തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ പിസി ജോര്‍ജിനെതിരെ കേസ്

Posted on: June 30, 2017 3:07 pm | Last updated: June 30, 2017 at 3:07 pm

മുണ്ടക്കയം: മുണ്ടക്കയത്ത് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുത്തു. അസഭ്യം പറയല്‍,ഭീഷണിപ്പെടുത്തല്‍, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ മുണ്ടക്കയം എസ്‌ഐയാണ് കേസ് അന്വേഷിക്കുന്നത്. പിസി ജോര്‍ജിനെതിരെ ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തു.

മുണ്ടക്കയം ഹാരിസണ്‍ എസ്റ്റേറ്റില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എസ്‌റ്റേറ്റിനോട് ചേര്‍ന്ന് മണിമലയാര്‍ തീരത്ത് താമസിക്കുന്ന അമ്പേതോളം കുടുംബങ്ങള്‍ കമ്പനിയുടെ ഉടമസ്ഥതയിലെ തോട്ടഭൂമി കൈയേറിയെന്ന് ആരോപിച്ച് ബുധനാഴ്ച മാനേജ്‌മെന്റ് പ്രതിനിധികളും തോട്ടം തൊഴിലാളികളും ചേര്‍ന്ന് വേലി കെട്ടിയത് പൊളിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ തോട്ടത്തിലല്ല, വിവരാവകാശ നിയമപ്രകാരം പുറമ്പോക്കാണെന്ന് കണ്ടെത്തിയ സ്ഥലത്താണ് വേലി കെട്ടിയതെന്ന് കാണിച്ച് പുറമ്പോക്ക് നിവാസികള്‍ പിസി ജോര്‍ജിന് പരാതിനല്‍കി. ഇതിനെ തുടര്‍ന്നാണ് എംഎല്‍എ ഇന്നലെ സ്ഥലത്തെത്തിയത്. പുറമ്പോക്ക് നിവാസികളുമായി എംഎല്‍എ സംസാരിച്ചുകൊണ്ടിരിക്കെ അവിടെ കൂട്ടത്തോടെ തൊഴിലാളികളെത്തി തങ്ങള്‍ക്കെതിരെ എംഎല്‍എ സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചുവെന്ന് ആരോപിച്ച് ബഹളംവെക്കുകയും തൊഴിലാളികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തപ്പോള്‍ എംഎല്‍എ കൈയില്‍ സൂക്ഷിച്ച തോക്ക് തൊഴിലാളികള്‍കള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു.

പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെയാണ് തോക്കെടുത്തത്. കൈയിലുള്ളത് ലൈസന്‍സുള്ള തോക്കാണെന്നും വേണ്ടിവന്നാല്‍ വെടിയുതിര്‍ക്കാന്‍ മടിക്കില്ലെന്ന് പിസി ജോര്‍ജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.