പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

Posted on: June 29, 2017 8:32 pm | Last updated: June 29, 2017 at 8:25 pm
ഡോ. അമിന്‍ ഹുസൈന്‍ അല്‍ ആമിരി

ദുബൈ: ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത മെഡിക്കല്‍ സെന്ററുകളുടെയും ഫാര്‍മസികളുടെയും പ്രവര്‍ത്തനം ആരോഗ്യ മന്ത്രാലയം നിര്‍ത്തിവെപ്പിച്ചു. നിയമ ലംഘന പരാതികളുടെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന് കീഴില്‍ നടത്തിയ വിവിധ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഒരു മാസം മുതല്‍ നാലു മാസം വരെയുള്ള കാലയളവിലേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. ആരോഗ്യ പരിചരണ രംഗത്തെ നിയമങ്ങള്‍ക്ക് അനുസൃത്രമായി പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നതിനാണ് മന്ത്രാലയത്തിന്റെ പരിശോധനകള്‍. അശാസ്ത്രീയമായ രീതിയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിക്കുക, മരുന്നുകളുടെ സംഭരണ സ്ഥലങ്ങള്‍ വൃത്തിഹീനമായിരിക്കുക, ആശുപത്രികളില്‍ നിന്നും ഫാര്‍മസികളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ അശാസ്ത്രിയമായ രീതിയില്‍ പുറംതള്ളുക തുടങ്ങിയ നിയമലംഘനങ്ങളാണ് മന്ത്രാലയം പിടികൂടിയത്.

ഉന്നതമായ സുരക്ഷയോടെ മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ആരോഗ്യ പരിപാലന സാഹചര്യം ലഭ്യമാക്കുകയും മികച്ച ജീവിത രീതി ഉറപ്പ് വരുത്തുകയും ചെയ്യുന്നതിന് മന്ത്രാലയം അനുശാസിക്കുന്ന ലോകോത്തര നിലവാരമുള്ള ആരോഗ്യ പരിചരണ സാഹചര്യങ്ങള്‍ സംരംഭകര്‍ പിന്തുടരുകയെന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പബ്ലിക് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും സുപ്രീം നാഷണല്‍ ഡ്രഗ് രജിസ്‌ട്രേഷന്‍സ് വൈസ് ചെയര്‍മാനുമായ ഡോ. അമിന്‍ ഹുസൈന്‍ അല്‍ ആമിരി പറഞ്ഞു.
നടപ്പു വര്‍ഷം ആദ്യപകുതിയില്‍ മന്ത്രാലയത്തിന് കീഴില്‍ നടന്ന 1,656 പരിശോധനകളില്‍ 548 മെഡിക്കല്‍ സെന്ററുകളും 470 മെഡിക്കല്‍ ഉപകരണ വിതരണ ശൃംഖലകളുടെ ഓഫീസുകളും 633 ഫാര്‍മസികളും അവയുടെ സംഭരണ ശാലകളുമാണ് ഉള്‍പെടുത്തിയിരുന്നത്.