പനി മരണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

Posted on: June 27, 2017 12:24 pm | Last updated: June 27, 2017 at 2:09 pm

തിരുവനന്തപുരം: പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പനിമരണങ്ങള്‍ കൂടുകയാണ്. പനിമരണങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. പ്രതിപക്ഷം എന്ത് പറഞ്ഞാലും ആരോഗ്യ മന്ത്രി നിസ്സാരവത്കരിക്കുകയാണ്. ആളുകള്‍ പറയുന്നതും പ്രതിപക്ഷം പറയുന്നതും ആരോഗ്യമന്ത്രി കാര്യമാക്കുന്നില്ല. കേരളം പനിച്ച് വിറക്കുകയാണ്. ജലജനന്യ രോഗങ്ങള്‍വര്‍ധിക്കുന്നു. ഗവര്‍മെന്റ് വിളിച്ച സര്‍വകക്ഷിയോഗത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണയാണ് നല്‍കിയത്. സര്‍ക്കാറിന്റെ പ്രവര്‍ത്തനം കാര്യക്ഷമാകുന്നില്ലെന്ന പരാതി വ്യാപകമാകുകയാണ്. പത്ത് മണിക്കൂറിലേറെ ക്യൂ നിന്നിട്ടും രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നില്ല. ഇത്രത്തോളം ഗുരുതരമായ സ്ഥിതി മുമ്പെങ്ങും ഉണ്ടായിട്ടില്ല. പനി ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം.
പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും സിഎച്ച്‌സികളിലും സ്ഥിതി പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.