ഖത്വര്‍ എയര്‍വേയ്‌സിന്റെ നിറത്തില്‍ മുങ്ങി എംപയര്‍ ബില്‍ഡിംഗ്‌

Posted on: June 30, 2017 2:45 pm | Last updated: June 30, 2017 at 2:45 pm

ദോഹ: അമേരിക്കന്‍ സര്‍വീസിന്റെ പത്താം വാര്‍ഷികത്തില്‍ ഖത്വര്‍ എയര്‍വേയ്‌സിന്റെ നിറത്തില്‍ മുങ്ങി ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്. അമേരിക്കയില്‍ നിന്ന് നൂറിലേറെ നഗരങ്ങളിലേക്ക് പ്രത്യേക ഓഫര്‍, സ്ഥിരം യാത്രക്കാര്‍ക്കുള്ള പ്രിവിലിജ് ക്ലബിന് ബോണസ് ക്യുമൈല്‍സ് അടക്കമുള്ള ഓഫറുകളും മറ്റ് പദ്ധതികളും കൊണ്ട് പത്താം വാര്‍ഷികം ആഘോഷിക്കാനാണ് ഖത്വര്‍ എയര്‍വേയ്‌സിന്റെ തീരുമാനം.

ലോകത്തെ പ്രധാന അംബരചുംബിയായ കെട്ടിടത്തില്‍ തങ്ങളുടെ നിറം പ്രദര്‍ശിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. അമേരിക്കയില്‍ തങ്ങളുടെ ഗുണാത്മക സാന്നിധ്യത്തിനും പിന്തുണക്കുമുള്ള യഥാര്‍ഥ തെളിവാണിത്. അമേരിക്കയിലെ യാത്രക്കാര്‍ക്ക് പത്ത് വര്‍ഷത്തെ ഗുണനിലവാരമുള്ള അന്താരാഷ്ട്ര സേവനങ്ങള്‍ നല്‍കിയെന്നാണ് വിശ്വസിക്കുന്നത്. അടുത്തുതന്നെ ലാസ് വേഗാസ്, സാന്‍ഫ്രാന്‍സിസ്‌കോ സര്‍വീസുകള്‍ ആരംഭിച്ച് യു എസില്‍ വളരാനും വികസിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2007 ജൂണ്‍ 28നാണ് ഖത്വര്‍ എയര്‍വേയ്‌സിന്റെ ആദ്യ വിമാനം അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് സര്‍വീസ് നടത്തിയത്. തൊട്ടടുത്ത മാസം വാഷിംഗ്ടണ്‍ സര്‍വീസ് തുടങ്ങി. കഴിഞ്ഞ വര്‍ഷം ലോസ്ആഞ്ചലസ്, ബോസ്റ്റണ്‍, അറ്റ്‌ലാന്റ സര്‍വീസ് തുടങ്ങി. ചിക്കാഗോ, ഡള്ളസ് ഫോര്‍ട്ട് വര്‍ത്ത്, ഹൂസ്റ്റണ്‍, മിയാമി, ഫിലഡല്‍ഫിയ തുടങ്ങി വടക്കന്‍ അമേരിക്കയിലെ പത്ത് നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. സാന്‍ഫ്രാന്‍സിസ്‌കോ, ലാസ് വേഗാസ് സര്‍വീസുകള്‍ അടുത്ത വര്‍ഷമാണ് തുടങ്ങുക. ആസ്‌ത്രേലിയയിലെ കാന്‍ബറ, തായ്‌ലാന്‍ഡിലെ ചിയാംഗ് മെയ്, കാമറൂണിലെ ദൗല, ഗബോണിലെ ലൈബ്രിവില്ലി, ബ്രസീലിലെ റിയോ ഡി ജനീറോ, ചിലിയിലെ സാന്റിയാഗോ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ഖത്വര്‍ എയര്‍വേയ്‌സ് തീരുമാനിച്ചിട്ടുണ്ട്.