Connect with us

National

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി 'ജയ്ശ്രീറാം' പറയിപ്പിച്ചു: അപലപിച്ച് ബീഹാര്‍ മുഖ്യമന്ത്രി

Published

|

Last Updated

പാറ്റ്‌ന: എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി “ജയ്ശ്രീറാം” എന്ന് പറയിപ്പിച്ച സംഭവത്തെ അപലപിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രംഗത്ത്. എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തകനായ അസ്ഹറുദ്ദീന്‍ മുന്നെ ഭാരതിക്കാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടായത്.

കഴിഞ്ഞമാസം 28നാണ് സംഭവം നടന്നത്. അസ്ഹറുദ്ദീന്‍ കുടുംബത്തോടൊപ്പം സമസ്തിപൂര്‍ ദേശീയപാതയിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ കാറിന് കുറുകെ ട്രക്ക് വിലങ്ങനെയിട്ട് ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കാറില്‍ 91 വയസായ പിതാവും 84 വയസായ മാതാവും ഭാര്യയും കുട്ടികളുമാണ് ഉണ്ടായിരുന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയതിന് ശേഷം അഞ്ചംഗ സംഘം ആയുധങ്ങളുമായി അസ്ഹറുദ്ദീന്റെ കാര്‍ വളയുകയായിരുന്നു. തുടര്‍ന്ന് “ജയ്ശ്രീറാം” പറയണമെന്ന് നിര്‍ബന്ധിച്ചു. ഇപ്രകാരം ചെയ്തില്ലെങ്കില്‍ ആക്രമിക്കുമെന്നും,കാറ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. രക്ഷപ്പെടാന്‍ വേണ്ടി ആക്രമികള്‍ പറഞ്ഞുപോലെ ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ വിശദമാക്കി അസ്ഹറുദ്ദീന്‍ ട്വീറ്റ് ചെയ്തു. ഒട്ടേറപേര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തി.

ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ ബല്ലാബ്ഗഡിലേക്ക് ട്രെയിനില്‍ പോവുകയായിരുന്നു മതവിദ്യാര്‍ഥി ഹാഫിള് ജുനൈദിനെ ഇരുപതോളം പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. പശുവിറച്ചി തിന്നുന്നവരെന്നും മുസ്‌ലിംകളെന്നും അധിക്ഷേപിച്ചാണ് ഇവര്‍ക്കു നേരെ ആക്രമണം നടത്തിയത്. പശുസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊലപ്പെടുത്തുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിക്കുകയുംചെയ്തു. പ്രധാനമന്ത്രി പ്രസ്താവന നടത്തി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പ് ജാര്‍ഖണ്ഡിലും യുവാവിനെ പശുസംരക്ഷണത്തിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തി.