Connect with us

Kannur

പഞ്ചായത്തുകളില്‍ പരിസ്ഥിതി കാവല്‍ സംഘം

Published

|

Last Updated

കണ്ണൂര്‍: പ്രാദേശിക തലത്തിലെ പരിസ്ഥിതി ശോഷണം ഒഴിവാക്കാന്‍ പരിസ്ഥിതി വകുപ്പ് നേരത്തെ പഞ്ചായത്തുകളില്‍ രൂപവത്കരിക്കാന്‍ ലക്ഷ്യമിട്ട ജൈവവൈവിധ്യ പരിപാലന സമിതികളെ പുനരുജ്ജീവിപ്പിക്കുന്നു.

നാല് വര്‍ഷം മുമ്പ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് കീഴില്‍ നടപ്പാക്കാന്‍ ആവിഷ്‌കരിക്കപ്പെട്ട ജൈവവൈവിധ്യ പരിപാലസമിതികളുടെ രൂപവത്കരണം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അടിയന്തിരമായി പൂര്‍ത്തികരിക്കാന്‍ നടപടി തുടങ്ങി. 1000 തദ്ദേശസ്ഥാപനങ്ങളില്‍ ഇതിനകം പരിപാലനസമിതികള്‍ രൂപവത്കരിച്ചു. പ്രാദേശിക പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിസ്ഥിതി നശീകരണ പ്രശ്‌നങ്ങളും കണ്ടെത്തി അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് പ്രാദേശിക പരിസ്ഥിതി കാവല്‍സംഘം എന്ന നിലയിലുള്ള പരിപാലന സമിതിയുടെ മുഖ്യ ലക്ഷ്യം.
പ്രാഥമിക പരിസ്ഥിതി പരിപാലനം ജനകീയമായി നടപ്പാക്കുക, പാറമട, മണല്‍ ഖനനം, മുന്‍കൂര്‍ പരിസ്ഥിതി അനുമതി ലഭിച്ച വികസന പദ്ധതികള്‍ എന്നിവ നിയമം ലംഘിക്കുന്ന സന്ദര്‍ഭങ്ങളില്‍ അധികാരസ്ഥാനങ്ങളെ അറിയിക്കുക, ജലസ്രോതസ്സുകളുടെ സ്വാഭാവിക സംരക്ഷണം ഉറപ്പാക്കുക, പാരസിഥിതിക ശോഷണം സംഭവിച്ചവയുടെ പുനരുജ്ജീവനത്തിന് ജനകീയ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയവയും കാവല്‍സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. പ്രഥമിക പരിസ്ഥിതി സംരക്ഷണ നടപടികള്‍ ഗ്രാമസഭയില്‍ അവതരിപ്പിച്ച് തദ്ദേശ സ്ഥാപനത്തിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നു തുടങ്ങി ഭരണപരമായ കാര്യങ്ങളുള്‍പ്പടെ പരിപാലന സമിതി ഏറ്റെടുത്ത് നടത്തും.

പ്രവര്‍ത്തനങ്ങള്‍ക്കെല്ലാമുള്ള സാങ്കേതിക പിന്തുണ ജൈവവൈവിധ്യബോര്‍ഡ് ജില്ലാതലത്തില്‍ രൂപവത്കരിച്ച സാങ്കേതിക സഹായ വിഭാഗം നല്‍കും.
പരിപാലന സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുകയെന്നതാണ് ആദ്യ നടപടി. പഞ്ചായത്തുകളിലെ കുന്നും പുഴയും സസ്യങ്ങള്‍, ജന്തുക്കള്‍, മറ്റു നാട്ടറിവുകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളുമുള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ തയ്യാറാക്കുന്നത്. സംസ്ഥാനത്ത് 85 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും രജിസ്റ്ററുകള്‍ തയ്യാറായിട്ടുണ്ടെന്ന് ജൈവവൈവിധ്യ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

തദ്ദേശസ്ഥാപനത്തിന്റെ പ്രസിഡന്റോ സെക്രട്ടറിയോ ചെയര്‍മാനായുള്ളതാണ് പരിപാല സമിതികളുടെ ഘടന. അഞ്ച് വര്‍ഷം കാലാവധിയുള്ള സമിതിയില്‍ തദ്ദേശ ഭരണസമിതി നിര്‍ദേശിക്കുന്ന ആറ് അംഗങ്ങള്‍ ഉള്‍പ്പെടെ എട്ട് അംഗങ്ങളാണുണ്ടാകുക.
നാട്ടുവൈദ്യന്മാര്‍, കര്‍ഷകര്‍, മത്സ്യബന്ധനം നടത്തുന്നവര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഗവേഷകര്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പ്രാതിനിധ്യമുള്ള തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ താമസിക്കുന്നവരായിരിക്കും അംഗങ്ങള്‍. വനം-വന്യജീവി, കൃഷി, മൃഗ സംരക്ഷണം, ഫിഷറീസ്, വിഭ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥ പ്രതിനിധികളും എം എല്‍ എയും എം പിയുമൊക്കെ പരിപാലന സമിതിയുടെ ക്ഷണിതാക്കളായിരിക്കും.
സംസ്ഥാനത്ത് ഹരിതകേരളം പരിപാടിയടക്കമുള്ളവ കാര്യക്ഷമമായി നടത്താനാണ് ജൈവവൈവിധ്യ പരിപാലന സമിതി സജീവമാക്കുന്നതിലൂടെ ജൈവവൈവിധ്യ ബോര്‍ഡ് ഉദ്ദേശിക്കുന്നത്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest