നടി ആക്രമിക്കപ്പെട്ട സംഭവം: ബ്ലാക്‌മെയില്‍ ചെയ്തതായി ദിലീപിന്റെ പരാതി

Posted on: June 24, 2017 11:23 am | Last updated: June 24, 2017 at 2:53 pm

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കി. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ എന്ന് അവകാശപ്പെട്ട വിഷ്ണു എന്നയാള്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ദിലീപും നാദിര്‍ഷയും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ വലിച്ചിഴക്കുമെന്നായിരുന്നു ഭീഷണി.
ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരുന്ന സമയത്ത് ഏപ്രില്‍ 20നാണ് ഇവര്‍ പരാതി നല്‍കിയത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട് പള്‍സര്‍ സുനി അറിഞ്ഞുകൊണ്ടാണോ വിഷ്ണു എന്നയാള്‍ ഫോണ്‍ ചെയ്തതെന്ന് വ്യക്തമല്ല. ദിലീപിന്റെ പേരു പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ നടിമാര്‍ ഉള്‍പ്പെടെ സിനിമാ രംഗത്തെ ചിലര്‍ ശ്രമിക്കുന്നതായും ഫോണ്‍ ചെയ്തയാള്‍ പറഞ്ഞുവെന്നും എന്നാല്‍ അതൊന്നും തങ്ങള്‍ വിശ്വസിച്ചിട്ടില്ലെന്നും സത്യാവസ്ഥ പുറത്ത് വരണമെന്നതിനാലാണ് പരാതി നല്‍കിയതെന്നും നാദിര്‍ഷ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടിയുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തിയിരുന്നു.