Connect with us

Kerala

ബിജെപി നേതാക്കളുടെ കള്ളനോട്ടടി കേസ് ക്രൈം ബ്രാഞ്ചിന്

Published

|

Last Updated

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് യുവമോര്‍ച്ച നേതാക്കളുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടും കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണിത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഈയൊരു ആവശ്യം ഉയര്‍ത്തിയിരുന്നു. മധ്യകേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും പരിപാടികള്‍ക്ക് പണമെത്തുന്നത് ഈ വഴിയാണെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു.

പിടിയിലായ രാജേഷിനും രാകേഷിലും മാത്രം ഒതുങ്ങുന്നതല്ല കേസ് എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ ബി ജെ പി യുടെ ഉന്നതതല ബന്ധങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും പോലീസ് പറയുന്നത്. പ്രതികള്‍ ബി ജെ പി നേതാക്കളുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നവരാണെന്നത് അന്വേഷണം ആ വഴിയിലേക്കും തിരിച്ച് വിടും. രാജീവ് ഉന്നത ബി ജെ പി നേതാക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കള്ളനോട്ട് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് ഒ ബി സി മോര്‍ച്ച നേതാവ് രാജീവ് ഏഴാച്ചേരിയെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരനും ഒന്നാം പ്രതിയുമായ രാകേഷ് നേരത്തെ അറസ്റ്റിലായിരുന്നു. അതേസമയം, പോലീസ് നടപടികളില്‍ വീഴ്ച സംഭവിച്ചതായി നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യദ്രോഹ കുറ്റം ചുമത്തേണ്ട കേസില്‍ പോലീസ് ഇത് ചുമത്തിയിട്ടില്ല. കൃത്യം നടന്ന വീട് അടച്ച് പൂട്ടി സീല് ചെയ്യുന്നതിലും പോലീസ് വീഴ്ച വരുത്തി. പോലീസ് പ്രതിയെയും ലാപ്‌ടോപ്പും പ്രിന്ററും മാത്രമാണ് കസ്റ്റഡിയില്‍ എടുത്തത്.

പിടിയിലാകുന്ന സമയത് കൃത്യം നിര്‍വഹിച്ച മുറിയില്‍ നിന്ന് ലഭിച്ച നോട്ടുകള്‍ മാത്രമാണ് പിടികൂടിയത്. വീട്ടില്‍ തന്നെ മറ്റു സ്ഥലങ്ങളിലോ പറമ്പിലോ കറന്‍സികള്‍ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ തെളിവെടുപ്പിന് മുമ്പ് ഇത് എടുത്ത് മാറ്റാന്‍ വേണ്ടുവോളം സമയം പ്രതിയുമായി ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്ന അവസ്ഥയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

Latest