ഈ വേലക്കാരെന്താ ഇങ്ങനെ?

സര്‍ക്കാര്‍ ഉദ്യോഗതലത്തില്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥരാണ് പബ്ലിക് സര്‍വന്റ് എന്നു സ്വയം വിശേഷിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത്. എന്നാല്‍ നമ്മുടെ പഞ്ചായത്ത്, വില്ലേജ് ജീവനക്കാര്‍ക്ക് പബ്ലിക് സര്‍വന്റ് എന്നു സ്വയം പറയാനോ പൊതുജനം പറയുന്നത് കേള്‍ക്കാനോ ഇഷ്ടമുണ്ടാകുമോ? അഥവാ തങ്ങള്‍ പൊതുജനങ്ങളുടെ വേലക്കാരാണെന്നതിലെ താത്വിക തലം മനസ്സിലാക്കാനെങ്കിലും മാനസിക വളര്‍ച്ചയെത്തിയവരാണോ നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍? അലങ്കാരത്തിനു വേണ്ടിയെങ്കിലും ജനസേവനം എന്നും ജനസേവകര്‍ എന്നും സ്വയം പറയാന്‍ മടിയില്ലാത്തവരാണ് രാഷ്ട്രീയക്കാര്‍. അത്രപോലും പൊതുജന സേവകരാണ് ഞങ്ങള്‍ എന്നു വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കാത്ത തലക്കനത്തിന്റെ ആളുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍.
Posted on: July 4, 2017 7:00 am | Last updated: July 3, 2017 at 10:12 pm

നാലഞ്ച് വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നും ഏതാനും ദിവസത്തെ അവധിയില്‍ നാട്ടില്‍ വന്ന സമയത്താണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത്. മാര്യേജ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയും നേരത്തെ നടന്ന വിവാഹങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ സാവകാശം അവസാനിച്ച സമയവുമായിരുന്നു. ഗ്രാമ പഞ്ചായത്ത് ഓഫീസിലെ സെക്ഷന്‍ ക്ലര്‍ക്കിനു മുന്നിലെത്തി സംസാരിച്ചപ്പോള്‍ സമയം കഴിഞ്ഞെന്നും ഇനി പറ്റില്ലെന്നും പറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടാകുമല്ലോ; നമ്മുടേത് ജനാധിപത്യ രാജ്യമല്ലേ എന്നും വിസയെടുക്കേണ്ട ആവശ്യത്തിനാണ് ആ നിലയില്‍ വല്ല മാര്‍ഗവുമുണ്ടോ എന്നൊക്കെ ചോദിച്ചു നോക്കി. ഒരു രക്ഷയുമില്ല നിങ്ങള്‍ക്കിനി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല എന്ന് വനിതാ ക്ലര്‍ക്ക് തീര്‍ത്തു പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയെ കണ്ടു സംസാരിക്കട്ടേ എന്നു ചോദിച്ചപ്പോള്‍ മന്ത്രിയെ കണ്ടിട്ടും കാര്യമില്ല നിയമം മാറിയെന്നായിരുന്നു ഉത്തരം. അടുത്ത മാര്‍ഗം തേടി രജിസ്‌ട്രേഷന്‍ ഓഫീസില്‍ പോയി. അവിടെ നടപടിക്രമങ്ങള്‍ വേറെയാണ്. ഒരു മാസം മുമ്പ് നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്നതുള്‍പ്പെടെയുള്ള നൂലാമാലകള്‍. ക്രോസ് ചെക്കിംഗ് എന്ന ജോലിയിലെ ശീലം വെച്ച് അവിടെ നിന്നു നേരേ തൊട്ടടുത്ത ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പോയി അന്വേഷിച്ചു. അവിടെയും ഒരു വനിതാ ക്ലര്‍ക്കാണ് സെക്ഷനില്‍. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മാര്‍ഗമുണ്ട്. പക്ഷേ, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ അനുമതി വേണം. അതിനു രണ്ടു സെറ്റ് അപേക്ഷകള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൊടുത്താല്‍ മതി. ഫോം കൂടി വാങ്ങിയാണ് അവിടെ നിന്നിറങ്ങി പഴയ പഞ്ചായത്ത് ഓഫീസില്‍ ചെന്നതും ക്ലര്‍ക്കിനോട് അല്‍പം ഈര്‍ഷ്യയില്‍ തന്നെ കാര്യം പറഞ്ഞതും. വിവരം അറിയില്ലായിരുന്നു എന്ന് വളരെ ലളിതമായ മറുപടി. അവരെക്കൊണ്ട് അപേക്ഷ സ്വീകരിപ്പിക്കുകയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നേരിട്ടു പോയി രണ്ടു ദിവസത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ മനോഭാവത്തിന്റെയും കൈകാര്യ രീതികളുടെയും അനേക അനുഭവങ്ങളില്‍ ചെറുതൊന്നാണിത്. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് സഹപ്രവര്‍ത്തകര്‍ വിവിധ സമരരൂപങ്ങളിലൂടെ ഐക്യദാര്‍ഢ്യം പ്രകടിച്ചു കൊണ്ടിരിക്കേ സര്‍ക്കാര്‍ ഓഫീസുകളുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങളും സമീപനങ്ങളും സമൂഹമനസ്സില്‍ അധികമായി തികട്ടി വരുന്നുണ്ട്. ഓരോ ഫയലിലും ഓരോ ജീവിതങ്ങളുണ്ടെന്നും എങ്ങനെ നിരാകരിക്കാം എന്നല്ല, എങ്ങനെ സാധൂകരിക്കാം എന്നാണ് ഉദ്യോഗസ്ഥര്‍ ചിന്തിക്കേണ്ടതെന്നും ഉപദേശവുമായി പ്രവര്‍ത്തനം തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ സന്ദേശം നല്‍കിയിരുന്നു. വില്ലേജ് ഓഫീസുകളിലേക്ക് ജനത്തെ രണ്ടു തവണയിലധികം നടത്തിക്കരുത് എന്ന റവന്യൂ മന്ത്രിയുടെ നിര്‍ദേശം കൂടി ചേര്‍ത്തു വെച്ചാല്‍ നമ്മുടെ സംസ്ഥാനത്തെ ജനം പലവട്ടം അനുഭവിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സേവന മനോഭാവത്തിലെ യാഥാര്‍ഥ്യങ്ങള്‍ ബോധ്യമാകും. പുതിയ സംഭവവികാസങ്ങള്‍ ഈ മേഖലയിലേക്കു വീണ്ടും ചര്‍ച്ചള്‍ കൊണ്ടു വരുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരെല്ലാം ഒരു മനോഭാവത്തിന്റെ ആളുകളെന്ന അടച്ചാക്ഷേപത്തിന് ഒരു സാധ്യതയുമില്ല. പ്രത്യേകിച്ച് വിദ്യാസമ്പന്നതയില്‍ മികവു പുലര്‍ത്തിയ കേരളത്തിലെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ വളരെയേറെ പ്രൊഫഷനലായിട്ടുണ്ട്. അതനുസരിച്ച് ജീവനക്കാരുടെ സമീപനങ്ങളും മാറിയിട്ടുണ്ട്. എങ്കില്‍ പോലും ചിലരും ചിലയിടങ്ങളും ഇപ്പോഴും വെറുപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നു. പൊതുസേവന കാര്യാലയങ്ങള്‍ എന്ന നിലയിലോ പൊതുസേവകന്‍ എന്ന നിലയിലോ ഗുണഭോക്താവായി എത്തുന്ന പൗരന് ഫീല്‍ ചെയ്യാത്ത വിധം ചായക്കാശോ ഗിഫ്‌റ്റോ ഒളിഞ്ഞോ തെളിഞ്ഞോ നല്‍കിയാലേ എന്തെങ്കിലും നടക്കൂ എന്ന സ്ഥിതി നമ്മുടെ നാട്ടിലെ സാധാരണ സമൂഹത്തില്‍ ഉറച്ചു പോയിട്ടുണ്ട്. അഥവാ അവര്‍ക്കിപ്പോഴും അതു തിരുത്താവുന്നവിധം അനുഭവങ്ങളുണ്ടാകുന്നില്ല. പിന്നെയും രക്ഷപ്പെടുന്നത് അഭ്യസ്ഥവിദ്യരും സാമ്പത്തിക ശേഷിയുള്ളവരുമാണ്. വിവരാവകാശവും വിജിലന്‍സും ലൈവായി നില്‍ക്കുന്ന നാട്ടില്‍ പ്രതികരിക്കാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നവരോട് ജീവനക്കാര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ശീലിച്ചിരിക്കുന്നു. വിവരക്കുറവ് തോന്നുന്നവരുടെ പോക്കറ്റ് തപ്പുകയോ പിന്നെ വരൂ എന്ന് പറയല്‍ അവകാശമായി കരുതുന്നവരോ വേരറ്റു പോകുന്നില്ല. സര്‍വത്ര അഴിമതിയുടെ കേന്ദ്രങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍. വില്ലേജ്, ഇലക്ട്രിസിറ്റി, രജിസ്‌ട്രേഷന്‍, മോട്ടോര്‍ വാഹനം തുടങ്ങി സാധാരണ ജനങ്ങള്‍ സേവനങ്ങള്‍ക്കായി സമീപിക്കുന്ന വകുപ്പുകളിലെല്ലാം ദുരനുഭവങ്ങള്‍ തുടരുകയാണ്.
വീടു വെക്കാനൊരുങ്ങിയ അഞ്ചു സെന്റ് ഭൂമി ആധാരത്തില്‍ കൃഷിയിടമായിരുന്നു. കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം വേണം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍. ഒരു വനിത കൂടിയായ ഉദ്യോഗസ്ഥയുടെ സ്ഥലസന്ദര്‍ശനത്തിനും സാക്ഷ്യപത്രത്തിനും വേണ്ടി രോഗബാധിതനായ പിതാവ് പത്തിലധികം തവണ കയറിയിറങ്ങേണ്ടി വന്നു. പൊതുവേ വിശാലമനസ്‌കരും അനുകമ്പയുള്ളവരുമായ സ്ത്രീകളും ഉദ്യോഗഗര്‍വുകളില്‍ പിറകിലല്ലെന്നാണ് അനുഭവങ്ങള്‍. അടിസ്ഥാന സേവനങ്ങള്‍ ലഭിക്കേണ്ട ഓഫീസുകളിലാണ് ഇത്തരം ജനവിരുദ്ധ നിലപാടുകള്‍ അധികവും അരങ്ങുവാഴുന്നത്. കൈക്കൂലി സാധ്യതകളില്ലാത്ത ഓഫീസുകളില്‍ കാര്യങ്ങള്‍ കുറെയേറെ കൃത്യവും സമയബന്ധിതവും സമീപനങ്ങള്‍ ജനസൗഹൃദപരവുമാണ്. വ്യവസ്ഥകള്‍ സൃഷ്ടിക്കുന്ന സംസ്‌കാരങ്ങളാണ് സര്‍ക്കാര്‍ ഓഫീസുകളെയും ജീവനക്കാരെയും വഷളാക്കുന്നത്. അഴിമതിക്കും അനീതിക്കുമെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ് സര്‍വീസ് സംഘടനകളധികവും. എന്നിട്ടും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനോ അഴിമതി രഹിതമാക്കാനോ ഫലപ്രദമായ ശ്രമങ്ങളുണ്ടാകുന്നതായി കേട്ടുകേള്‍വിയില്ല. തൊഴിലവകാശ സമര യൂനിയനുകള്‍ പലപ്പോഴും ഇത്തരം വ്യവസ്ഥിതികളെയും സംരക്ഷിക്കുന്നു.
പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി അധ്യാപകരുടെ ഭാഗത്തുനിന്നും സമീപകാലത്ത് ഉണര്‍ന്ന പ്രവര്‍ത്തനമുണ്ടായി. അധ്യാപക യൂനിയനുകളും സജീവമായി ഇടപെട്ടു. മികച്ച ഫലമാണ് ഈ മാറ്റം നാടിന് നേടിത്തന്നത്. പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ച ജോലി നഷ്ടപ്പെടലിന്റെ യാഥാര്‍ഥ്യത്തിലേക്കു വഴുതിയപ്പോഴുണ്ടായ തിരിച്ചറിവും ഉണര്‍വും കൂടിയായിരുന്നു ഇത്. അഥവാ നിലനില്‍പ്പ് ഭീഷണികള്‍ ക്രിയാത്മകവും സൃഷ്ടിപരവുമായ കര്‍മമണ്ഡലങ്ങളെ വികസിപ്പിച്ചെടുക്കുമെന്ന യാഥാര്‍ഥ്യമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് കണ്ടത്.

കുട്ടികള്‍ക്ക് എ ഫോര്‍ പേപ്പര്‍ വാങ്ങാനായി കയറിയത് ഒരു പോലീസ് സ്‌റ്റേഷനടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ്. പേപ്പര്‍ വാങ്ങി പണം കൊടുക്കുമ്പോള്‍ കാഷ്യര്‍ ചോദിച്ചു, എന്തു പറ്റി എന്താ കേസ്. മനസ്സിലായില്ലെന്ന ഭാവത്തില്‍ നിന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, സ്‌റ്റേഷനിലേക്കല്ലേ എന്തേലും കേസില്‍ പെട്ടോ എന്നു ചോദിച്ചതാണെന്ന്. വീണ്ടും വ്യക്തമാകാതെ നിന്നപ്പോള്‍ വിശദീകരണം, സ്‌റ്റേഷനില്‍ കേസുകളില്‍ പെട്ട് വരുന്നവരെക്കൊണ്ട് പോലീസുകാര്‍ പേപ്പറും കാര്‍ബണും പേനയും സ്റ്റേഷനറി സാധനങ്ങളുമൊക്കെ വാങ്ങിപ്പിക്കാറുണ്ട് എന്ന്. ബില്ലും കൊടുത്തുവിടണമെന്നാണ് നിര്‍ദേശം. കുറ്റകൃത്യം തടയാനുള്ള പോലീസ് സേനയില്‍ വരെ സമീപകാല ചിത്രം ഇതാണ്. സ്റ്റേഷനുകളിലെ സ്റ്റേഷനറി ചെലവു കുറക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശിച്ച അലിഖിത മാര്‍ഗമാണോ എന്നറിയില്ല. പക്ഷേ, ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനത്തോടുള്ള മനോഭാവങ്ങളില്‍ വിപരീത നിര്‍മിതികള്‍ പോലീസ് സ്‌റ്റേഷനുകള്‍ വരെ ഉണ്ടാക്കുന്നു.
മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലും സ്ഥിതി വിഭിന്നമല്ല. ഇതൊന്നും കേരളം തീരെ ചര്‍ച്ച ചെയ്യാത്തതോ ശ്രദ്ധയില്‍ കൊണ്ടു വരാത്തതോ ആയ കാര്യങ്ങളേയല്ല. എപ്പോഴും ചര്‍ച്ചകളിലും അനുഭവങ്ങളിലും നിറഞ്ഞു നില്‍ക്കുകയും ദിനംപ്രതി ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അര്‍ബുദമാണ്. പരിഷ്‌കൃത സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരേണ്ട കാലം കഴിഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗതലത്തില്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥരാണ് പബ്ലിക് സര്‍വന്റ് എന്നു സ്വയം വിശേഷിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത്. എന്നാല്‍ നമ്മുടെ പഞ്ചായത്ത്, വില്ലേജ് ജീവനക്കാര്‍ക്ക് പബ്ലിക് സര്‍വന്റ് എന്നു സ്വയം പറയാനോ പൊതുജനം പറയുന്നത് കേള്‍ക്കാനോ ഇഷ്ടമുണ്ടാകുമോ? അഥവാ തങ്ങള്‍ പൊതുജനങ്ങളുടെ വേലക്കാരാണെന്നതിലെ താത്വിക തലം മനസ്സിലാക്കാനെങ്കിലും മാനസിക വളര്‍ച്ചയെത്തിയവരാണോ നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍? അലങ്കാരത്തിനു വേണ്ടിയെങ്കിലും ജനസേവനം എന്നും ജനസേവകര്‍ എന്നും സ്വയം പറയാന്‍ മടിയില്ലാത്തവരാണ് രാഷ്ട്രീയക്കാര്‍. അത്രപോലും പൊതുജന സേവകരാണ് ഞങ്ങള്‍ എന്നു വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കാത്ത തലക്കനത്തിന്റെ ആളുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍.
തിരുത്ത് ആഗ്രഹിക്കുന്നവരും ആത്മാര്‍ഥമായി സേവനം ചെയ്യുന്നവരുമായ അപൂര്‍വം ഉദ്യോഗസ്ഥരിലൂടെ മാത്രം ഒരു നാടിനു മുന്നോട്ടു പോകുക സാധ്യമല്ല. മന്ത്രി ജി സുധാകരനെപ്പോലെ നിലപാടുകളില്‍ കാര്‍ക്കശ്യങ്ങളുള്ള മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും അതിനോട് ഒട്ടി നില്‍ക്കുന്ന പൊതുജനങ്ങളുമുണ്ടായാല്‍ മറ്റൊരു കാലം വരും.