കൊടിമരത്തില്‍ ദ്രാവകമൊഴിച്ചതായി പിടിയിലായവര്‍

Posted on: June 25, 2017 8:33 pm | Last updated: June 26, 2017 at 1:55 pm

പമ്പ: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചതായി പിടിയിലായ മൂന്നു പേര്‍ സമ്മതിച്ചു. ആചാരത്തിന്റെ ഭാഗമായാണ് ദ്രാവകമൊഴിച്ചതെന്നും നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമാണ് ഒഴിച്ചതെന്നുമാണ് മൊഴി. ഇവരില്‍ നിന്ന് ദ്രാവകം അടങ്ങിയ കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശികളാണ് ഇവര്‍. പിടിയിലായവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

സിസിടിവ ദൃശ്യങ്ങളില്‍ ഇവര്‍ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.

ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. ഈ കൂട്ടത്തിലൊരാള്‍ കഴിഞ്ഞ ദിവസം കൊടിമരത്തില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

സ്വര്‍ണക്കൊടിമരത്തിന് ചെലവായ മൂന്നുകോടി 20 ലക്ഷം രൂപ ഹൈദരാബാദിലെ ഫീനിക്‌സ് ഇന്‍ഫ്രാടെക് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വഴിപാടായി നല്‍കിയത്. പിടിയിലായവര്‍ ആന്ധ്രപ്രദേശുകാരായതിനാല്‍ ഈ സ്ഥാപനവുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.