ശൈഖുനാ മടവൂര്‍ (ഖ. സി)

Posted on: June 29, 2017 7:53 am | Last updated: June 28, 2017 at 11:58 pm
SHARE

ആറ് പതിറ്റാണ്ട് കാലത്തെ അതുല്യ ജീവിതം കൊണ്ട് ആത്മീയ ലോകത്ത് തുല്യതയില്ലാത്ത ഉയരങ്ങള്‍ കീഴടക്കിയ മഹാനാണ് വലിയുല്ലാഹി സി എം മുഹമ്മദ് അബൂബക്കര്‍ മുസ്‌ലിയാര്‍.

മടവൂരിലെ പണ്ഡിത തറവാട്ടില്‍ കുഞ്ഞിമാഹിന്‍ മുസ്‌ലിയാരുടെയും ആയിശ ഹജ്ജുമ്മയുടെയും മകനായി പിറന്നു. കുട്ടിക്കാലത്ത് തന്നെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഏറെ സൂക്ഷ്മതയുള്ള ജീവിതമായിരുന്നു. ആദ്യം പിതാവില്‍ നിന്നും ശേഷം കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി ഉസ്താദ്, മലയമ്മ ഉസ്താദ്, ശൈഖ് ആദം ഹസ്രത്ത്, ഹസ്സന്‍ ഹസ്രത്ത് തുടങ്ങി മഹാ പണ്ഡിതന്മാരില്‍ നിന്നുമായി അറിവ് നേടി. കൊടുവള്ളി, മങ്ങാട,് കൊയിലാണ്ടി തുടര്‍ന്ന് വെല്ലൂര്‍ എന്നിവിടങ്ങളില്‍ പഠനം. തുടര്‍ന്ന് മടവൂരില്‍ തന്നെ വലിയ ദര്‍സ് തുടങ്ങി. അല്‍പ്പകാലത്തിന് ശേഷം ഇലാഹി ചിന്തയില്‍ പൂര്‍ണമായി ലയിച്ച് ചേര്‍ന്ന്, എല്ലാമൊഴിവാക്കി ആത്മീയ ലോകത്തേക്ക് കാലെടുത്ത് വെച്ചു. നഖ്ശബന്ധിയ്യ തരീഖത്തിന്റെ ശൈഖായ മുഹ്‌യിദ്ദീന്‍ സാഹിബടക്കം പ്രമുഖരായ മശായിഖുമാരുടെ തര്‍ബിയ്യത്തിലായി വളര്‍ന്നു.
സുന്നീ കൈരളിക്ക് എല്ലാ അര്‍ഥത്തിലുമുള്ള ഊര്‍ജവും ആവേശവും ശൈഖുനയായിരുന്നു. ഏറെ നിര്‍ണായകമായ എറണാകുളം സമ്മേളനം തീരുമാനിക്കപ്പെട്ടുവെങ്കിലും പലഭാഗങ്ങളില്‍ നിന്നും വന്ന എതിര്‍പ്പുകളും നിര്‍ത്തിവെക്കാനുള്ള ആഹ്വാനങ്ങളും മൂലം ആകെ ആശയക്കുഴപ്പത്തിലായ സമയം. എ പി ഉസ്താദും സഹപ്രവര്‍ത്തകരും സി എം വലിയ്യുല്ലാഹി വാതില്‍ തുറന്നിരുന്നെങ്കില്‍ ഒരു തീരുമാനമാവുമായിരുന്നു എന്ന് ആശിച്ച സമയം. സി എം വലിയ്യുല്ലാഹിയുടെ അടുത്ത് നിന്ന് ഒരാള്‍ വന്ന് അവേലത്ത് തങ്ങളേയും എ പി ഉസ്താദിനേയും വിളിക്കുന്നുണ്ടെന്ന വിവരം പറഞ്ഞു. ചെന്നപ്പോള്‍ ‘സമ്മേളനം നടത്തണം, ഞാനവിടെ ഉണ്ടാവും ഔലിയാക്കളും അവിടെ ഉണ്ടാവും’ എന്ന് പറഞ്ഞ് സി എം വലിയ്യുല്ലാഹി ധൈര്യം പകര്‍ന്നു.

താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ സംഘടനാ ജീവിതത്തില്‍ നിന്ന് മാറി ഒതുങ്ങിക്കൂടാമെന്ന് വിചാരിച്ചപ്പോള്‍ എ പി യുടെ കൂടെ നിന്ന് ദീന്‍ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞ് സയ്യിദവര്‍കളെ തിരിച്ച് കൊണ്ട് വന്നതും സി എം വലിയ്യുല്ലാഹി ആയിരുന്നു.
ഒരുപാട് കറാമത്തുകളുടെ ഉടമയായിരുന്നു മഹാനായ ശൈഖുനാ. ഒരിക്കല്‍ തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ മഹാനവര്‍കളെ സന്ദര്‍ശിക്കാന്‍ വന്നു. അന്നൊരു വെള്ളിയാഴ്ച ആയതിനാല്‍ പുരുഷന്‍മാര്‍ എല്ലാം പള്ളിയില്‍ പോയിക്കൊള്ളൂ എന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പള്ളിയിലേക്ക് നീങ്ങി. നിസ്‌കാരം കഴിഞ്ഞ് ശൈഖ് അവര്‍കളെ കണ്ട് കാര്യങ്ങളെല്ലാം പള്ളിയില്‍ വെച്ച് തന്നെ പറഞ്ഞു. എന്നാല്‍ അതേ സമയം ഭാര്യ റൂമില്‍ ചെന്നപ്പോള്‍ ശൈഖവര്‍കള്‍ റൂമിലുണ്ട്. അവര്‍ അവിടെ വെച്ചും വിഷയങ്ങള്‍ ബോധിപ്പിച്ചു. ഇരുവരും ഒരുമിച്ചപ്പോള്‍ പള്ളിയില്‍ കണ്ടു എന്ന് ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നു വെന്ന് ഭാര്യയും വാദിച്ചു. അപ്പോള്‍ അവിടെയും ഇവിടെയും ഞാന്‍ ഉണ്ടായിരുന്നു നിങ്ങള്‍ തര്‍ക്കിക്കേണ്ട എന്ന് പറഞ്ഞ് ശൈഖുന തന്നയാണ് വിഷയം പരിഹരിച്ചത് .

കോഴിക്കോട് മമ്മൂട്ടിമൂപ്പന്റെ വീട്ടില്‍ ഓരോ ദിവസവും ആയിരങ്ങളായിരുന്നു സന്ദര്‍ശകര്‍. രോഗികള്‍, കടക്കാര്‍, പ്രയാസമനുഭവിക്കുന്നവര്‍, അങ്ങനെ പലരും. അവര്‍ക്കെല്ലാം ഒരൊറ്റ വാക്ക് കൊണ്ട് ആശ്വാസം പകര്‍ന്നു. ‘അതുവേണ്ട’ എന്ന ഒരൊറ്റ വാക്കുകൊണ്ട് ആയിരങ്ങളുടെ രോഗം മാറ്റി. അവിടുത്തെ മഹത്വവും കറാമത്തും പറഞ്ഞു തീര്‍ക്കല്‍ അസാധ്യമാണ്. അറുപത്തിമൂന്ന് വര്‍ഷത്തെ ജീവിതത്തിനൊടുവില്‍ ശവ്വാല്‍ നാലിന് ഇഹലോക വാസം വെടിഞ്ഞു. മടവൂരില്‍ ഉപ്പയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here