ഹ്യൂമേട്ടന്‍ തിരിച്ചുവരുന്നു; ബ്ലാസ്റ്റേഴ്‌സിന് കരുത്തേകാന്‍

>സമീഗ് ദൗത്തിയെയും ബ്ലാസ്റ്റേഴ്‌സ് നേട്ടമിടുന്നു; >ഹോസുവും കളിച്ചേക്കും
Posted on: June 23, 2017 4:18 pm | Last updated: June 23, 2017 at 4:22 pm

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മിന്നും താരങ്ങളില്‍ ഒരാളായ ഇയാന്‍ ഹ്യൂമിനെ തിരികെയെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്.

കനേഡിയന്‍ താരമായ ഹ്യൂമിനെ കൂടാതെ ദക്ഷിണാഫ്രിക്കന്‍ താരമായ സമീഗ് ദൗത്തിയെയും ബ്ലാസ്റ്റേഴ്‌സ് നേട്ടമിടുന്നുണ്ട്. ഇരുവരും തമ്മില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉടമയായ ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഐ എസ് എല്‍ ഒന്നാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ നെഞ്ചിലേറ്റിയ താരം ഹ്യൂമേട്ടന്‍ എന്ന വിളിപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഹ്യൂമിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തിയത്. അഞ്ച് ഗോളുകളാണ് മഞ്ഞപ്പടക്കായി ഹ്യൂം നേടിയത്. എന്നാല്‍, രണ്ടാം സീസണില്‍ ടീം ഹ്യൂമിനെ നിലനിര്‍ത്തിയില്ല. തന്നെ ബ്ലാസ്റ്റേഴ്‌സ് പറഞ്ഞുവിട്ടതാണെന്നും ഇനിയും കേരളത്തിനായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹ്യും നേരത്തെ വ്യക്തമാക്കിയിരുന്നു. ഐഎസ്എല്‍ ഹ്യൂം മൂന്ന് സീസണുകളിലായി 22 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ഇവര്‍ രണ്ടും പേരും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് വേണ്ടിയാണ് ബൂട്ടണിഞ്ഞത്. സ്പാനിഷ് ക്ലബ് ഇക്‌സ്ട്രിമധുര ക്ലബിന് വേണ്ടിയാണ് ഹ്യൂം ഇപ്പോള്‍ കളിക്കുന്നത്. ഹ്യൂമിനെ തിരികെ എത്തിക്കുന്നതിലൂടെ ടീമിന്റെ ആരാധക പിന്തുണ വര്‍ധിപ്പിക്കാന്‍ കഴിമെന്നും മാനേജ്‌മെന്റ് കണക്കുകൂട്ടുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ ക്ലബായ അയാസ് കേപ്ടൗണിന്റെ താരമാണ് ദൗത്തി ഇപ്പോള്‍. ഐഎസ്എല്ലില്‍ ആകെ 26 മത്സരങ്ങളില്‍ നിന്ന് ദൗത്തി 15 ഗോളുകള്‍ നേടിയിട്ടുണ്ട്.
അതേസമയം, കേരള ആരാധകരുടെ പ്രിയ താരം ഹോസുവും ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരികെയെത്തുമെന്ന് അറിയിച്ചു. ട്വിറ്ററിലായിരുന്നു ഹോസുവിന്റെ പ്രതികരണം.