നടിയെ ആക്രമിച്ച കേസ്: നുണപരിശോധനക്ക് തയ്യാറെന്ന്‌ ദിലീപ്

സിനിമാ രംഗത്ത് നിന്ന് തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു
Posted on: June 26, 2017 11:18 am | Last updated: June 26, 2017 at 3:54 pm
SHARE

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ എന്ത് അന്വേഷണത്തിനും തയ്യാറാണെന്ന് നടന്‍ ദിലീപ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കേസിലും എനിക്ക് പങ്കില്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ ബ്രയിന്‍ മാപ്പിംഗിനും, നാര്‍കോ അനാലിസിസിനും തയ്യാറാണ്. സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മ ചെയ്യാനാണ് ചിലര്‍ ശ്രമിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതായും ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

 

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സലിംകുമാറിനും,അജുവര്‍ഗ്ഗീസിനും നന്ദി,ഈ അവസരത്തില്‍ നിങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്‍ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെയും,ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോള്‍ ഈ ഗൂഡാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചര്‍ച്ചയിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണു. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നില്‍ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക.ഞാന്‍ ചെയ്യാത്തതെറ്റിന് എന്നെക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക് പങ്കില്ല,സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ,നാര്‍ക്കോനാലിസിസ്സ്,ടെസ്‌റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാന്‍ തയ്യാറാണു,അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല,എന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മാത്രം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍

LEAVE A REPLY

Please enter your comment!
Please enter your name here