Connect with us

National

പശുസംരക്ഷക ഭീകരത: ന്യായീകരണവുമായി അമിത് ഷാ

Published

|

Last Updated

ഗോവ: രാജ്യത്ത് നടക്കുന്ന പശുസംരക്ഷക ഭീകരതക്കെതിരെ വിമര്‍ശം ഉയരുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ ശക്തമായി ന്യായീകരിച്ചും മുന്‍ യു പി എ സര്‍ക്കാറുകളെ കടന്നാക്രമിച്ചും ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ കൂടുതല്‍ അരങ്ങേറിയത് മുന്‍ സര്‍ക്കാറിന്റെ കാലത്താണെന്നും അന്നാരും പ്രതിഷേധവുമായി വന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. മനുഷ്യരെ കൊല്ലുന്ന സംഭവങ്ങളെ താരതമ്യം ചെയ്യാനോ ന്യായീകരിക്കാനോയില്ല. എന്നാല്‍, വസ്തുത ഗൗരവമായി കാണണം. 2011ലും 2012ലും 2013ലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. അത് ആരും കാണുന്നില്ല. എന്‍ ഡി എ അധികാരത്തില്‍ വന്ന ശേഷം നടന്ന മൊത്തം കൊലപാതകങ്ങളേക്കാള്‍ അന്ന് ഓരോ വര്‍ഷവും നടന്നു- പ്രൊഫഷനലുകള്‍ക്കായുള്ള സമ്മേളനത്തിന് ശേഷം അമിത് ഷാ പറഞ്ഞു. രാജ്യത്ത് കടുത്ത ഭയം നിലനില്‍ക്കുന്നവെന്ന ആരോപണം ശരിയല്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ഭീകരതക്കെതിരെ കൃത്യമായ നടപടി സ്വകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളിലൊന്നും അറസ്റ്റ് നടന്നിട്ടില്ല എന്ന് നിങ്ങള്‍ക്കു പറയാന്‍ സാധിക്കുമോ എന്ന് അദ്ദേഹം മറു ചോദ്യമുയര്‍ത്തി. മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ട സമയത്ത് ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ഭരണമായിരുന്നു. ക്രമസമാധാനം സംസ്ഥാന വിഷയമാണ്. യഥാര്‍ഥത്തില്‍ ഈ വിഷയത്തില്‍ ഉത്തരവാദിത്വം സമാജ്‌വാദി പാര്‍ട്ടിക്കായിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ ഡല്‍ഹിയില്‍ മോദി സര്‍ക്കാറിനെതിരായാണ് നടന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.