Connect with us

Gulf

സുല്‍ത്താന ബീഗം: കൊല്‍ക്കത്തയിലെ ചേരിയില്‍ ഒരു മുഗള്‍ രാജകുമാരി

Published

|

Last Updated

കൊല്‍ക്കത്തയിലെ തന്റെ ചായക്കടയില്‍ സുല്‍ത്താന ബീഗം

ഒരു കാലത്ത് ഈ ഭൂമിയുടെ കാല്‍ഭാഗവും ഭരിച്ചിരുന്നവര്‍ മുഗള്‍ ചക്രവര്‍ത്തിമാരായിരുന്നു. അളക്കാനാവാത്ത സമ്പത്തിനുടമകളായവര്‍. അങ്കം വെട്ടി നിണപ്പുഴ ഒഴുക്കി ഇന്ത്യയെ ഒരുകാലത്ത് അടക്കി ഭരിച്ചതാണ് മുഗള്‍ സാമ്രാജ്യം. ലോക ജനസംഖ്യയിലെ നാലിലൊരു ഭാഗം മുകള്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. പലവിധത്തിലൂടെ കുമിഞ്ഞു കൂടിയ സമ്പന്നതയിലായിരുന്നു മുഗള്‍ സാമ്രാജ്യം. വാര്‍ഷിക വരുമാനം തന്നെ 4,000 ടണ്‍ വെള്ളിയില്‍ കൂടുതലായിരുന്നു. അക്ബറുടെ കാലത്ത് ജഗീറുകളില്‍ നിന്നു പിരിക്കുന്ന നികുതിയും മാന്‍സബ്ദാറുകള്‍ക്കുള്ള വേതനവും മുഗളരെ സമ്പന്നതയുടെ നെറുകയില്‍ എത്തിച്ചു.
പതിനെട്ടാം നൂറ്റാണ്ടില്‍ സാമ്രാജ്യത്തിലെ പ്രവിശ്യകളോരോന്നും സ്വതന്ത്രമായ നിലനില്‍പ് കൈവരിച്ചു. നാമമാത്ര അധികാരത്തിനായി മുഗള്‍ ചക്രവര്‍ത്തിമാര്‍ മറാഠരുമായും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായും സഖ്യത്തിലേര്‍പെട്ടു. 1803ലെ ദില്ലി യുദ്ധത്തില്‍ മറാഠരെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാര്‍ ഉത്തരേന്ത്യയുടെ നിയന്ത്രണം കൈയടക്കി. മുഗളരുടെ സംരക്ഷകരായി ദില്ലിയിലെത്തിയ ബ്രിട്ടീഷുകാര്‍ തുടക്കത്തില്‍ ചക്രവര്‍ത്തിയോട് ബഹുമാനപൂര്‍വമായിരുന്നു പെരുമാറിയിരുന്നത്. അവര്‍ നാണയങ്ങള്‍ ചക്രവര്‍ത്തിയുടെ പേരിലായിരുന്നു അടിച്ചിറക്കിയിരുന്നത്. കമ്പനിയുടെ സീലില്‍പ്പോലും മുഗള്‍ ചക്രവര്‍ത്തി ഷാ ആലത്തെ അംഗീകരിച്ചുകൊണ്ട് ഫിദ്വി ഷാ ആലം (ഷാ ആലത്തിന്റെ വിനീതവിധേയന്‍) എന്ന വാചകം ഉള്‍പെടുത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് പുരോഗമിക്കുമ്പോള്‍ അധികാരം മുഴുവന്‍ ബ്രിട്ടീഷ് റെസിഡന്റില്‍ കേന്ദ്രീകരിക്കപ്പെട്ടു. ചാള്‍സ് മെറ്റ്കാഫ്, രണ്ടാം വട്ടം റെസിഡന്റ് സ്ഥാനത്തിരിക്കുന്ന കാലം മുതല്‍ക്കാണ് മുഗള്‍ ചക്രവര്‍ത്തിയോടുള്ള ബ്രിട്ടീഷുകാരുടെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റം വന്നുതുടങ്ങിയത്. ചക്രവര്‍ത്തിയുടെ മേല്‍ക്കോയ്മ അംഗീകരിച്ച് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് കാഴ്ച സമര്‍പിച്ചുകൊണ്ടിരുന്ന പതിവ്, ചാള്‍സിന്റെ പ്രേരണപ്രകാരം, 1832ല്‍ ഗവര്‍ണര്‍ ജനറല്‍ നിര്‍ത്തലാക്കി. തൊട്ടടുത്ത വര്‍ഷം ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കുന്ന നാണയങ്ങളില്‍നിന്ന് മുഗള്‍ ചക്രവര്‍ത്തിയുടെ പേര് ഒഴിവാക്കി. ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന ഓക്ലന്‍ഡ് പ്രഭു, ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ ചക്രവര്‍ത്തിയുമായി ഒരു കൂടിക്കാഴ്ച പോലും നടത്തിയില്ല. ഡല്‍ഹൗസിയാകട്ടെ ഏതൊരു ബ്രിട്ടീഷ് പ്രജയെയും മുഗള്‍ സ്ഥാനമാനങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കി. അങ്ങനെ മുഗള്‍ ചക്രവര്‍ത്തി ഒരു ഔപചാരിക ഭരണാധികാരി മാത്രമായി മാറുകയും, അധികാരം ദില്ലിയിലെ ചെങ്കോട്ടയില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു. തീരുമാനങ്ങള്‍ക്കെല്ലാം റെസിഡന്റിന്റെ അനുമതിയും ആവശ്യമായിരുന്നു. ക്രമേണ മുഗള്‍ രാജകുടുംബത്തെ ചെങ്കോട്ടയില്‍നിന്നുതന്നെ പുറത്താക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ പദ്ധതി. ഇതിനായി അവസാന മുഗള്‍ ചക്രവര്‍ത്തിയായ ബഹാദൂര്‍ഷാ സഫറിന്റെ കിരീടാവകാശിയായ പുത്രന്‍ മിര്‍സ ഫഖ്‌റുവുമായി അവര്‍ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. എങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള 1857ലെ ലഹളസമയത്ത് ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ഷാ സഫറിനെയായിരുന്നു ഒരു നേതാവെന്ന നിലയില്‍ ലഹളക്കാര്‍ കണക്കാക്കിയിരുന്നത്. അക്കാലത്ത് വിപ്ലവകാരികളാല്‍ യൂറോപ്പുകാര്‍ കൊട്ടാരത്തില്‍ തടവിലാക്കപ്പെട്ടു, അവ എല്ലാം പ്രതികാരമായി കൊല്ലപ്പെട്ടു. ബഹാദൂര്‍ ഷായെ ബ്രിട്ടീഷുകാര്‍ തന്റെ ജീവിതകാലം മുഴുവന്‍ റംഗൂണിലേക്ക് നാടുകടത്തി. ഇതോടെ മുഗള്‍ സാമ്രാജ്യത്തിന് ഔപചാരികമായ അന്ത്യമായി.
മ്യാന്‍മറിന്റെ (ബര്‍മ) തലസ്ഥാനമായ ഇന്നത്തെ യംഗോണ്‍ ആണ് റംഗൂണ്‍. കലാപത്തിനു ശേഷം അദ്ദേഹത്തിന്റെ സന്തതികളില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ഈ സന്താനങ്ങള്‍ ലോകമെങ്ങും ചിതറിപ്പോയി. ചിലര്‍ ബ്രിട്ടീഷുകാരെ ഭയന്നു വിദേശത്തേക്ക് പോയി. ചില സന്തതികള്‍ ഡെട്രോയിറ്റിലും, യു എസ് എയിലും, പാക്കിസ്ഥാനിലും ജീവിക്കുന്നു.
കാലം എത്രയെത്ര സാമ്രാജ്യങ്ങളെ തകര്‍ത്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായിരുന്ന ഒരു സാമ്രാജ്യത്തിലെ ഒരു രാജകുമാരിയെ തെരുവിലെ ദാരിദ്ര്യത്തിനു നടുവില്‍ തള്ളിയിട്ടതും കാലത്തിന്റെ കളിയല്ലാതെ മറ്റെന്താണ്.
ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസം അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം ഇതിലേതെങ്കിലും ഒരു വികാരമായിരിക്കും സുല്‍ത്താന ബീഗത്തിന്റെ ജീവിത കഥ നിങ്ങളില്‍ ഉണ്ടാക്കുന്നത്.

ബഹദൂര്‍ഷാ സഫറിന്റെ ചിത്രവുമായി സുല്‍ത്താന ബീഗം

കൊല്‍ക്കത്തയിലെ ഒരു ചേരിയില്‍ രണ്ടു മുറിവീട്ടില്‍ ദാരിദ്ര്യത്തിന്റെ നടുവില്‍ ആറു മക്കളുമായി കഴിയുന്ന സുല്‍ത്താന ബീഗം ഒരു മുഗള്‍ രാജകുമാരിയാണ്. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബഹാദൂര്‍ ഷാ സഫറിന്റെ നേര്‍പരമ്പരയിലെ അവസാനകണ്ണിയായ മുഹമ്മദ് ബേദര്‍ ബക്തിന്റെ ഭാര്യയാണ് സുല്‍ത്താന ബീഗം. അത്യാവശ്യം ജീവിത സൗകര്യങ്ങളോ നല്ല ആഹാരമോ ഇല്ലാതെ കൊല്‍ക്കത്തയിലെ ഒരു ഇടുങ്ങിയ ചേരിയിലെ രണ്ട് മുറി വീട്ടില്‍ ജീവിതം തള്ളി നീക്കുകയാണിവര്‍. അതും സര്‍ക്കാരിന്റെ 6,000 രൂപ പെന്‍ഷനിലുള്ള ഒരു നിലനില്‍പ്. വേണമെങ്കില്‍ പഴയ കാലത്തിലൂടെയുള്ള സ്വപ്‌ന സഞ്ചാരം കൂടെ ഉണ്ടെന്നു പറയാം. പക്ഷേ അതുകൊണ്ടൊന്നും ഉണ്ണാനും ഉടുക്കാനുമാവില്ലല്ലോ. തുച്ഛമായ പെന്‍ഷന്‍ തുക നിത്യവൃത്തിക്ക് തികയില്ല എന്ന തിരിച്ചറിവ് സുല്‍ത്താനയെ ഒരു ചായക്കട ഇടുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ചായക്കട തുടങ്ങിയതും പൂട്ടിയതും ഏതാണ്ട് ഒന്നിച്ചു തന്നെ എന്നും പറയാം. ഒടുക്കം തന്റെ ദുരവസ്ഥ കാണിച്ച് യു പി എ ഭരണകാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സുല്‍ത്താന ബീഗം കത്തെഴുതി. 2003ല്‍ സര്‍ക്കാര്‍ ഇവര്‍ക്ക് താമസിക്കാനായി ഒരു അപ്പാര്‍ട്‌മെന്റും 50,000 രൂപയും സഹായവും നല്‍കി. അവിടെയും വിധി അവരെ കബളിപ്പിച്ചു. ചില പ്രാദേശിക ഗുണ്ടകള്‍ അപ്പാര്‍ട്ടുമെന്റും 50,000. രൂപയും തട്ടിയെടുക്കുകയായിരുന്നു. വീണ്ടും ജീവിത പരീക്ഷണങ്ങള്‍ അവളെ കൊല്‍ക്കത്ത ചേരിയില്‍ തന്നെ എത്തിച്ചു.
ഒരുപക്ഷേ കാലം ഇങ്ങനെയായിരുന്നില്ലെങ്കില്‍ സുല്‍ത്താന ബീഗം ഇന്നു താമസിക്കുന്നത് എവിടെയായിരുന്നിരിക്കും എന്നറിയാമോ? ഡല്‍ഹിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ആ സഫര്‍ മഹലില്‍! നമ്മള്‍ രാജകുടുംബത്തിലുള്ളവരാണ്, ആരുടെ മുന്നിലും കൈനീട്ടരുത് എന്നായിരുന്നു മരിക്കും വരെ സുല്‍ത്താനയുടെ ഭര്‍ത്താവ് മുഹമ്മദ് ബേദര്‍ പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോള്‍ സുല്‍ത്താന ചോദിക്കുന്നത് സഹായം തന്നെയാണ്.

താജ്മഹലും ചെങ്കോട്ടയും ഷാലിമാര്‍ ഗാര്‍ഡനുമൊക്കെ കോടികളാണ് ഇന്ത്യന്‍ സര്‍ക്കാരിലേക്ക് നേടിത്തരുന്നത്. ഏറ്റവും കുറഞ്ഞത് എന്റെ അവശേഷിക്കുന്ന ജീവിതം പട്ടിണിയില്ലാതെ കഴിയാനും സമാധനത്തോടെ മരിക്കാനും സര്‍ക്കാരിന് എന്നെ സഹായിച്ചുകൂടെ എന്നാണ് ലോകം അടക്കി ഭരിച്ച ഒരു സാമ്രാജ്യത്തിലെ കണ്ണി ചോദിക്കുന്നത്.

Latest