ജബല്‍ ജൈസിന്റെ മനോഹാരിത ഇനി ഉച്ചിയില്‍ നിന്നും

Posted on: July 3, 2017 10:46 pm | Last updated: July 3, 2017 at 10:46 pm

റാസ് അല്‍ ഖൈമ: ജബല്‍ െൈജസിന്റെ ഹൃദയ ശൃംഗത്തില്‍ നിന്ന് ഇനി കാഴ്ചകളുടെ പുതു ജാലകങ്ങള്‍. യു എ ഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിരകളായ ജബല്‍ ജൈസിന്റെ ഉയര്‍ന്ന ഭാഗത്തു നിന്നാണ് കൂടുതല്‍ കാഴ്ചകളുടെ വാതായനങ്ങള്‍ അധികൃതര്‍ തുറന്നിടുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 1,934 മീറ്റര്‍ ഉയര്‍ച്ചയിലാണ് ജബല്‍ ജൈസ്.

റാസ് അല്‍ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (ആര്‍ എ കെ ടി ഡി എ) ഒബ്‌സെര്‍വഷന്‍ ഡെസ്‌ക് ഉള്‍പ്പെടുന്ന അല്‍ ഹജര്‍ മല നിരകളുടെയും വിവിധ പക്ഷി മൃഗാദികളുടെയും ജീവിത ആവാസ വ്യവസ്ഥയും അടുത്തറിയുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഒമാന്‍ രാജ്യാര്‍തിര്‍ത്തിയോട് ചേര്‍ന്നുള്ളതാണ് ജബല്‍ ജെയ്ഷ് ഗിരി ശൃംഗങ്ങള്‍. പര്‍വതാരോഹകര്‍ക്കും മോട്ടോര്‍ സൈക്കിള്‍ സവാരികാര്‍ക്കും പ്രധാന വിശ്രമ കേന്ദ്രമായി പുതിയ ഒബ്‌സര്‍വേഷന്‍ ഡസ്‌ക് മാറും.
യു എ ഇയിലെ മറ്റിടങ്ങളിലേതിനെ അപേക്ഷിച്ചു 10 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവ് കുറവില്‍ ശുദ്ധമായ കാലാവസ്ഥയില്‍ പര്‍വത നിരകളില്‍ നിന്നുള്ള കാഴ്ചകള്‍ ആസ്വദിക്കാനുള്ള അവസരം സന്ദര്‍ശകര്‍ക്കായി ഒരുങ്ങുന്നുണ്ട്. വിവിധ വിഭവങ്ങളടങ്ങിയ ഭക്ഷണ വിതരണ ട്രക്കുകള്‍, പരിപാടികള്‍ നടത്തുവാനുള്ള വേദി, പിക്‌നിക് ഏരിയ, സന്ദര്‍ശകര്‍ക്ക് വിപുലമായ സൗകര്യത്തോട് കൂടിയ നടപ്പാതകള്‍ എന്നിവ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ജബല്‍ ജൈഷിനോട് ചേര്‍ന്നുള്ള അതി മനോഹരമായ തീരത്തെ വീക്ഷിക്കുവാനുള്ള സൗകര്യം, പ്രഭാതത്തിലും സന്ധ്യാ സമയങ്ങളിലും ഉദയാസ്തമയ വേളകളില്‍ ആകാശത്തിലെ വര്‍ണ വ്യതിയാനങ്ങള്‍ ആസ്വദിക്കാനുള്ള അവസരം എന്നിവ മികച്ച രീതിയില്‍ ഒരുക്കിയിട്ടുണ്ട്. ആര്‍ എ കെ ടി ഡി എ സി ഇ ഒ ഹൈതം മതാര്‍ പറഞ്ഞു.

ഒബ്‌സര്‍വേഷന്‍ ഡെക്കിനോട് ചേര്‍ന്ന് 1,300 മീറ്റര്‍ ചുറ്റളവില്‍ മനോഹരമായ പൂന്തോട്ടവും ഈ മേഖലയിലേക്കുള്ള ഊര്‍ജ വിതരണ ആവശ്യങ്ങള്‍ക്ക് ഹരിതോര്‍ജ ഉറവിടങ്ങള്‍ കേന്ദ്രത്തിനോട് ചേര്‍ന്ന് ഒരുക്കുന്നുണ്ട്.
റാസ് അല്‍ ഖൈമയുടെ വിഷന്‍ 2019 ടൂറിസം പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷം അവസാനത്തോടെ 10 ലക്ഷം സന്ദര്‍ശകരെയാണ് മേഖലയിലേക്ക് ആകര്‍ഷിക്കുവാന്‍ ലക്ഷ്യമിടുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങള്‍, വിവിധ സാഹസികോല്ലാസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രത്തിന്റെ ഭാഗമാകുന്നുണ്ട്. ട്രക്ക് സവാരിക്കും, സീ പ്ലെയിന്‍ ഉല്ലാസ യാത്ര സൗകര്യങ്ങള്‍ എന്നിവ പ്രമുഖ യാത്രാ വിവരണ പോര്‍ട്ടലായ ട്രിപ്പ് അഡ്വൈസറില്‍ മേഖലയിലെ മുഖ്യ ശ്രേണിയില്‍ ഇടം നേടിയിട്ടുണ്ട്.