ഗുണമേന്മയില്ലാത മരുന്നുകളുടെ വ്യാപനം; വിമാനത്താവളങ്ങളില്‍ ഇനി നിരീക്ഷണയന്ത്രം

Posted on: July 2, 2017 4:08 pm | Last updated: July 2, 2017 at 4:08 pm

ദുബൈ: രാജ്യത്തേക്കു ഗുണമേന്മ ഇല്ലാത്തതും അനധികൃതമായതുമായ മരുന്നുകളുടെ കടത്തു തടയുന്നതിനായി വിമാനത്താവളങ്ങളില്‍ പുതിയ നിരീക്ഷണ യന്ത്രങ്ങള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ഉന്നത സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ട്രൂസ്‌കാന്‍ ആര്‍എം അനലൈസര്‍ ഉപകരണമാണ് ഇതിനായി സ്ഥാപിക്കുക.
ഗുണമേന്മയില്ലാത്ത മരുന്നുകളുടെ വ്യാപനം തടഞ്ഞു ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യ പരിചരണ രംഗമൊരുക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്ത് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണമേന്മ പരിശോധിക്കുന്നതിന് നിരീക്ഷണ സംഘത്തെ സഹായിക്കുന്നതിനും ഉപകരണത്തിന് കഴിയും. ഇതിനായി പരിശോധനാ സംഘത്തിന്റെ പക്കല്‍ ഉപകരണങ്ങള്‍ എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ഇത്തരം ഉപകരണങ്ങളുടെ പരിഷ്‌ക്കരിച്ച രൂപമാണ് വിമാനത്താവളങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
മികച്ച ഗുണമേന്മയുള്ള മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ലഭ്യത രാജ്യത്ത് കൂടുതല്‍ ഉറപ്പ് വരുത്തുന്നതിനാണ് തങ്ങളുടെ ലക്ഷ്യം. അതിന് അന്താരാഷ്ട്ര നിലവാരങ്ങളുടെ കണിശത രാജ്യത്ത് പാലിച്ചു ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമല്ലാത്ത വിധത്തില്‍ മരുന്ന് ഉത്പന്നങ്ങളുടെ വ്യാപനം ഉറപ്പ് വരുത്തുകയാണ് മന്ത്രാലയം ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയത്തിന് കീഴിലെ പബ്ലിക് പോളിസി ആന്‍ഡ് ലൈസന്‍സിങ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ ആമിന്‍ ഹുസൈന്‍ അല്‍ ആമിരി പറഞ്ഞു.
നിലവില്‍ കര, വ്യോമ, ജല ഗതാഗതം വഴി രാജ്യത്തേക്ക് എത്തുന്ന എല്ലാ സംവിധാനങ്ങളെയും നിരീക്ഷിക്കുന്നതിന് മന്ത്രാലയത്തിന് കീഴിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഉപകാരണങ്ങളിലൂടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപ ഭാവിയില്‍ രാജ്യത്തേക്ക് വരുന്ന എല്ലാ ജലയാനങ്ങളെയും നിരീക്ഷിക്കുന്ന വിധത്തില്‍ ചെറുതും വലുതുമായ എല്ലാ പോര്‍ട്ടുകളിലും ഉപകരണങ്ങള്‍ സ്ഥാപിക്കും. ഇതിലൂടെ രാജ്യത്തേക്ക് മയക്ക് മരുന്നിന്റെ ഒഴുക്ക് തടയുകയാണ് ലക്ഷ്യം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബുദാബി, അല്‍ ഐന്‍, ദുബൈ വിമാനത്താവളങ്ങളിലും അബുദാബി പോര്‍ട്ടിലും രാജ്യ അതിര്‍ത്തികളിലും ഉപകരണങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പ് വരുത്തിയിട്ടുണ്ട്. അദ്ദേഹം വിശദീകരിച്ചു.
ആഴ്ചകള്‍ ഇടവിട്ടും മാസങ്ങളുടെ വ്യത്യാസങ്ങളിലും ഗുണമേന്മയില്ലാത്ത മരുന്നുല്‍പന്നങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകുമെന്ന മുന്നറിയിപ്പുകള്‍ മന്ത്രാലയം പുറപ്പെടുവിക്കാറുണ്ട്.