Connect with us

Articles

കടപ്പാടുകള്‍ പൂര്‍ത്തിയാക്കാം, സ്രഷ്ടാവിനോടും സൃഷ്ടികളോടും

Published

|

Last Updated

ചിത്രം | പി കെ നാസർ

വിശുദ്ധ റമസാനിലെ ആത്മീയ ധന്യമായ ദിനരാത്രങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്. ശാരീരികവും മാനസികവുമായ വിശുദ്ധീകരണത്തിന്റെ മാസമായിരുന്നു റമസാന്‍. റമസാനില്‍ കൈവരിച്ച സംസ്‌കരണവും വിശുദ്ധിയും ജീവിതത്തില്‍ തുടര്‍ന്നും സൂക്ഷ്മമായി കൊണ്ടുപോകാന്‍ കഴിയുന്ന വിധത്തിലായിക്കണം പെരുന്നാള്‍ മുതല്‍ തുടങ്ങുന്ന മുസ്ലിമിന്റെ ഓരോ ദിനങ്ങളും.
ആഘോഷങ്ങള്‍ ഇസ്ലാമിക സംസ്‌കൃതിയുടെ ഭാഗമാണ്. നബി(സ്വ) പഠിപ്പിച്ചു: “ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ഈദുല്‍ ഫിത്വര്‍ നമ്മുടെ ആഘോഷമാകുന്നു”. ശരീരത്തിനും മനസ്സിനും കുളിര്‍മ പകരുന്നതാണ് ആഘോഷങ്ങള്‍. പക്ഷേ, ഇസ്ലാം കല്‍പ്പിച്ച രൂപത്തിലും ഭാവത്തിലും ആയിരിക്കണം നമ്മുടെ ഓരോ ആഘോഷവും. മുസ്‌ലിമിന്റെ മൂല്യങ്ങളും ധര്‍മങ്ങളും കാത്തുസൂക്ഷിക്കുന്ന വിധത്തിലാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്. പെരുന്നാളിനെ കുറിച്ചുള്ള റസൂല്‍ (സ)യുടെ പാഠങ്ങള്‍ സൂചിപ്പിക്കുന്നത് ആഘോഷത്തിന്റെ നൈതിക വശങ്ങളിലേക്ക് കൂടിയാണ്. ജാഹിലിയ്യ സമൂഹം രണ്ടു ആഘോഷങ്ങള്‍ കേമമായി കൊണ്ടാടിയിരുന്നു. മദീനയില്‍ എത്തിയ ശേഷം അനുചരരെ നബിയറിയിച്ചു: നേരത്തെ ഉണ്ടായിരുന്ന തിനേക്കാള്‍ ഉത്തമമായ രണ്ട് ആഘോഷ ദിനങ്ങള്‍ നിങ്ങള്‍ക്കായി അല്ലാഹു സംവിധാനിച്ചിരിക്കുന്നു- ഈദുല്‍ ഫിത്വറും ഈദുല്‍ അസ്ഹയും. ജാഹിലിയ്യ സമൂഹത്തിന്റെ ആഘോഷങ്ങളില്‍ ശരീരത്തിന്റെ ആനന്ദത്തിന് മാത്രമായിരുന്നു പ്രാധാന്യം. എല്ലാത്തരം ആഭാസങ്ങളും അതില്‍ അടങ്ങിയിരുന്നു. ദൈവികമായ മാനങ്ങള്‍ ഉള്ളതായിരിക്കണം മുസ്ലിമിന്റെ ആഘോഷങ്ങള്‍ എന്ന നിലക്കാണ് വ്യതിരിക്തമായ രണ്ടു പെരുന്നാളുകള്‍ അനുഷ്ഠിക്കാന്‍ റസൂല്‍ (സ) പഠിപ്പിച്ചത്.

റമസാനിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണം പെരുന്നാള്‍ മുതല്‍ വിശ്വാസികള്‍. പകല്‍ സമയത്തെ നോമ്പും രാത്രിയിലെ നിസ്‌കാരങ്ങളും വഴി ശാരീരികമായി തന്നെ ചില പ്രത്യേക തരത്തിലുള്ള പെരുമാറ്റങ്ങള്‍ റമസാന്‍ വിശ്വാസികളില്‍ ഉണ്ടാക്കിയിട്ടുണ്ട്. ജീവശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ടത് എന്നു നാം കരുതുന്ന ചില ശാരീരിക പ്രക്രിയകളില്‍ മാറ്റങ്ങളും നിയന്ത്രണവും വരുത്തിയാണ് വിശ്വാസികള്‍ ഈ പരിശീലനം പൂര്‍ത്തിയാക്കിയത്. ശാരീരികമായ ഇത്തരം അനുഭവങ്ങളെ ആത്മീയതലത്തില്‍ മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള ഒരു ലോകവീക്ഷണം രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് റമസാനിന്റെ അടിസ്ഥാനപരമായ ആശയങ്ങളില്‍ ഒന്ന്. റമസാനില്‍ കൈവരിച്ച ശാരീരികവും മാനസികവുമായ ഈ അച്ചടക്കത്തെ തന്റെ തന്നെ വരും കാലത്തേക്കും പുറത്തെ സമൂഹത്തിലേക്കും കൊണ്ടു വരിക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടു തന്നെ, റമസാന്‍ കഴിഞ്ഞാലും റമസാന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ, ശിക്ഷണങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. ആ ബാധ്യതയെ ഓര്‍മപ്പെടുത്തുന്ന ആഘോഷമാണ് പെരുന്നാള്‍.

ഒരേ സമയം സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടപ്പാടുകള്‍ നിര്‍വഹിക്കാനുള്ള മാര്‍ഗമായാണ് ഇസ്ലാം ഈദ് ആഘോഷത്തെ സംവിധാനിച്ചിരിക്കുന്നത്. സാമൂഹിക ജീവി എന്ന നിലയില്‍ മനുഷ്യന്റെ ഓരോ ആഘോഷത്തിനും സാമൂഹികവും മാനവികവുമായ ഒരു തലം കൂടിയുണ്ടാവണം എന്നതാണ് ഇസ്ലാമിന്റെ നിഷ്‌കര്‍ഷ. ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള ഫിത്‌റ് സകാത്ത് ഈ ഉത്തരവാദിത്വ നിര്‍വഹണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പാവപ്പെട്ടവരുടെ അവകാശമായ ഫിത്‌റ് സകാത്ത് കൊടുത്തുവീട്ടിയെങ്കില്‍ മാത്രമേ പെരുന്നാള്‍ ആഘോഷം പൂര്‍ണമാകുകയുള്ളൂ.
അതോടൊപ്പം ദാനധര്‍മങ്ങള്‍ പെരുന്നാള്‍ ദിവസത്തില്‍ അധികരിപ്പിക്കുക. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങളോട് എന്തു സമീപനമാണ് സ്വീകരിക്കുന്നുവെന്നത് ഒരാളുടെ വിശ്വാസത്തിന്റെ മര്‍മ പ്രധാനമായ ഭാഗമാണ്. ഒരാളുടെയും അഭിമാനത്തെയോ നീതിയെയോ ചോദ്യം ചെയ്യരുത്. ഓരോരുത്തരുടെയും അവകാശങ്ങള്‍ വക വെച്ചു കൊടുക്കണം. ദാന ധര്‍മങ്ങളെ ഇസ്ലാം ഔദാര്യമായല്ല കാണുന്നത്. പാവപ്പെട്ടവരുടെ അവകാശമായാണ്.

ബന്ധങ്ങള്‍ പെരുന്നാള്‍ ദിവസത്തില്‍ സജീവമാക്കുക. കുടുംബങ്ങളോടും അയല്‍വാസികളോടും സുഹൃത്തുക്കളോടും ഒക്കെയുള്ള ബന്ധത്തിന് ഇസ്ലാം വലിയ വില കല്‍പ്പിക്കുന്നു. ആധുനിക കാലത്തിന്റെ പ്രശ്നം, എല്ലാവരും സ്വത്വത്തിലേക്ക് പരിമിതപ്പെടുന്ന അവസ്ഥയാണ്. സാമൂഹിക ജീവി ആയ മനുഷ്യന് നിരവധി ഉത്തരവാദിത്വങ്ങളാണുള്ളത്. ബന്ധങ്ങള്‍ പുതുക്കുമ്പോള്‍ പലതും ഉപദേശിക്കാനും ഉള്‍ക്കൊള്ളാനും കഴിയും. അഥവാ സ്വയം പുനര്‍നിര്‍മിക്കല്‍ കൂടിയാണത്. പെരുന്നാള്‍ നിസ് കാരം കഴിഞ്ഞാല്‍ വീടുകളില്‍ പരസ്പരം കയറി, ഭക്ഷണം കഴിച്ചു സൗഹൃദം പങ്കിടുന്ന പാരമ്പര്യം കൂടുതല്‍ ഉര്‍ജസ്വലതയോടെ നിലനില്‍ക്കണം ഓരോ നാട്ടിലും.
വളരെ വിഷമകരമായ സന്ദര്‍ഭത്തിലൂടെയാണ് മനുഷ്യ സമൂഹം കടന്നു പോകുന്നത്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന പ്രകടമായ മാറ്റങ്ങള്‍, രാഷ്ട്രീയവും സാമൂഹികവുമായ അസ്വസ്ഥതകള്‍ എന്നിവയെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന ആള്‍ക്കൂട്ടം ഭീതി പരത്താന്‍ ശ്രമിക്കുന്നു. പരസ്പരം മനസ്സിലാക്കാനും സഹിഷ്ണുതയോടെ പെരുമാറാനും ഉള്ള മനുഷ്യന്റെ സ്വതസിദ്ധമായ കഴിവ് ജീവശാസ്ത്രപരമായി തന്നെ നഷ്ടപ്പെടുകയാണോ എന്നു സംശയിക്കേണ്ടുന്ന ഒരു സാഹചര്യത്തിലാണ് നാം ഉള്ളത്. അസഹിഷ്ണുതയും അസ്വസ്ഥതയും വര്‍ധിച്ചു വരുന്നു. ഇങ്ങനെയൊരു കാലത്തെ എങ്ങനെ നേരിടും എന്നുള്ളതാണ് ഓരോ മനുഷ്യനും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി. വിശ്വാസത്തിന്റെ ബലത്തില്‍ വേണം ഇത്തരം വെല്ലുവിളികളെ മറികടന്നു അല്ലാഹുവിനെ ഓര്‍ത്തുള്ള ശാന്തവും സമാധാനപരവുമായ ജീവിതം നയിക്കാന്‍. യഥാര്‍ഥ പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നത് ഓരോ കാലത്തും മുസ്‌ലിംകള്‍ എങ്ങനെ ജീവിക്കണം എന്നാണ്. ഇസ്ലാമിക പാരമ്പര്യ സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചാണ് അവര്‍ വഴികാട്ടുന്നത്. അതുകൊണ്ട് ഓരോ കാലത്തും വിശ്വാസത്തിന്റെ ദാര്‍ഢ്യം നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ പറ്റണം. എല്ലാം അല്ലാഹുവില്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥ ഉണ്ടാകണം. റമസാനില്‍ അതിനുള്ള പരിശീലനത്തില്‍ ആയിരുന്നല്ലോ. നമ്മുടെ ചുറ്റുമുള്ള ഓരോ മനുഷ്യര്‍ക്കും ചെറുപ്രാണികള്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ആ പരിശീലനത്തിന്റെ ഗുണം എത്തിച്ചു കൊടുക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. അതു വഴി പ്രതീക്ഷാ നിര്‍ഭരമായ ഒരു ലോകത്തെയും കാലത്തെയും സാധ്യമാക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധ്യമാകണം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.

Latest