Connect with us

Kerala

ബിജെപി നേതാക്കളുടെ കള്ളനോട്ടടി: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ഒരാള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ബിജെപി, യുവമോര്‍ച്ച നേതാക്കളുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടും കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി ഫിറോസ് എം ശഫീഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസില്‍ ഒരാള്‍ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

രാജീവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അലക്‌സാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. രാജീവിന്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് പുറമേ അലക്‌സിന് കള്ളനോട്ടടിയുമായി ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.

കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഈയൊരു ആവശ്യം ഉയര്‍ത്തിയിരുന്നു. മധ്യകേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും പരിപാടികള്‍ക്ക് പണമെത്തുന്നത് ഈ വഴിയാണെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. പിടിയിലായ രാജീവിലും രാകേഷിലും മാത്രം ഒതുങ്ങുന്നതല്ല കേസ് എന്നാണ് പോലീസിന്റെ നിഗമനം.

കള്ളനോട്ട് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് ഒ ബി സി മോര്‍ച്ച നേതാവ് രാജീവ് ഏഴാച്ചേരിയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരനും ഒന്നാം പ്രതിയുമായ രാകേഷ് നേരത്തെ അറസ്റ്റിലായിരുന്നു.

Latest