ബ്രാവോ മാജിക്; ചിലി ഫൈനലില്‍

Posted on: June 30, 2017 10:41 am | Last updated: June 30, 2017 at 10:41 am

മോസ്‌കോ: ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോയുടെ ഉജ്ജ്വല പ്രകടനത്തിന്റെ മികവില്‍ ചിലി ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ കീഴടക്കിയാണ് ചിലിയുടെ കുതിപ്പ്. ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശക്കളിയില്‍ 3-0ത്തിനായിരുന്നു ചിലിയുടെ ജയം.

നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ അകന്നു നിന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പോര്‍ച്ചുഗല്‍ താരങ്ങളുടെ മൂന്ന് കിക്കുകളും ഉജ്ജ്വലമായി തടഞ്ഞ് ക്ലോഡിയോ ബ്രാവോ ഹീറോയായപ്പോള്‍ പറങ്കിപ്പട തലതാഴ്ത്തി മടങ്ങി.
റിക്കാര്‍ഡോ ക്വരേസ്മ, സാന്റോസ് മൗടിഞ്ഞോ, നാനി എന്നിവരുടെ കിക്കുകളാണ് ബ്രാവോ തടഞ്ഞത്. ആദ്യ മൂന്ന് കിക്കുകളും പാഴായതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കിക്കെടുക്കാന്‍ അവസരം ലഭിച്ചില്ല.
ചിലി ആദ്യ മൂന്ന് കിക്കുകളും ഗോളാക്കി മാറ്റി. അര്‍ടുറോ വിദാല്‍, ആരാങ്കീസ്, അലക്‌സിസ് സാഞ്ചസ് എന്നിവരാണ് പന്ത് ലക്ഷ്യത്തിലെത്തിച്ചത്. ചിലി ഇതാദ്യമായാണ് കോണ്‍ഫറേഷന്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. ആറാം മിനുട്ടില്‍ ചിലി താരം വര്‍ഗാസിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ പാട്രിയോ പോര്‍ച്ചുഗലിന്റെ രക്ഷകനായി. തൊട്ടുപിന്നാലെ പോര്‍ച്ചുഗലിന്റെ ആന്ദ്രെ സില്‍വയും ഗോള്‍ അവസരം പാഴാക്കി. രണ്ടാം പകുതിയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

അധികസമയം അവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ വിദാലിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയത് ചിലി ആരാധകര്‍ ഞെട്ടലോടെയാണ് നോക്കിക്കണ്ടത്.
തിരിച്ചുവന്ന പന്ത് റോഡ്രിഗസ് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ബാറില്‍ തട്ടി മടങ്ങി. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പന്തടക്കത്തില്‍ 59 ശതമാനം ചിലി ആധിപത്യം പുലര്‍ത്തി.