ഖത്വറിലെ വസ്തു വിപണിക്ക് 2019 വരെ എട്ട് ശതമാനം വളര്‍ച്ച

Posted on: July 3, 2017 6:29 pm | Last updated: July 3, 2017 at 6:29 pm

ദോഹ: രാജ്യത്തെ വസ്തു വിപണി 2019 വരെ എട്ട് ശതമാനം നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പുതിയ റിപ്പോര്‍ട്ട്. നിര്‍മാണ മേഖലയാണ് പമരാവധി വളര്‍ച്ചക്ക് സംഭാവനകള്‍ അര്‍പ്പിക്കുകയെന്ന് എസ് എ കെ ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെ പ്രതിമാസ വസ്തു വിപണി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖത്വറിലെ വസ്തുവിപണി മിഡില്‍ ഈസ്റ്റില്‍ വേഗത്തില്‍ വളരുന്ന മേഖലയാണ്. നിക്ഷേപകരുടെ ഇഷ്ട മേഖലയുമാണ്. ലാഭവുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ ഇല്ലാതാക്കാന്‍ പോന്നതാണ് പ്രാഥമിക നിക്ഷേപ മൂല്യം. വര്‍ഷങ്ങളായി പ്രതീക്ഷിക്കുന്ന ശരാശരി ലാഭത്തില്‍ കൃത്യത വരുത്തിയിട്ടുണ്ട് രാജ്യത്തെ വസ്തുവിപണി. മേഖലയുടെ സ്ഥിരതയെയും ദൃഢതയെയുമാണ് ഇത് കാണിക്കുന്നത്.

റമസാന്‍, വേനലവധിയുടെ തുടക്കം ഉള്‍പ്പെടെയുള്ള പ്രത്യേക കാരണങ്ങളാലാണ് കഴിഞ്ഞ മാസത്തെ വസ്തു ഇടപാടുകള്‍ പരിമിതമായത്. ഈ വര്‍ഷത്തെ അഞ്ച് മാസത്തെ മൊത്തം പ്രകടനം ഗുണപ്രദമാണ്. രണ്ടാം പകുതിയിലും വളര്‍ച്ച തുടരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. മെയില്‍ മൊത്തം വസ്തു ഇടപാടുകളുടെ മൂല്യം 250 കോടി ഖത്വര്‍ റിയാലാണ്. ഏപ്രിലിനേക്കാള്‍ 10.7 ശതമാനം കുറവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം അധികവുമാണ്.

ഖത്വറിലെ പരമ്പരാഗത നിക്ഷേപകര്‍ വസ്തു വിപണിയില്‍ പണമിറക്കാനാണ് താത്പര്യപ്പെടുന്നത്. വസ്തു വിപണി അവസരങ്ങള്‍ തേടുന്ന നിക്ഷേപകര്‍ നിരവധിയാണ്. പ്രധാന വികസന പദ്ധതികളിലും മറ്റും സര്‍ക്കാര്‍ ധനവ്യയം നടത്തുന്നതാണ് പ്രധാന കാരണം. പാര്‍പ്പിട കേന്ദ്രങ്ങളും ചില്ലറ വില്‍പ്പന യൂനിറ്റുകളും ധാരാളം ലഭ്യമായതിനാല്‍ വിതരണം, ആവശ്യം ഘടകം ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഓഫീസ് സ്ഥലം കഴിഞ്ഞ വര്‍ഷം മുതല്‍ വളര്‍ന്ന് 6.2 ലക്ഷം ചതുരശ്ര മീറ്റര്‍ ആയിട്ടുണ്ട്. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്ന് ലക്ഷം ചതുരശ്ര മീറ്റര്‍ അധികമാണിത്. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് പുതിയ കെട്ടിടങ്ങള്‍ക്ക് പ്രത്യേകിച്ച് വെസ്റ്റ് ബേയില്‍ വലിയ ആവശ്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പുതിയ കെട്ടിടങ്ങളില്‍ അധികവും മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്തത്.