Connect with us

Kerala

മലയോരം പനിച്ചുവിറക്കുമ്പോഴും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല

Published

|

Last Updated

താമരശ്ശേരി: മലയോരം പനിച്ച് വിറക്കുമ്പോഴും താമരശ്ശേരി താലൂക്കാശുപത്രിയിലെ ഒ പി വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. പ്രതിദിനം ആയിരത്തിലേറെ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഒ പി വിഭാഗത്തില്‍ രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ മാത്രമാണ് രോഗികളെ പരിശോധിക്കാനെത്തുന്നത്.
1030 പേര്‍ ചികിത്സ തേടിയെത്തിയ ഇന്നലെ ആദ്യം രണ്ട് ഡോക്ടര്‍മാരായിരുന്നു ഒ പി വിഭാഗത്തില്‍ ഉണ്ടായിരുന്നത്. രോഗികളും കൂടെ എത്തിയവരും ഏറെനേരെ ബഹളം വെച്ചതോടെ ഒരു ഡോക്ടര്‍ കൂടെ എത്തി. ഡെങ്കിപ്പനി ഉള്‍പ്പെടെ പടര്‍ന്നു പിടിക്കുന്ന മലയോര മേഖലയിലെ പത്തോളം പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികളാണ് താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. വാര്‍ഡുകള്‍ പനിബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവരെ പരിശോധിക്കാനും ഡോക്ടര്‍മാര്‍ ഇല്ല.
ഒരു എന്‍ ആര്‍ എച്ച് എം ഉള്‍പ്പെടെ 14 ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ നാലുപേര്‍ അത്യാഹിത വിഭാഗത്തിലും ഒരാള്‍ മെഡിക്കല്‍ ഓഫീസറും ഒരാള്‍ ദന്ത വിഭാഗത്തിലുമാണ്.

ഗൈനക്കോളജി വിഭാഗത്തിലെ ഒരു ഡോക്ടര്‍ സസ്‌പെന്‍ഷനിലും മറ്റൊരു ഡോക്ടര്‍ ദീര്‍ഘാവധിയിലുമാണ്. ഇതോടെ ജനറല്‍ വിഭാഗത്തിലെ വനിതാ ഡോക്ടറെ ഗൈനക്കോളജി വിഭാഗത്തില്‍ ഗര്‍ഭിണികളെ പരിശോധിക്കാന്‍ നിയോഗിച്ചു. എന്‍ ആര്‍ എച്ച് എം ഡോക്ടറും ദീര്‍ഘാവധിയിലാണ്. ശേഷിക്കുന്നത് അഞ്ചു ഡോക്ടര്‍മാരാണ്. ഇതില്‍ ഒരാള്‍ പിനിബാധിച്ച് കിടപ്പിലുമായതോടെ ഒ പി വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവതാളത്തിലായി. വയനാട്ടില്‍ നിന്ന് എത്തേണ്ട ഡോക്ടര്‍ ചുരത്തില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതാണ് ഒ പി വിഭാഗത്തില്‍ ഡോക്ടറുടെ കുറവുണ്ടാകാന്‍ കാരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. കേശവനുണ്ണി പറഞ്ഞു.
പനി പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ തദ്ധേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെങ്കിലും താമരശ്ശേരിയില്‍ ഇതും നടപ്പിലായിട്ടില്ല.

ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്വന്തക്കാരെ തിരുകി കയറ്റിയെ പരാതി നിലവിലുണ്ട്. പനിബാധിതര്‍ക്ക് രക്ത പരിശോധന നടത്തേണ്ട ലബോറട്ടറിയിലും ആവശ്യത്തിന് ജീവനക്കാരില്ല. താലൂക്കാശുപത്രിയായി പ്രഖ്യാപിച്ചതല്ലാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയോ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുകയോ ചെയ്യാത്തതാണ് രോഗികളെയും ജീവനക്കാരെയും വലക്കുന്നത്.