കെ.കെ.വേണുഗോപാലിനെ അറ്റോര്‍ണി ജനറലായി നിയമിച്ചു

Posted on: June 30, 2017 8:18 pm | Last updated: July 1, 2017 at 11:12 am

ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാലിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഭരണഘടനാവിദഗ്ദ്ധന്‍ എന്ന നിലയില്‍ പേരെടുത്ത കെ.കെ.വേണുഗോപാലിന്റെ നിയമന ശുപാര്‍ശയില്‍ രാഷട്രപതി പ്രണബ് മുഖര്‍ജി ഒപ്പു വച്ചു. നിലവിലെ അറ്റോര്‍ണി ജനറലായ മുകുള്‍ റോതഗി സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടപ്പിച്ച സാഹചര്യത്തിലാണ് 86കാരനായ വേണുഗോപാലിനെ ഈ സ്ഥാനത്ത് നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ അഡ്വക്കറ്റ് ജനറല്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മുകുള്‍ റോത്തഗി നന്നായി അഭിഭാഷകവൃത്തിയിലേക്ക് തിരിച്ചു പോകാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചതോടെയാണ് പകരക്കാരനെ കണ്ടെത്താന്‍ കേന്ദ്രനിയമമന്ത്രാലയം ശ്രമങ്ങളാരംഭിച്ചത്.

അഭിഭാഷകരംഗത്ത് അരനൂറ്റാണ്ടിലേറെ കാലത്തെ അനുഭവപരിചയമുള്ള കെകെ വേണുഗോപാല്‍ ഭരണഘടനാ നിയമവിദഗ്ദ്ധന്‍ എന്ന നിലയിലാണ് നിയമരംഗത്ത് പ്രശസ്തനായത്. ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്ധ്വാനിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് വേണുഗോപാലായിരുന്നു. മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.അറ്റോര്‍ണി ജനറലായി സ്ഥാനമേല്‍ക്കുന്ന വേണുഗോപാലിന് കന്നുകാലി വില്‍പന നിയന്ത്രണം, മുത്തലാഖ്, ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കല്‍ തുടങ്ങിയ നിര്‍ണായകമായ കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി വാദിക്കേണ്ടി വരും