ഇമാം ബുഖാരി: ത്യാഗീവര്യനായ ജ്ഞാന കുതുകി

ശവ്വാൽ ഒന്ന് - ഇമാം ബുഖാരി(റ)വിൻെറ വഫാത്ത് ദിനം

സൂക്ഷ്മത മുഖമുദ്രയാക്കിയ മഹാമനീഷിയായിരുന്നു ഇമാം ബുഖാരി. ഹദീസുകള്‍ സ്വീകരിക്കുന്നിടത്ത് പുലര്‍ത്തിയ കണിശത അതിന്റെ കൂടി ഭാഗമായിരുന്നു. ഒരിക്കല്‍ നൂറ് കണക്കിന് മൈലുകള്‍ താണ്ടി ഹദീസിന് വേണ്ടി ഒരാളുടെ അടുത്തെത്തി. അദ്ദേഹം ഒരു മൃഗത്തെ കബളിപ്പിക്കുന്ന കാഴ്ചയാണ് ഇമാം ബുഖാരിയെ വരവേറ്റത്. ആ നിമിഷം തന്നെ ഹദീസ് വേണ്ടെന്ന് വെച്ച് മഹാന്‍ തിരിച്ച് നടന്നു. ഹദീസുകളുടെ സ്വീകാര്യത തീരുമാനിക്കാന്‍ നിവേദകരുടെ വ്യക്തിനിരൂപണം അനിവാര്യമാണെന്ന് വന്നപ്പോഴും അവരെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ വളരെ സൂക്ഷ്മമായാണ് പദപ്രയോഗങ്ങള്‍ നടത്തിയത്.
പ്രിന്‍സിപ്പല്‍ ഇമാം ബുഖാരി ദഅവാ കോളേജ്, കൊണ്ടോട്ടി
Posted on: June 26, 2017 7:16 am | Last updated: June 26, 2017 at 7:22 am

ഇസ്‌ലാമിക വിശ്വാസങ്ങളും പ്രമാണങ്ങളും പ്രതിസന്ധി നേരിട്ട കാലസന്ധിയിലൊക്കെ വിമോചനത്തിന്റെ വഴി തുറന്ന് അദ്ഭുത പ്രതിഭകള്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രവാചകരില്‍ നിന്ന് തിരുചര്യകളെ അനുഭവിച്ച് പഠിച്ച സ്വഹാബത്ത് വാമൊഴി രൂപത്തില്‍ തന്നെ താബിഉകള്‍ക്ക് പകര്‍ന്ന് കൊടുത്തു. വാചികമായ കൈമാറ്റ പ്രക്രിയയില്‍ നുഴഞ്ഞു കയറിയ ചിലര്‍ വൈകൃതങ്ങള്‍ സൃഷ്ടിക്കാന്‍ കുത്സിത നീക്കങ്ങള്‍ നടത്തിയപ്പോഴാണ് പ്രതിരോധ വശങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ വരുന്നത്. മതത്തിന്റെ പേരില്‍ രൂപമെടുത്ത അവാന്തര കക്ഷികള്‍ തങ്ങളുടെ ആശയവൈകല്യങ്ങളെ സ്ഥിരപ്പെടുത്താന്‍ ഹദീസില്‍ കൃത്രിമത്വം കാണിക്കാനും ദുര്‍വ്യാഖ്യാനങ്ങള്‍ നടത്താനും ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

തിരുസുന്നത്തിനെ വിമലീകരിക്കാന്‍ ക്രോഡീകരണം അനിവാര്യമാണെന്ന് വന്നു. ഹദീസുകളിലെ നെല്ലും പതിരും വേര്‍തിരിക്കല്‍ ദൗത്യമായി ഏറ്റെടുത്ത പണ്ഡിത മഹത്വുക്കള്‍ കഷ്ടതകള്‍ സഹിച്ച് ഹദീസുകളെ ഗ്രന്ഥ രൂപത്തിലാക്കി.ഇമാം മാലിക് (റ)വിന്റെ മുവത്വയടക്കമുള്ളവ അങ്ങനെ വിരചിതമായതാണ്. ഹദീസ് ഗ്രന്ഥങ്ങള്‍ നിരവധി വന്നെങ്കിലും സ്വഹീഹ് മാത്രം ഉള്‍ക്കൊള്ളിച്ച ഒന്നിന്റെ അഭാവം അപ്പോഴും നിഴലിച്ച് നിന്നു.ആ വിടവ് നികത്താനായിരുന്നു ഇമാം ബുഖാരിയുടെ ചരിത്ര നിയോഗം.

ഹിജ്‌റ 194ല്‍ ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറയിലാണ് മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ ജനിക്കുന്നത്. പിതാവ് വര്‍ത്തക പ്രമാണിയും ഹദീസ് പണ്ഡിതനുമായിരുന്നു. ഇമാം മാലിക്, അബ്ദുല്ലാഹിബ്‌നു മുബാറക് തുടങ്ങിയ ആത്മജ്ഞാനികളുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു അവര്‍.സമ്പന്നതയുടെ സുഷുപ്തിയിലും അറിവന്വേഷണവും ഇലാഹീ ചിന്തയും അവരെ വിട്ടൊഴിയാതെ നിന്നു.സാമ്പത്തിക ക്രയവിക്രയങ്ങള്‍ ആരാധനക്കൊരിക്കലും തടസ്സമായില്ല. കണിശമായ സാമ്പത്തിക അച്ചടക്കം പാലിച്ച മഹാന്‍ തന്റെ സ്വത്തില്‍ ഹലാലല്ലാത്ത ഒന്നുമില്ലെന്ന് ജീവിതാന്ത്യത്തില്‍ സാക്ഷ്യപ്പെടുത്തുക കൂടി ചെയ്തു.

ഇമാം ബുഖാരിക്ക് ഓര്‍മയെത്തും മുമ്പേ പിതാവ് വിട പറഞ്ഞിരുന്നു.പിന്നെ എല്ലാം മാതാവിന്റെ സംരക്ഷണയിലാണ് മുന്നോട്ട് നീങ്ങിയത്. ചെറുപ്രായത്തില്‍ തന്റെ മകന് പിതാവിനെ നഷ്ടപ്പെട്ടത് ആ മാതാവിന്റെ ഹൃദയത്തിലെ നിത്യ ദു:ഖമായി മാറി. ഒരുപാട് സ്വപ്നങ്ങളര്‍പ്പിച്ച ആ ബാല്യം ഇരുട്ടില്‍ തപ്പുന്നത് അവര്‍ക്ക് സഹിക്കാനേ കഴിയുമായിരുന്നില്ല. നിദ്രാവിഹീനമായ രാത്രികളില്‍ ആ മാതാവ് ഹൃദയം പൊട്ടി സൃഷ്ടാവിനോട് തേടി. തന്റെ മകന്റെ നയനങ്ങളില്‍ പ്രകാശം വിടരുന്നത് വരെ ആ മാതൃ ഹൃദയം തേങ്ങിക്കൊണ്ടേയിരുന്നു.പ്രതീക്ഷാനിര്‍ഭരമായ മനസ്സുമായി പ്രാര്‍ത്ഥനയില്‍ അവര്‍ നിരതരായി. ഒരു രാത്രിയില്‍ ഇബ്‌റാഹിം(അ) സ്വപ്നത്തില്‍ വന്ന് മകന് കാഴ്ച തിരിച്ച് കിട്ടിയ സന്തോഷ വാര്‍ത്ത അറിയിച്ചു.പുലര്‍ച്ചെ മുഹമ്മദ് ബ്‌നു ഇസ്മാഈലിന്റെ വിടരുന്ന നയനങ്ങള്‍ കണ്ട് ആ മാതാവ് സന്തോഷത്താല്‍ പൂത്തുലയുകയായിരുന്നു.

കുടുബ പശ്ചാതലം മക്കളില്‍ എത്രമേല്‍ സ്വാധീനിക്കുമെന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ഇമാം ബുഖാരിയെന്ന മഹാ പണ്ഡിതന്‍. ഹറാമൊട്ടും കലരാതെ ശുദ്ധത വരുത്തിയും തിരുവചനങ്ങളാല്‍ മനസ്സ് നിറച്ചും ജീവിച്ച ഒരു പിതാവും ഇലാഹീ ചിന്തകളില്‍ നിമഗ്‌നയായ ഒരു മാതാവുമുണ്ടാകുമ്പോള്‍ ഇമാം ബുഖാരിയിലെങ്ങനെ നന്മകള്‍ വിടരാതിരിക്കും. അതിരുവിട്ട ജീവിതവും അരുതായ്മകള്‍ നിറഞ്ഞ വീടകവുമുള്ളവന്‍ ദൈവഭക്തിയുള്ള മക്കളെ ആഗ്രഹിക്കുകയെന്നത് ഒരു തരത്തില്‍ പരിഹാസ്യമാണ്. മഹാന്മാരെ മുഴുവനും രൂപീകരിച്ചതിന് പിന്നില്‍ ഉമ്മമാര്‍ക്കുള്ള പങ്ക് സുവിദിതമാണ്. ഇമാം ബുഖാരിയുടെ കാര്യത്തിലും ആ ചരിത്രം ആവര്‍ത്തിക്കുകയാണ്.ജീവിതത്തിലെ മുഴുവന്‍ പ്രതിസന്ധി ഘട്ടങ്ങളിലും ഇമാം ബുഖാരിക്ക് സാന്ത്വനമേകിയത് മാതാവിന്റെ തണലായിരുന്നു.ചെറുപ്രായത്തില്‍ മാത്രമല്ല ജീവിതത്തില്‍ മുഴുക്കെയും മാതാവൊരു തണല്‍മരമായി നിന്നു.ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രാര്‍ത്ഥനയെന്ന വജ്രായുധം കൊണ്ട് എന്തും നേടിയെടുക്കാമെന്ന് കൂടിയാണ് ഇമാം ബുഖാരിയുടെ ഉമ്മ നമ്മെ ബോധ്യപ്പെടുത്തുന്നത്.

കാലം കാത്തിരിക്കുന്ന പ്രതിഭകളൊക്കെയും ബാല്യത്തില്‍ തന്നെ വിസ്മയങ്ങള്‍ തീര്‍ത്തവരാണ്. ഇമാം ശാഫിഈ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത് ഏഴാം വയസ്സിലാണെങ്കില്‍ ഇമാം ബുഖാരിയുടേത് പത്താം വയസ്സിലാണ്.അപാരമായ ബുദ്ധിശക്തിയും അന്വേഷണ തൃഷ്ണയും നിരീക്ഷണ പാടവവും ഇമാമവര്‍ കളില്‍ അന്തര്‍ലീനമായിരുന്നു. ഇളം ബാല്യത്തില്‍ തന്നെ ഹദീസുകളോടുള്ള അഭിനിവേശം അവരില്‍ അല്ലാഹു പ്രത്യേകം ചൊരിഞ്ഞ് കൊടുത്തു. കേട്ട മാത്രയില്‍ തന്നെ ഹൃദിസ്ഥമാക്കുന്ന ബുദ്ധികൂര്‍മ്മതയായിരുന്നു അവര്‍ക്ക്. കൗമാരപ്രായത്തില്‍ എഴുപതിനായിരം ഹദീസുകളാണ് ഇമാം ബുഖാരി മനഃപാoമാക്കിയത്.

പതിനാറ് വയസ്സായപ്പോഴേക്കും നിലവിലുള്ള ഹദീസ് ശേഖരമെല്ലാം ഹൃദിസ്ഥമാക്കി. ഉദ്ധരിക്കപ്പെടുന്ന ഓരോ ഹദീസിന്റെയും ശരിയായ പശ്ചാതലം, നിവേദകരുടെ കാലം, ജീവിതരീതി, അവരുടെ ഗുരുക്കള്‍ ,ശിഷ്യന്മാര്‍ അടക്കമുള്ളവരുടെ ചരിത്രം എല്ലാം ഹൃത്തടത്തില്‍ പകര്‍ത്തിയായിരുന്നു ഇത്. എവിടെയെങ്കിലും ഒരു ഹദീസുണ്ടെന്ന് കേട്ടാല്‍ അവിടേക്ക് തിരിക്കുകയും അയാളുടെ സമ്പൂര്‍ണ ചരിത്രം ശേഖരിക്കുകയും നിവേദക പരമ്പരയടക്കം ഹൃദിസ്ഥമാക്കുകയും ചെയ്യുന്നതായിരുന്നു ഇമാംബുഖാരിയുടെ പഠന രീതി. ഹദീസുകള്‍ കുറിച്ചു വെക്കാത്തതില്‍ നീരസം പ്രകടിപ്പിക്കുകയും ആരോപണമുന്നയിക്കുകയും ചെയ്തവരെ ഓര്‍മ ശക്തിയുടെ തിളക്കം കാട്ടി വായയടപ്പിച്ചിട്ടുണ്ട് ഇമാം ബുഖാരി. ഇമാം ദാഖിലിയെന്ന പ്രമുഖ ഹദീസ് പണ്ഡിതന്റെ സദസ്സിലെത്തി നിവേദക പരമ്പരയിലെ സൂക്ഷ്മമായ സ്ഖലിതത്തെപ്പോലും ചൂണ്ടിക്കാണിച്ചിട്ടുണ്ട് പതിനൊന്നുകാരനായ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍.

പതിനാറാം വയസ്സില്‍ മാതാവിനും സഹോദരനുമൊത്ത് മക്കയിലേക്ക് ഹജ്ജിനു പോയി.അവര്‍ സ്വദേശത്തേക്ക് തിരിച്ചെങ്കിലും ഇമാമവര്‍കള്‍ തന്റെ പഠന സപര്യയിലായി മക്കയില്‍ തന്നെ താമസിക്കുകയായിരുന്നു. ഹിജാസില്‍ ആറ് വര്‍ഷക്കാലം താമസിച്ചിട്ടുണ്ടെന്നാണ് ചരിത്രം.ബസ്വറ, കൂഫ, ഈജിപ്ത്, ബഗ്ദാദ്, ദമസ്‌കസ് തുടങ്ങിയ ദേശങ്ങളിലേക്കെല്ലാം ഹദീസ് തേടി പലതവണ സഞ്ചരിച്ചു.

പതിനാറ് വര്‍ഷത്തെ നീണ്ട സപര്യക്കൊടുവിലാണ് സ്വഹീഹുല്‍ ബുഖാരിയുടെ രചന പൂര്‍ണ്ണമാവുന്നത്.പ്രത്യേക ചില പ്രേരണകള്‍ കൂടിയുണ്ടായിരുന്നു ഈ ഉദ്യമത്തിന് പിന്നില്‍.ഒന്നാമതായി ഗുരുവര്യര്‍ ഇസ്ഹാഖ് ബിന്‍ റാഹവൈഹിയുടെ സ്വഹീഹായ ഹദീസുകളെ മാത്രം ക്രോഡീകരിക്കാനുള്ള അപേക്ഷയായിരുന്നു. മറ്റൊന്ന് വിശറി കൊണ്ട് തിരുനബി യില്‍ നിന്നും പ്രാണികളെ താന്‍ വകഞ്ഞു മാറ്റുന്നതായി കണ്ട സ്വപ്നദര്‍ശനവുമായിന്നു.

സൂക്ഷ്മത മുഖമുദ്രയാക്കിയ മഹാമനീഷിയായിരുന്നു ഇമാം ബുഖാരി. ഹദീസുകള്‍ സ്വീകരിക്കുന്നിടത്ത് പുലര്‍ത്തിയ കണിശത അതിന്റെ കൂടി ഭാഗമായിരുന്നു. ഒരിക്കല്‍ നൂറ് കണക്കിന് മൈലുകള്‍ താണ്ടി ഹദീസിന് വേണ്ടി ഒരാളുടെ അടുത്തെത്തി. അദ്ദേഹം ഒരു മൃഗത്തെ കബളിപ്പിക്കുന്ന കാഴ്ചയാണ് ഇമാം ബുഖാരിയെ വരവേറ്റത്. ആ നിമിഷം തന്നെ ഹദീസ് വേണ്ടെന്ന് വെച്ച് മഹാന്‍ തിരിച്ച് നടന്നു. ഹദീസുകളുടെ സ്വീകാര്യത തീരുമാനിക്കാന്‍ നിവേദകരുടെ വ്യക്തിനിരൂപണം അനിവാര്യമാണെന്ന് വന്നപ്പോഴും അവരെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ വളരെ സൂക്ഷ്മമായാണ് പദപ്രയോഗങ്ങള്‍ നടത്തിയത്.

ഒരിക്കല്‍ മഹാരഥന്‍ ആയിരം ദീനാറുമായി കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. സൗഹൃദം നടിച്ച് ഒരു യാത്രക്കാരന്‍ ഈ വിവരം അറിയുകയും തന്റെ ആയിരം ദീനാര്‍ മോഷ്ടിക്കപ്പെട്ടെന്ന് ഉറക്കെ വിളിച്ച് കൂവുകയും ചെയ്തു. ഇമാം ബുഖാരിയെ മോഷ്ടാവായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമമായിരുന്നു ഇത്. മഹാനവര്‍കള്‍ ഉടനെ ആ പണം കടലില്‍ ഉപേക്ഷിച്ചു.തിരു ഹദീസുകള്‍ക്ക് സേവനം ചെയ്യുന്ന തന്നെക്കുറിച്ച് മോഷ്ടാവെന്ന് പറയപ്പെടുന്ന ഒരു നിമിഷം പോലും ഉണ്ടാകരുതെന്നതായിരുന്നു അവിടുത്തെ നിലപാട്.

അറിവന്വേഷണമെന്ന് പറയുന്നത് അയത്‌നലളിതമായി സാധിക്കാവുന്ന ഒരു കാര്യമല്ലെന്ന് ഇമാം ബുഖാരിയുടെ ജ്ഞാന ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ത്യാഗപര്‍വ്വങ്ങള്‍ താണ്ടുമ്പോള്‍ മാത്രമാണ് ജ്ഞാനപുഷ്‌കലമായ വ്യക്തിത്വം സാധ്യമാകുന്നത്.സാഹസിക യാത്രകള്‍ തന്നെയായിരുന്നു ഇമാം ബുഖാരിയുടെ ഹദീസ് തേടിയുള്ള സഞ്ചാരം. ഗതാഗത സൗകര്യo വളരെ ശുഷ്‌ക്കിച്ച അക്കാലത്തും ഒരൊറ്റ ഹദീസിനു വേണ്ടി മാത്രം രാഷ്ട്രാതിര്‍ത്തികള്‍ ഭേദിക്കാനും അവിടുന്ന് മടി കാണിച്ചില്ല.

വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരില്‍ നിന്നും ജ്ഞാനം സ്വീകരിക്കണമെന്ന ഇമാം വഖീഇന്റെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു ഇമാം ബുഖാരി. ആയിരത്തി എണ്‍പത് ഗുരുക്കളില്‍ നിന്നും ഞാന്‍ വിദ്യ അഭ്യസിച്ചുവെന്ന് താരീഖ് ബഗ്ദാദില്‍ ഉദ്ധരിക്കുന്നുണ്ട്. സമ്പന്നനായിരുന്നിട്ടും കഷ്ടതകളും യാതനകളും സഹിച്ച് തന്നെയായിരുന്നു ബുഖാരിയുടെ ജ്ഞാനയാത്ര. കയ്യിലുള്ള പണമെല്ലാം തീര്‍ന്ന ഒരു യാത്രയില്‍ പച്ചപ്പുല്ല് തിന്ന് വിശപ്പടക്കേണ്ടി വന്നിട്ടുണ്ട്. ഉടുവസ്ത്രമൊഴിച്ച് ബാക്കിയുള്ള വസ്ത്രങ്ങളെല്ലാം വില്‍ക്കേണ്ടി വന്ന ചരിത്രവുമുണ്ട്.
‘ഹദീസ് മന:പാഠമാകണമെന്ന് നിനക്കാഗ്രഹമുണ്ടെങ്കില്‍ അത് കൊണ്ട് അമല്‌ചെയ്യുക’ എന്ന ഇമാം വഖീഇന്റെ വാക്കുകള്‍ ബുഖാരിയെ ആഴത്തില്‍ സ്വാധീനിച്ചു.പ്രായോഗികമായ ഹദീസെല്ലാം ജീവിതത്തില്‍ പകര്‍ത്തി.അവ വിശ്വാസ അനുഷ്ഠാന കാര്യങ്ങളില്‍ മാത്രം പരിമിതമായിരുന്നില്ല. അമ്പെയ്ത്തിനെ പ്രതിയുള്ള ഹദീസ് വരെ തന്റെ ജീവിതത്തില്‍ പ്രയോഗവത്കരിച്ചു.അഹ്‌സാബ് യുദ്ധവേളയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയ പ്രവാചക മാതൃക സ്വീകരിച്ച് തന്റെ പ്രദേശത്തെ സത്ര നിര്‍മാണത്തില്‍ മഹാനവര്‍കള്‍ കല്ല് ചുമക്കുകയും മറ്റു സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും വിജ്ഞാന സമ്പാദനത്തിനുമായി തന്റെ മുഴുവന്‍ സമ്പത്തും ചെലവഴിക്കുകയും ചെയ്തു അവിടുന്ന്.

ആരോപണങ്ങള്‍ കൊണ്ട് ക്രൂശിക്കപ്പെടുകയെന്നത് ഉന്നതശീര്‍ഷരായ പണ്ഡിതരുടെ മുഴുവന്‍ അടയാളമായിരുന്നു.പട്ടുമെത്തയിലൂടെ നടന്നല്ല കനല്‍ പഥങ്ങള്‍ താണ്ടി തന്നെയാണ് മഹത്വുക്കള്‍ ഗിരിശൃംഗങ്ങളേറിയത്. അസൂയാലുക്കള്‍ തീര്‍ത്ത പ്രാതികൂല്യങ്ങള്‍ക്ക് നടുവിലൊരിക്കലും പണ്ഡിത പ്രതിഭകള്‍ തളര്‍ന്ന് വീണിട്ടില്ല.ആരോപണങ്ങളൊരിക്കലും നിഷ്‌കളങ്ക പണ്ഡിതരുടെ മേല്‍ വിലാസത്തിന് പോറലേല്‍പിച്ചിട്ടുമില്ല. ഇമാം ബുഖാരിയുടെ ചരിത്രം അതാണ് തെര്യപ്പെടുത്തുന്നത്.
ഹദീസില്‍ കൃത്രിമത്വം കാണിച്ച് ഇമാം ബുഖാരിയെ ഉത്തരം മുട്ടിക്കാന്‍ ബഗ്ദാദിലെ ചില പണ്ഡിതര്‍ കരുക്കള്‍ നീക്കി.എന്നാല്‍ തന്റെ പ്രതിഭാ ത്വം കൊണ്ട് അവരുടെ കെണികളെയെല്ലാം കശക്കിയെറിയാന്‍ മഹാനവര്‍കള്‍ക്ക് സാധിക്കുകയായിരുന്നു. സമര്‍ഖന്തില്‍ നാനൂറ് പേരാണ് ഇതേ ആയുധവുമായി ബുഖാരിയെ നേരിട്ടത്. പക്ഷേ അസൂയാലുക്കളായ പണ്ഡിതര്‍ക്കെല്ലാം ഈ ആത്മജ്ഞാനിക്ക് മുമ്പില്‍ മുട്ട് മടക്കേണ്ടി വന്നു. ചില വാചകങ്ങള്‍ വളച്ചൊടിച്ച് ഖുര്‍ആന്‍ സൃഷ്ടിവാദിയാണ് ബുഖാരിയെന്ന് സ്ഥാപിക്കാനും ശത്രുക്കള്‍ ശ്രമിച്ചിട്ടുണ്ട്.

അധികാര രാഷ്ട്രീയത്തിന്റെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ല.അസൂയാലുക്കളായ പണ്ഡിതനാട്യക്കാരായിരുന്നു ഈ അതിക്രമങ്ങള്‍ക്കും ഇന്ധനം പകര്‍ന്നത്.ഖാലിദ് ബിന്‍ അഹ്മദെന്ന ഗവര്‍ണര്‍ ഇമാമിനെ കൊട്ടാരത്തിലേക്ക് വിളിച്ച് വരുത്താനും കൊട്ടാരത്തില്‍ വെച്ച് മകനെ പഠിപ്പിക്കാനും ഉത്തരവിട്ടു. ജ്ഞാനത്തെ ഭരണാധിപരുടെ ഉമ്മറപ്പടിയില്‍ കൊണ്ടു വെക്കാനാവില്ലെന്നായിരുന്നു ബുഖാരിയുടെ ധീര പ്രതികരണം.തല്‍ഫലമായി ജന്മനാട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്ന ക്രൂരതയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.പിന്നീട് സമര്‍ഖന്തിലേക്ക് നീങ്ങവെ ഖിര്‍തങ്ക് എന്ന ഗ്രാമത്തില്‍ വെച്ച് ഹിജ്‌റ 256 ശവ്വാല്‍ ഒന്നിന് തിരുവചനങ്ങളുടെ കാവലാള്‍ യാത്രയായി.

ഇമാം ബുഖാരിയുടെ ധന്യസ്മരണകളുയര്‍ത്തിപ്പിടിച്ച് കൊണ്ടോട്ടിയില്‍ സ്ഥാപിതമായ ബുഖാരി സ്ഥാപനസമുച്ചയങ്ങള്‍ മുപ്പത് പൂര്‍ത്തിയാക്കുന്ന സമയം കൂടിയാണിത്. താജുല്‍ ഉലമയായിരുന്നു മഹത്തായ ഈ നാമകരണത്തിന് നിര്‍ദേശം നല്‍കിയത്. വൈജ്ഞാനിക രംഗത്ത് മികവ് പുലര്‍ത്തുന്ന പണ്ഡിതര്‍ക്ക് ഇമാം ബുഖാരി അവാര്‍ഡും ഇതിനു കീഴില്‍ നല്‍കപ്പെടുന്നു.