന ഭൂമി കൈമാറിയിട്ടുണ്ടെങ്കിലും പട്ടയം അനുവദിക്കാനും പട്ടയം കിട്ടിയ ഏലക്കാടുകളിലേതടക്കമുള്ള ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാനുമുള്ള യോഗ തീരുമാനങ്ങള്‍ ദുരുപയോഗത്തിന് ഏറെ സാധ്യതയുള്ളതാണ്. ഇത്തരം കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ റിസോര്‍ട്ട് ഉടമകളുടെയും വന്‍കിടക്കാരുടെയും അനധികൃത ഭൂമിക്ക് നിയമ സാധുത നല്‍കുകയായിരിക്കും അനന്തര ഫലം. ഭൂമാഫിയകള്‍ക്ക് കോടതികളില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാനും ഇതു സഹായമായേക്കും.