ജുനൈദ് വധം: പ്രതിയെ കുറിച്ച് സൂചനയില്ലെന്ന് പോലീസ്

Posted on: July 3, 2017 10:25 pm | Last updated: July 3, 2017 at 10:25 pm

ബല്ലബ്ഗഢ്: ട്രെയിനില്‍ 16കാരനായ ജുനൈദ് ഖാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു പ്രതിയെ തിരിച്ചറിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഹരിയാന പോലീസ്. കൊലപാതകിയിലേക്കുള്ള എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും സംസ്ഥാന പോലീസ് വ്യക്തമാക്കി.
ജുനൈദിനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതിന് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മൂന്ന് പേര്‍ ബൈക്കില്‍ പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. ഇവരില്‍ ഒരാളാകാം കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു നേരത്തെ പോലീസിന്റെ വാദം. ഇതിന് പിന്നാലെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കൊലപാതകിക്കൊപ്പം ഉണ്ടായിരുന്നവര്‍ എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവരില്‍ ഒരാള്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.
ജുനൈദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാക്ഷിയാകാന്‍ ആരെയും ലഭിച്ചില്ലെന്നതാണ് പോലീസിനെ കുഴക്കുന്നത്. ജുനൈദിനൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ ഹബീബ്, മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവര്‍ നല്‍കുന്ന വിവരം മാത്രമാണ് സംഭവത്തെ കുറിച്ച് പോലീസിനുള്ളത്. ദേശവിരുദ്ധരെന്നും മാട്ടിറച്ചി ഭക്ഷിക്കുന്നവര്‍ എന്നും ആക്രോശിച്ചാണ് തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് ഇവര്‍ പോലീസില്‍ പറഞ്ഞിട്ടുള്ളത്.