Connect with us

Gulf

വിപണി കീഴടക്കി ഒമാന്‍ ജ്യൂസ്‌

Published

|

Last Updated

ദോഹ: ഒമാനില്‍ നിന്നുള്ള വിവിധയിനം ജ്യൂസുകള്‍ ഖത്വര്‍ വിപണി കീഴടക്കുന്നു. ഒമാനിലെ ഏറ്റവും വലിയ ഡയറി കമ്പനിയായ അസഫ്‌വ ഡയറി ആന്‍ഡ് ബിവറേജ് കമ്പനിയുടെതാണ് ജ്യൂസ് ഉത്പന്നങ്ങള്‍. 200മില്ലി, 500 മില്ലി, 1.7 ലിറ്റര്‍ തുടങ്ങി വിവിധ വലുപ്പത്തിലുള്ള പാക്കറ്റുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. ആപ്പിള്‍, ഓറഞ്ച്, പൈനാപ്പിള്‍, ലെമണ്‍, മിക്‌സഡ് ഫ്രൂട്ട്‌സ് തുടങ്ങി വിവിധയിനം ജ്യൂസുകളാണ് ഒമാനില്‍ നിന്ന് ഖത്വറിലെത്തിയത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രഷ് ഫ്രൂട്ട് ജ്യൂസിന്റെ വന്‍ശേഖരം ഒമാനില്‍ നിന്നെത്തിയതായി ഐന്‍ഖാലിദിലെ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള സെയില്‍സ്മാന്‍ മുഹമ്മദ് സിദ്ദീഖ് ദി പെനിന്‍സുല പത്രത്തോട് പറഞ്ഞു. നല്ല രുചിയും മിതമായ വിലയുമുള്ള ജ്യൂസുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സിദ്ദീഖ് പറഞ്ഞു. 200 മില്ലി ആപ്പിള്‍, പൈനാപ്പില്‍, ലെമണ്‍, പേരക്ക, വാളന്‍ പുളി ജ്യൂസുകള്‍ക്ക് രണ്ട് റിയാലാണ് വില. ഇതേ വലുപ്പത്തിലുള്ള ഓറഞ്ച് ജ്യൂസ് 2.25 റിയാലിനാണ് വില്‍ക്കുന്നത്. 500 മില്ലിക്ക് 4.75 റിയാലും 1.7 ലിറ്ററിന് 14 റിയാലുമാണ് വിലയെന്നും അദ്ദേഹം വ്യക്തമാക്കി. ഒമാന്‍ ജ്യൂസിന്റെ രുചി അയല്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന ജ്യൂസുകളുടെതിന് സമാനമാണെന്നും വിലയിലും കാര്യമായ മാറ്റമില്ലെന്നും ഷോപ്പിംഗനെത്തിയ പാക്കിസ്ഥാന്‍ സ്വദേശി മുഹമ്മദ് അമീന്‍ പറഞ്ഞു.

പുതിയ വിപണികളില്‍ നിന്നെത്തുന്ന പാലുത്പന്നങ്ങള്‍, പഴം, പച്ചക്കറികള്‍ തുടങ്ങി ഇപ്പോള്‍ ഫ്രഷ് ജ്യൂസും പഴയ വിപണികള്‍ക്ക് ബദലായി മാറുകയാണന്നും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്ന സര്‍ക്കാറിനെയും വ്യാപാരികളെയും അഭിനന്ദിക്കുന്നതായും ഉപഭോക്താക്കള്‍ പറഞ്ഞു. ഉപരോധം പ്രഖ്യാപിച്ചയുടനെ തന്നെ ഇറാന്‍, തുര്‍ക്കി രാജ്യങ്ങളില്‍ നിന്ന് പാലുത്പന്നങ്ങള്‍, പഴം, പച്ചക്കറികള്‍ എന്നിവയെത്തിയിരുന്നു.