Connect with us

International

ഇടപെടലുമായി തുര്‍ക്കി; ഉര്‍ദുഗാന്‍ കിരീടാവകാശിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

മുഹമ്മദ് ബിന്‍ സല്‍മാനും ഉര്‍ദുഗാനും (ഫയല്‍)

ദോഹ: ഖത്വറിനെതിരായ ഉപരോധ നടപടികള്‍ പിന്‍വലിക്കുന്നതിന് സഊദിക്കുമേല്‍ സമ്മര്‍ദം ചെലുത്തി വീണ്ടും തുര്‍ക്കി. പുതുതായി നിയോഗിതനായ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള ആദ്യ സംഭാഷണത്തില്‍ തന്നെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യ്വിബി ഉര്‍ദുഗാന്‍ ഖത്വര്‍ പ്രശ്‌നം അനുരഞ്ജനത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. ബുധാനാഴ്ച രാത്രി സല്‍മാന്‍ രാജാവുമായും ഉര്‍ദുഗാന്‍ ടെലിഫോണില്‍ സംസാരിച്ചു. അസ്വസ്ഥതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താമെന്ന് ഇരുവരും ഉറപ്പു നല്‍കിയതായി ഉര്‍ദുഗാന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

സഊദിയുടെ നേതൃത്വത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയതു മുതല്‍ ഖത്വറിനൊപ്പം നില്‍ക്കുന്ന തുര്‍ക്കി ഇതര രാജ്യങ്ങളുമായി നിരന്തരമായി സംഭാഷണം നടത്തി വരുന്നുണ്ട്. ഉപരോധം ഏകപക്ഷീയമാണെന്നും കാരണമില്ലാത്തതാണെന്നും നേരത്തെ ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു. പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ വാഗ്ദാനം ചെയ്തതിനൊപ്പം തുര്‍ക്കിയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും ഇരു നേതാക്കളും ഉര്‍ദുഗാനോട് പറഞ്ഞു. അടുത്ത മാസം ഹംബര്‍ഗില്‍ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ച കോടിയില്‍ വെച്ച് നേരിട്ടു സംസാരിക്കാമെന്ന് സല്‍മാന്‍ രാജാവ് ഉര്‍ദുഗാനെ അറിയിച്ചു.
സഊദിയില്‍ ഭരണ പരിഷ്‌കാരങ്ങള്‍ക്കും വികസനത്തിനും നേതൃത്വം നല്‍കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി നിയോഗിക്കപ്പെട്ടത് മേഖലയിലെ വിഷയങ്ങളില്‍ വഴിത്തിരിവുകള്‍ക്ക് സാധ്യതയൊരുക്കുമോ എന്ന നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്. തുര്‍ക്കിയുടെ അടിയന്തരമായ ഇടപെടലും ഈ രീതിയില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നു. ഖത്വര്‍ പക്ഷത്ത് ഉറച്ചു നില്‍ക്കുമ്പോഴും തുര്‍ക്കിയുമായി സഹകരിക്കാനുള്ള സഊദിയുടെ സന്നദ്ധത കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ ഖത്വറില്‍ സൈനിക താവളം വികസിപ്പിക്കുന്നതിനായി ഖത്വറുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ തുര്‍ക്കി സൈന്യത്തിന്റെ രണ്ടാമത് ബാച്ച് ഇന്നലെ രാവിലെ ദോഹയിലെത്തി. കഴിഞ്ഞ ദിവസം ആരംഭിച്ച സംയുക്ത സൈനിക പരിശീലനത്തില്‍ ഈ സംഘവും ചേരും. രണ്ടു ദിവസം മുമ്പ് ആദ്യ ബാച്ച് ദോഹയിലെത്തിയിരുന്നു. ഖത്വറില്‍ സൈനിക താവളം വികസിപ്പിച്ച് സേനയെ വിന്യസിക്കുന്നതിനുള്ള ബില്‍ കഴിഞ്ഞ ദിവസം തുര്‍ക്കി പാര്‍ലിമെന്റ് വോട്ടിനിട്ടു പാസാക്കിയിരുന്നു. ഉപരോധം ആരംഭിച്ചതിനു ശേഷമാണ് അടിയന്തര നടപടിയിലൂടെ ബില്‍ പാസാക്കിയത്.

---- facebook comment plugin here -----

Latest