Connect with us

Editorial

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പാളിച്ച

Published

|

Last Updated

എകെ 47 നും ഇന്‍സാസ് റൈഫിളിനും പകരമായി രാജ്യം നിര്‍മിച്ച തോക്കുകള്‍ സൈന്യം നിരസിച്ചത് മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക് തിരിച്ചടിയായിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ റൈഫിളുകള്‍ വെടിവെക്കാന്‍ കൊള്ളില്ലെന്നാണ് സൈനിക നേതൃത്വം പറയുന്നത്. വെടിയുതിര്‍ക്കുമ്പോള്‍ തനിയെ നിന്നുപോകുന്നതുള്‍പ്പടെ സുരക്ഷാ സങ്കേതിക വിദ്യകളിലും നിര്‍മാണത്തിലും നിരവധി പിഴവുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച എക്‌സ്‌കാബിലര്‍ റൈഫിളുകളും പ്രഹരശേഷിയില്ലെന്ന കാരണത്താല്‍ സൈന്യം നിരസിച്ചിരുന്നു.
മോദിയുടെ സ്വപ്‌നപദ്ധതിയായാണ് “മേയ്ക്ക് ഇന്‍ ഇന്ത്യ” വിശേഷിപ്പിക്കപ്പെടുന്നത്. വിദേശ നിക്ഷേപം ആകര്‍ഷിക്കുക,തൊഴില്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി വലിയ കൊട്ടിഘോഷത്തോടെ നടപ്പാക്കിയ പദ്ധതി തോക്കുകളുടെ കാര്യത്തില്‍ മാത്രമല്ല, പൊതുവെ തന്നെ പരാജയമാണെന്നാണ് വിലയിരുത്തല്‍. ഉത്പാദന മേഖലയിലും ഇത് ഉദ്ദേശിച്ച ഗുണം ചെയ്തില്ലെന്നും പദ്ധതി ആരംഭിച്ച ശേഷം വിദേശനിക്ഷേപം 19 ശതമാനം കുറയുകയാണുണ്ടായതെന്നും കേന്ദ്രസ്വയംഭരണ സ്ഥാപനമായ ഐ സി എസ് എസ് ആറിന്റെ കീഴിലെ ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ജനുവരിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിരോധ സാമഗ്രികളുടെ നിര്‍മാണം, ഓട്ടോമൊബൈല്‍സ്, ജൈവസാങ്കേതികവിദ്യ, ഔഷധം, കെമിക്കല്‍സ്, വാഹനങ്ങളുടെ ഭാഗങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, ഇന്ധനവ്യവസായം തുടങ്ങിയ മേഖലകളിലൊന്നും മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു നിക്ഷേപം ആകര്‍ഷിക്കാനായില്ല.
“മെയ്ക്ക് ഇന്‍ ഇന്ത്യ”യുടെ ഭാഗമായി റഷ്യന്‍ കമ്പനിയായ കാമോവും ഇന്ത്യന്‍ കമ്പനിയായ എച്ച് എ എല്ലും സ്വകാര്യ മേഖലയും ചേര്‍ന്നുള്ള സൈനിക ഹെലികോപ്റ്റര്‍ നിര്‍മാണവും അനിശ്ചിതത്വത്തിലാണ്. 200 കോമോവ് ഹെലികോപ്റ്ററുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാനായിരുന്നു ആദ്യതീരുമാനം. ഇവയില്‍ 60 എണ്ണം റഷ്യയില്‍ നിര്‍മിച്ചാല്‍ മതിയെന്നും ബാക്കി 140 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാമെന്നും ധാരണയിലെത്തി. എന്നാല്‍, ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ടെന്നതിനാല്‍ നിര്‍മാണ ചെലവുയരുമെന്നാണ് റിപ്പോര്‍ട്ട്.
യുവാക്കള്‍ക്ക് തൊഴിലുകള്‍ നല്‍കുന്നതിലും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ലക്ഷ്യം കൈവരിച്ചില്ലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ പ്രകടനമാണ് 2015, 16 വര്‍ഷങ്ങളില്‍ ഉണ്ടായതെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ലേബര്‍ ബ്യൂറോയെ ഉദ്ധരിച്ച് സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് (സി ഇ എസ്) റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ 1.55 ലക്ഷവും 2016ല്‍ 2.31 ലക്ഷവും പുതിയ തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. അതേസമയം 2014ല്‍ 4.21ലക്ഷവും 2012ല്‍ 3.22 ലക്ഷവും 2011ല്‍ 9.30 ലക്ഷവും 2009ല്‍ 10.06 ലക്ഷവും പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ഐ ടി മേഖലയിലെ വന്‍കമ്പനികള്‍ വലിയ തോതില്‍ പിരിച്ചുവിടല്‍ നടത്തുന്നത് സ്ഥിതിഗതി കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. സമീപകാലത്തൊന്നും തൊഴില്‍ മേഖല മെച്ചപ്പെടാനുള്ള സാധ്യതയില്ലെന്നും തൊഴിലവസരങ്ങളുടെ സൃഷ്ടി ശുഷ്‌കിച്ച നിലയില്‍ തന്നെയാണ് തുടരുന്നതെങ്കില്‍ ഇന്ത്യന്‍ തൊഴില്‍ കമ്പോളത്തിലേക്ക് പ്രതിവര്‍ഷം 1.2 കോടി മുതല്‍ 1.5 കോടി വരെ തൊഴില്‍രഹിതര്‍ പുതുതായി വരുമെന്നും ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കാ സന്ദര്‍ശനവേളയില്‍ മോദി, അവിടുത്തെ ഇന്ത്യന്‍ വംശജരോടാണ് ആദ്യമായി മെയ്ക്ക് ഇന്‍ ഇന്ത്യാ (ഇന്ത്യയില്‍ നിര്‍മിക്കുക) ആഹ്വാനം നടത്തിയത്. വിദേശമൂലധനം ഇന്ത്യയിലേക്കൊഴുകുകയും അതുവഴി പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയും ചെയ്താല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷ്യം നല്ലതു തന്നെ. പക്ഷേ തികഞ്ഞ ആസൂത്രണത്തോടെയും നിശ്ചയ ദാര്‍ഢ്യത്തോടെയുമായിരിക്കണം ഇതിനായുള്ള കരുനീക്കങ്ങള്‍ നടത്തേണ്ടത്. വ്യവസായ സംരഭകര്‍ കടന്നുവരണമെങ്കില്‍ രാജ്യത്ത് സമാധാന പരമായ അന്തരീക്ഷം നിലവിലുണ്ടാകണം. ഹിന്ദുത്വ ഫാസിസം നാട്ടിലുടനീളം അക്രമവും കൊലയും അഴിച്ചുവിടുകയും ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യവെ, ആഗോള ജനത ആശങ്കയോടെയാണ് ഇന്ത്യയെ വീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യവസായ സംരഭകര്‍ എങ്ങനെ നിക്ഷേപമിറക്കാന്‍ ധൈര്യപ്പെടും.

Latest