വിവാദങ്ങള്‍ക്കിടെ ‘അമ്മ’യുടെ യോഗം ഇന്ന്

നടന്‍ ദീലീപ് ഉള്‍പെടെയുള്ളവര്‍ പങ്കെടുത്തേക്കും
Posted on: June 28, 2017 11:15 am | Last updated: June 28, 2017 at 12:52 pm

കൊച്ചി: നടി ആക്രമിക്കപെട്ട സംഭവത്തില്‍ സിനിമാ മേഖലയില്‍ ചേരിപ്പോര് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്നും നാളെയും കൊച്ചിയില്‍ താര സംഘടനയായ അമ്മ യോഗം ചേരും. ഇന്ന് രാത്രി നടക്കുന്ന എക്‌സിക്യൂട്ടീവില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നാണ് വിവരം. നാളത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യേണ്ട അജണ്ട എക്‌സിക്യൂട്ടീവാണ് തീരുമാനിക്കുന്നത്.

വിമണ്‍സ് ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന രൂപംകൊണ്ട ശേഷം അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ യോഗം കൂടിയാണിത്. എക്‌സിക്യൂട്ടീവില്‍ ദിലീപിന് മേല്‍ക്കൈ ഉള്ളതിനാല്‍ സിനിമാ മേഖലയിലുള്ളവര്‍ നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നതിന് ഭൂരിപക്ഷം കിട്ടാനിടയില്ല. രമ്യാ നമ്പീശനും കുക്കു പരമേശ്വരനും മാത്രമാണ് എക്‌സിക്യൂട്ടീവിലെ സ്ത്രീ സാനിധ്യം. നടിക്കെതിരെ ദിലീപും അജു വര്‍ഗീസും സലിംകുമാറും നടത്തിയ പരാമര്‍ശങ്ങള്‍ അമ്മയുടെ യോഗത്തില്‍ ചര്‍ച്ചക്ക് കൊണ്ടുവരാനാണ് വനിതാ താരങ്ങളുടെ ശ്രമം. അതിനാല്‍, പുതിയ വിവാദങ്ങള്‍ ജനറല്‍ ബോഡിയില്‍ അജണ്ടക്ക് പുറത്ത് ഉയര്‍ന്നുവരുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, സംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റും വൈസ് പ്രസിഡന്റ് ഗണേഷ് കുമാറും എക്‌സിക്യൂട്ടിവ് അംഗം മുകേഷും ജനപ്രതിനിധികളായതിനാല്‍, കോടതിയിലിരിക്കുന്ന കേസില്‍ ചര്‍ച്ച നടക്കുന്നതില്‍ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തടയാനാകും മറുഭാഗത്തിന്റെ ശ്രമം. സിനിമാ സെറ്റുകളിലെ സത്രീ സുരക്ഷ എന്ന പേരില്‍ വിഷയം ജനറല്‍ ബോഡിയില്‍ കൊണ്ടുവരാന്‍ വിമണ്‍ ഇന്‍ സിനിമ കലക്ടീവ് ആലോചിക്കുന്നുണ്ട്. ഇതിന് യുവ താരങ്ങളുടെയും മുതിര്‍ന്ന താരങ്ങളുടെയും പിന്തുണ ലഭിക്കാനിടയുണ്ട്. അങ്ങനെയെങ്കില്‍ ജനറല്‍ബോഡിയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് അത് ഇടയാക്കും.