ആഘോഷത്തിന്റെ അവകാശികള്‍

Posted on: June 24, 2017 6:03 am | Last updated: June 23, 2017 at 11:12 pm

ഒരു മാസം നീണ്ടുനിന്ന ശക്തമായ പ്രചാരണത്തിനൊടുവില്‍ തിരഞ്ഞെടുപ്പ് നടന്നു. എതിര്‍ സ്ഥാനാര്‍ഥിയെ എല്ലാ നിലക്കും പിന്തള്ളി വന്‍ വിജയം നേടിയ സ്ഥാനാര്‍ഥിക്കും അനുയായികള്‍ക്കുമാണ് വിജയാഹ്ലാദം നടത്താനുള്ള അവകാശമുള്ളത്. ഇതുപോലെയാണ് റമസാന്‍ മാസം. ദേഹേഛക്കും പിശാചിനുമെതിരെ ഒരു മാസമായി അതിശക്തമായ പ്രചാരണങ്ങളുമായി മുന്നേറുകയായിരുന്നു. മനസ്സിനെ അവയുടെ പിടിയില്‍ നിന്നും വിമോചിപ്പിച്ച്, സ്വന്തം നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് വിധേയപ്പെടാനും പാകപ്പെടുത്തിയിരിക്കുകയാണ്.

ഈ രണ്ട് എതിരാളികളേയും തോല്‍പ്പിച്ച് ആത്മവിശുദ്ധി നേടിയവര്‍ക്കാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാനുള്ള യഥാര്‍ഥ അവകാശമുള്ളത്. പെരുന്നാള്‍ രാവ് പിറക്കുന്നതോടെ വിജയഭേരി മുഴക്കി അഹ്ലാദം പ്രകടിപ്പിക്കുന്ന വിശ്വാസികള്‍ തക്ബീര്‍ മുഴക്കി വിജയത്തിന് വഴിയൊരുക്കിയ അല്ലാഹുവിന് അഭിവാദ്യമര്‍പ്പിക്കുകയാണ്. ‘അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്’ വിജയിപ്പിച്ചവര്‍ക്ക് സ്ഥാനാര്‍ഥികള്‍ അഭിവാദ്യമര്‍പ്പിക്കുന്ന തുപോലെ. അല്ലാഹുവിന് പ്രകീര്‍ത്തനങ്ങള്‍ ചൊരിയുക എന്നതാണ് ഈദാഘോഷത്തിന്റെ മര്‍മം. ഈദുല്‍ ഫിത്വറിന് പെരുന്നാള്‍ രാവായതു മുതല്‍ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുന്നത് വരെ ഇടതടവില്ലാതെ ഈ മുദ്രാവാക്യം മുഴക്കല്‍ സുന്നത്താണ്. നിസ്‌കരിക്കാന്‍ സാധിക്കാത്തവര്‍ ളുഹ്ര്‍ വരെ തക്ബീര്‍ മുഴക്കണം. പെരുന്നാള്‍ നിസ്‌കാരത്തിലും ആദ്യ റകഅത്തില്‍ ഏഴും രണ്ടാം റകഅത്തില്‍ അഞ്ചും തക്ബീറുകള്‍ മുഴക്കണം. ഫാതിഹക്ക് മുമ്പ് ചൊല്ലുന്ന ഈ തക്ബീര്‍ മഅ്മൂമുകളും ഉറക്കെ ചൊല്ലുന്നതാണ് സുന്നത്ത്. ഇതും വിജയാഹ്ലാദത്തിന്റെ ഭാഗമാണ്.

നിസ്‌കാരാനന്തരം നടക്കുന്ന രണ്ട് ഖുതുബകളിലുമുണ്ട് ഈ തക്ബീര്‍ ടച്ച്. ആദ്യ ഖുതുബ ഒമ്പത് തക്ബീര്‍ കൊണ്ടും രണ്ടാം ഖുതുബ ഏഴ് തക്ബീര്‍ കൊണ്ടുമാണ് തുടങ്ങേണ്ടത്. ഈത്തപ്പഴം തിന്നായിരുന്നു എന്നും നോമ്പ് തുറന്നിരുന്നത്. ഈദുല്‍ ഫിത്വര്‍ (നോമ്പ് അവസാനിപ്പിക്കുന്ന ആഘോഷം) ആയതുകൊണ്ട് അന്ന് കാലത്ത് കഴിക്കുന്ന ആദ്യ ഭക്ഷണം ഈത്തപ്പഴമാവല്‍ സുന്നത്തുണ്ട്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ മധുരവിതരണം നടത്താറുണ്ട്. ഇതുപോലെ, നോമ്പ് നോറ്റവര്‍ ഒരു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിച്ച് പാവങ്ങള്‍ക്ക് പ്രധാനാഹാരം വിതരണം ചെയ്യണം. ഇതാണ് ഫിത്വര്‍ സക്കാത്ത്. പെരുന്നാള്‍ രാവ് മുതല്‍ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുന്നത് വരെയാണ് വിതരണത്തിന് ഉത്തമമായ സമയം. ഇതിന്റെ വിതരണം പൂര്‍ത്തിയാക്കാന്‍ വേണ്ടി, ഈദുല്‍ ഫിത്വര്‍ നിസ്‌കാരം സമയമായതിന് ശേഷം അല്‍പം പിന്തിക്കല്‍ സുന്നത്താണ്. ബലിപെരുന്നാളിന് നിസ്‌കാര ശേഷം ബലിയറുക്കാനുള്ളതിനാല്‍ സമയം ഏറെ വൈകാതെ നിസ്‌കരിക്കലാണ് ഉത്തമം.

പള്ളികള്‍ സൗകര്യമുണ്ടെങ്കില്‍ പെരുന്നാള്‍ നിസ്‌കാരം പള്ളിയില്‍ വെച്ച് നിര്‍വഹിക്കല്‍ തന്നെയാണ് ഉത്തമം. നബി(സ)യുടെ കാലത്തും മക്കയില്‍ മസ്ജിദുല്‍ ഹറമില്‍ വെച്ചായിരുന്നു നിസ്‌കരിച്ചിരുന്നത്. മദീനയിലെ പള്ളി എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമല്ലാത്തതിനാല്‍ നബി(സ) മുസ്‌ലിംകളുടെ അധീനത്തില്‍ പെട്ടതും വൃത്തിയോടെ സൂക്ഷിച്ചിരുന്നതുമായ ഈദു മുസ്വല്ലയില്‍ വെച്ചായിരുന്നു നിസ്‌കാരം നിര്‍വഹിച്ചിരുന്നത്. ഇന്ന് മസ്ജിദുന്നബവി വിശാലമായതുകൊണ്ട് മദീനയിലും പള്ളിയില്‍ വെച്ച് തന്നെയാണ് പെരുന്നാള്‍ നിസ്‌കാരം നടക്കുന്നത്.

കേരളത്തിലെവിടെയും ഈദ്ഗാഹ് ഉള്ളതായി അറിവില്ല. ടൗണ്‍ ഹാളുകളിലും കല്യാണ മണ്ഡപങ്ങളിലും ഇരന്നു വാങ്ങുന്ന പൊതു സ്ഥലങ്ങളിലും ‘ഈദ് ഗാഹ്’ എന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചാല്‍ അത് നബി(സ)യുടെ മാതൃകയാകില്ല. വിശാലമായ പള്ളികള്‍ അടച്ചിട്ട് വലിയ പണം ധൂര്‍ത്തടിച്ച് സ്ത്രീകളെ പ്രദര്‍ശന വസ്തുക്കളാക്കി ചിലര്‍ ഇന്ന് നടത്താന്‍ ശ്രമിക്കുന്നത് വ്യാജ ഈദ് ഗാഹുകളാണ്. സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാനേ ഇതുപകരിക്കൂ.
പെരുന്നാള്‍ ദിവസം സുബ്ഹി കഴിഞ്ഞ് പ്രത്യേക നിയ്യത്തോടെ കുളിക്കുന്നതും പുതിയതും ഉള്ളതില്‍ വിലപിടിപ്പുള്ളതുമായ വസ്ത്രം ധരിക്കലും കുടുംബത്തിന് സുഭിക്ഷമായ ആഹാരം നല്‍കലുമൊക്കെ ആഘോഷത്തിന്റെ ഭാഗമാണ്. മരിച്ചവരുടെ ഖബറുകള്‍ സന്ദര്‍ശിച്ചും കുടുംബക്കാര്‍, അയല്‍വാസികള്‍ തുടങ്ങിയവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയും ആഘോഷം ഊഷ്മളകരമാക്കാം.

ആത്മീയതക്കു നിരക്കാത്തതും അല്ലാഹുവിന് ഇഷ്ടമില്ലാത്തതുമായ ഒരിടത്തും നമ്മെ കണ്ടുപോകരുത്. ഇത് ഒരു മാസത്തെ വ്രതവിശുദ്ധിയെ അവസാനം വെച്ച് നശിപ്പിക്കുന്നതിന് സമമാണ്. എല്ലാവര്‍ക്കും ഈദ് ആശംസകളോടെ….