Connect with us

International

ഇസിലിന്റെ 'സാങ്കല്‍പ്പിക' രാജ്യം ഇറാഖ് തിരിച്ചുപിടിച്ചു

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ ഇസില്‍ ആസ്ഥാനം സൈന്യം തിരിച്ചുപിടിച്ചു. ഇസില്‍ നേതാവ് അബൂബക്കര്‍ ബഗ്ദാദിയുടെ ഖിലാഫത്ത് പ്രഖ്യാപനം നടന്ന മൊസൂളിലെ അല്‍നൂരി മസ്ജിദ് നിലനിന്ന സ്ഥലമാണ് ഇറാഖ് സൈന്യം തിരിച്ചുപിടിച്ചത്. “ഐ എസിന്റെ” ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന പ്രദേശമാണ് അമേരിക്കയുടെ പിന്തുണയുള്ള ഇറാഖ് സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. ഇവിടുത്തെ ചരിത്ര പ്രധാന പള്ളി നേരത്തെ ഇസില്‍ തീവ്രവാദികള്‍ തകര്‍ത്തിരുന്നു. എന്നാല്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്ന് ഇസില്‍ ആരോപിക്കുന്നുണ്ട്.
അല്‍ നൂരി മസ്ജിദ് തിരിച്ചുപിടിച്ചതോടെ മൊസൂളിലെ ഇസില്‍ തീവ്രവാദികളുടെ പരാജയം പൂര്‍ണതയിലേക്കെത്തുകയാണ്. എട്ട് മാസം മുമ്പ് ആരംഭിച്ച മൊസൂളിലെ സൈനിക മുന്നേറ്റം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഇസിലിന്റെ ഇറാഖിലെ ആസ്ഥാനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മൊസൂളിലെ പുരാതന നഗരത്തിലെ ഏതാനും സ്ഥലങ്ങളില്‍ മാത്രമാണ് ഇസില്‍ തീവ്രവാദികള്‍ അവശേഷിക്കുന്നത്. സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ശ്രദ്ധയോടെയാണ് സൈന്യം ആക്രമണം നടത്തുന്നത്.
ഇസിലിന്റെ സാങ്കല്‍പ്പിക രാജ്യം തകര്‍ന്നെന്ന് ഇറാഖ് സൈനിക വക്താവ് ബ്രിഗാഡിയര്‍ ജനറല്‍ യഹ്‌യ പറഞ്ഞു.

2014ല്‍ ബഗ്ദാദിയുടെ ഖിലാഫത്ത് പ്രഖ്യാപനം നടന്നതിന് ശേഷം വ്യാപകമായ ആക്രമണങ്ങളാണ് ഇറാഖില്‍ നടന്നത്. ഇസ്‌ലാമിക നഗരങ്ങളും ആരാധനാലയങ്ങളും ഇസില്‍ ഭീകരര്‍ വ്യാപകമായി തകര്‍ത്തിരുന്നു. ആയിരക്കണക്കിനാളുകളാണ് ഇസില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസിലിനെതിരെ നടന്ന സൈനിക ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ നൂറ് കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മൊസൂളിലെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഒമ്പത് ലക്ഷം പേരാണ് പലായനം ചെയ്തത്. ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും മൊസൂളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

Latest