മാധ്യമ പ്രവര്‍ത്തകനെതിരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ കൈയേറ്റം

Posted on: July 3, 2017 12:41 am | Last updated: July 2, 2017 at 10:44 pm

പാറ്റ്‌ന: സംഘ്പരിവാര്‍ സംഘടനകളിലെ അക്രമികള്‍ നിയമം കൈയിലെക്കുന്നത് തുടരുന്നു. ബീഹാറില്‍ മുസ്‌ലിം മാധ്യമ പ്രവര്‍ത്തകനെയും കുടുംബത്തെയും തടഞ്ഞ് നിര്‍ത്തി ഭീഷണി മുഴക്കുകയും ‘ജയ്ശ്രീറാം’ വിളിപ്പിക്കുകയും ചെയ്തതാണ് പുതിയ സംഭവം. എന്‍ ഡി ടി വിയില്‍ മാധ്യമ പ്രവര്‍ത്തകനായ മുന്നെ ഭാരതിയെയും കുടുംബത്തെയുമാണ് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചത്. കാര്‍ കത്തിക്കുമെന്നായിരുന്നു അക്രമികളുടെ ഭീഷണി. ജൂണ്‍ 28ന് നടന്ന സംഭവം ഇന്നലെ ബി ബി സി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്.

വൈശാലി ജില്ലയിലെ കാര്‍ണേജി ഗ്രാമത്തില്‍ നിന്ന് സമസ്തിപൂര്‍ ജില്ലയിലെ റഹീമാബാദിലേക്ക് മാതാപിതാക്കള്‍ക്കും ഭാര്യക്കും രണ്ട് കുട്ടികള്‍ക്കൊപ്പം കാറില്‍ പോകുകയായിരുന്നു മുന്നെ. മുസാഫര്‍പൂര്‍ ദേശീയപാത 28ല്‍ എത്തിയപ്പോള്‍ ടോള്‍ബൂത്തിനടുത്ത് വലിയ ട്രാഫിക് കുരുക്ക് കണ്ടു. വഴി തടഞ്ഞ് ഒരു ട്രക്ക് പാര്‍ക്ക് ചെയ്തതാണ് കുരുക്കിന് കാരണമെന്ന് മുന്നെയുടെ ശ്രദ്ധയില്‍പ്പെട്ടു. ദേശീയപാതയിലെ ടോള്‍ ബൂത്തിന് സമീപം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ട്രക്ക് പാര്‍ക്ക് ചെയ്തിരിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചതോടെ കൂടുതല്‍ പേര്‍ വന്ന് കാര്‍ വളയുകയായിരുന്നു.

കാര്‍ പിറകോട്ടെടുത്ത് വേഗം സ്ഥലം വിട്ടോളാനായിരുന്നു ആക്രോശം. കുടുംബത്തിന്റെ സുരക്ഷയെ കരുതി അവരെ അനുസരിക്കാന്‍ പത്രപ്രവര്‍ത്തകന്‍ തീരുമാനിച്ചു. കാവി വേഷധാരികളായ കൂടുതല്‍ പേര്‍ ആയുധങ്ങളുമായി പാഞ്ഞടുക്കുന്നതും അദ്ദേഹം കണ്ടു. ഇതോടെ കാര്‍ പിറകോട്ട് എടുക്കവേ അക്രമികള്‍ അകത്തിരിക്കുന്നവരെ ശ്രദ്ധിച്ചുവെന്ന് മുന്നെ പറയുന്നു. താടി വെച്ച പിതാവിനെയും പര്‍ദയണിഞ്ഞവരെയും കണ്ടതോടെ അക്രമികളുടെ മട്ട് മാറി. ജയ്ശ്രീറാം വിളിച്ചില്ലെങ്കില്‍ കാര്‍ കത്തിക്കുമെന്നായി ഭീഷണി. ഗത്യന്തരമില്ലാതെ വഴങ്ങിയെന്നും പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.