സിപിഎം മാത്രമല്ല സര്‍ക്കാര്‍; റവന്യു സെക്രട്ടറി വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ല: കാനം

Posted on: June 28, 2017 2:17 pm | Last updated: June 28, 2017 at 2:17 pm

കോഴിക്കോട്: മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യഘടകകക്ഷിയായ സിപിഐ രംഗത്തെത്തി. മൂന്നാറിലെ ഭൂ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യൂ സെക്രട്ടരി വിളിച്ച യോഗത്തെ കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

യോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടില്ല. വിളിക്കാത്ത യോഗത്തിന് റവന്യൂ മന്ത്രി പങ്കെടുക്കുന്നതെന്തിനെന്നും കാനം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് യോഗം വിളിക്കുന്നതിന് സിപിഐ പരാതി പറയേണ്ട കാര്യമില്ല. യോഗത്തിലേക്ക് വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ എത്ര യോഗം വിളിച്ചാലും ഭൂ സംരക്ഷണ നിയമം അനുസരിച്ച് മാത്രമേ മൂന്നാറിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കാനാകൂ. റവന്യൂ മന്ത്രി പങ്കെടുക്കാത്ത യോഗത്തില്‍ എന്ത് തീരുമാനമാണ് എടുക്കുകയെന്നും കാനം ചോദിച്ചു.

സിപിഎം മാത്രമല്ല സര്‍ക്കാര്‍. പാര്‍ട്ടികളും മാധ്യമങ്ങളും ആവശ്യപ്പെടുന്നത് അനുസരിച്ചല്ല ഉദ്യോഗസ്ഥരെ മാറ്റേണ്ടത്. ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു