Connect with us

Kerala

അതിക്രമത്തിനിരയായ നടിക്ക് സിനിമയിലെ വനിതാ സംഘടനയുടെ പിന്തുണ

Published

|

Last Updated

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ ചില നടന്‍മാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് രംഗത്ത്.
അതിക്രമത്തെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് സംഘടന പ്രതികരിച്ചു.

അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയില്‍ നിര്‍ത്തുന്നത് മാപ്പ് അര്‍ഹിക്കാത്ത പ്രവൃത്തിയാണ്. ഇത്തരം പ്രസ്താവനകളില്‍ നിന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്നും വുമണ്‍ ഇന്‍ സിനിമ കലക്ടീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ആക്രമിക്കപ്പെട്ട നടിയുടെ നുണപരിശോധന നടത്തണമെന്ന് നടന്‍ സലീം കുമാര്‍ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടിയും ഭയങ്കര സുഹൃത്തുക്കളായിരുന്നുവെന്നും ഇതാണ് അതിക്രമത്തിന് വഴിവെച്ചതെന്നും താന്‍ ഇത്തരം ആളുകളുമായി കൂട്ടുകൂടാറില്ലെന്നും നടന്‍ ദിലീപ് പറഞ്ഞിരുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…

ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്.ഈ സന്ദര്‍ഭത്തില്‍ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്.2013ലെ വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവര്‍ക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തില്‍ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയില്‍ നിര്‍ത്തുന്നത് മാപ്പ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയുമല്ല. ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ദയവായി വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു.

---- facebook comment plugin here -----