നോവലെഴുത്ത് എങ്ങനെയാണ് ഒരു പോര്‍മുഖം തുറക്കുന്നത്?

സമീപകാലത്ത് പുറത്തിറങ്ങിയ ഏറ്റവും ശക്തമായ രാഷ്ട്രീയനോവലാണ് മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്. ഇത്രമേല്‍ ശക്തമായ പ്രമേയവും കഥാപരിസരവും തിരഞ്ഞെടുത്തതില്‍ തന്നെ ആ രാഷ്ട്രീയം വ്യക്തമാണ്. ഇരകളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന കഥാപാത്രങ്ങള്‍, അനീതിക്കും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ അവര്‍ മുന്നോട്ടുവെക്കുന്ന ചോദ്യങ്ങള്‍, ദളിതുകളും മുസ്‌ലിംകളുമുള്‍പ്പെടെയുള്ള ഇരകളുടെ ജീവിതത്തെ ഇന്ത്യന്‍ സാഹിത്യത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം അടുത്തുനിന്ന് നോക്കിക്കാണാനുള്ള ശ്രമം എന്നിങ്ങനെ നോവല്‍ പറയുന്ന രാഷ്ട്രീയത്തിന് സമകാലിക ഇന്ത്യയുടെ മുഖം കൂടിയുണ്ട്. എത്രമേല്‍ സൂക്ഷ്മമായാണ് അരുന്ധതി രചന നിര്‍വഹിച്ചത് എന്നത് ഈ കൃതിയുടെ ഭാഷയിലും അവതരണത്തിലും അന്തര്‍ലീനമായിക്കിടക്കുന്ന ഇന്ദ്രജാലം ബോധ്യപ്പെടുത്തുന്നു. ഏതൊരു രാഷ്ട്രീയ നോവലിനും ഉണ്ടാകുന്ന രാഷ്ട്രീയനിലപാട് പക്ഷേ,'ഭാഷയുടെയും സാഹിത്യത്തിന്റെയും അകമ്പടിയില്‍ ഹൃദ്യമായി മാത്രമേ ഈ പുസ്തകത്തില്‍ കാണാന്‍ കഴിയൂ.
Posted on: June 23, 2017 6:00 am | Last updated: June 23, 2017 at 12:32 am

നാല് കശ്മീരികളെ പിടിച്ച് ഒരു റൂമില്‍ അടക്കുക. എന്നിട്ട് അവരില്‍ ഓരോ ആളോടും നിങ്ങള്‍ ചോദിക്കുക: എന്താണ് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം? ആസാദിയെക്കുറിച്ച് വളച്ചുകെട്ടില്ലാതെ സംസാരിക്കാന്‍ ആവശ്യപ്പെടുക. അല്‍പസമയത്തിനുളളില്‍ അവര്‍ പരസ്പരം കഴുത്ത് വെട്ടിക്കീറുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും.
(മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്,
അരുന്ധതി റോയി)

മുഖ്യധാരക്ക് പുറത്തുള്ള ഇന്ത്യന്‍ ജനതയുടെ കഥയാണ് അരുന്ധതി റോയി രചിച്ച മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന നോവല്‍. ഒറ്റപ്പെടലിന്റെ വേദനയിലും ഭരണകൂടഭീകരത സമ്മാനിക്കുന്ന അരക്ഷിതബോധത്തിലും ജീവിക്കേണ്ടി വന്ന ആളുകളാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. പല കാലങ്ങളിലായി രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങള്‍, ആഭ്യന്തര യുദ്ധങ്ങള്‍, ഇരകളുടെ ദുരിതപര്‍വങ്ങള്‍, അതിജീവനത്തിനായുള്ള അവരുടെ ശ്രമങ്ങള്‍, രാഷ്ട്രീയ നാടകങ്ങള്‍, ഫാസിസ്റ്റ് തേരോട്ടങ്ങള്‍, പ്രതിരോധങ്ങള്‍ തുടങ്ങി അരുന്ധതി റോയി എന്ന ആക്ടിവിസ്റ്റും എഴുത്തുകാരിയും അനുഭവിച്ചറിഞ്ഞ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന മനോഹരമായ ആഖ്യാനമാണിത്. പ്രമേയത്തിലെ കരുത്ത് കൊണ്ടും ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ടും വായനക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു രാഷ്ട്രീയ നോവല്‍. ജൂണ്‍ ആറിന് പുറത്തിറങ്ങിയ ഈ നോവല്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി രാജ്യത്തിനകത്തും പുറത്തും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ആമസോണില്‍ ഇപ്പോഴും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ തുടരുന്ന ഈ കൃതി തന്നെയാണ് സമീപദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയ പുസ്തകം.

നോവലിന്റെ രാഷ്ട്രീയം

ഇന്ത്യന്‍ സാഹിത്യത്തില്‍ സമീപകാലത്ത് പുറത്തിറങ്ങിയ ഏറ്റവും ശക്തമായ രാഷ്ട്രീയനോവലാണ് മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്. ഇത്രമേല്‍ ശക്തമായ പ്രമേയവും കഥാപരിസരവും തിരഞ്ഞെടുത്തതില്‍ തന്നെ ആ രാഷ്ട്രീയം വ്യക്തമാണ്. ഇരകളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന കഥാപാത്രങ്ങള്‍, അനീതിക്കും മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ അവര്‍ മുന്നോട്ടുവെക്കുന്ന ചോദ്യങ്ങള്‍, ദളിതുകളും മുസ്‌ലിംകളുമുള്‍പ്പെടെയുള്ള ഇരകളുടെ ജീവിതത്തെ ഇന്ത്യന്‍ സാഹിത്യത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം അടുത്തുനിന്ന് നോക്കിക്കാണാനുള്ള ശ്രമം എന്നിങ്ങനെ നോവല്‍ പറയുന്ന രാഷ്ട്രീയത്തിന് സമകാലിക ഇന്ത്യയുടെ മുഖം കൂടിയുണ്ട്. അന്തര്‍ദേശീയ തലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പുരോഗമന’ഭാവമുള്ള വായനക്കാരെയാണ് ഈ നോവലിലെ രാഷ്ട്രീയം ലക്ഷ്യം വെക്കുന്നത് എന്ന് കഥ പകുതിയാകുമ്പോഴേക്കും വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ഇന്ത്യന്‍ വായനക്കാരെ മാത്രം മുന്നില്‍ കണ്ടല്ല ഇതെഴുതിയിരിക്കുന്നത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. അതേസമയം, വിരസമായ വായനക്ക് ഒട്ടും ഇടം നല്‍കുന്നുമില്ല ഈ നോവല്‍. എത്രമേല്‍ സൂക്ഷ്മമായാണ് അരുന്ധതി റോയി രചന നിര്‍വഹിച്ചത് എന്നത് ഈ കൃതിയുടെ ഭാഷയിലും അവതരണത്തിലും അന്തര്‍ലീനമായിക്കിടക്കുന്ന ഇന്ദ്രജാലം വായനക്കാരെ ബോധ്യപ്പെടുത്തുന്നു. ഏതൊരു രാഷ്ട്രീയ നോവലിനും ഉണ്ടാകുന്ന രാഷ്ട്രീയനിലപാട് പക്ഷേ,’ഭാഷയുടെയും സാഹിത്യത്തിന്റെയും അകമ്പടിയില്‍ ഹൃദ്യമായി മാത്രമേ ഈ പുസ്തകത്തില്‍ കാണാന്‍ കഴിയൂ.

കഥാപാത്രങ്ങളുടെ നിലപാടുകള്‍

വസ്തുതകളുടെ പിന്‍ബലത്തില്‍ കഥ വികസിക്കുന്ന നോവലുകളില്‍ മാജിക്കല്‍ റിയലിസം കൊണ്ടുവരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ലാറ്റിനമേരിക്കന്‍ രചനകളുടെ പ്രത്യേകതയായിരുന്നു. ഇതേ പ്രവണതയാണ് ഇപ്പോള്‍ അന്യദേശക്കാരായ ഇംഗ്ലീഷ് നോവലിസ്റ്റുകള്‍ പിന്തുടരുന്നത്. അരുന്ധതി റോയിയുടെ എഴുത്തിലും പല സ്ഥലങ്ങളിലായി മാജിക്കല്‍ റിയലിസം കാണാന്‍ കഴിയും. നോവലിന്റെ അവസാനഭാഗത്ത് തിലോ എന്ന കഥാപാത്രം തന്റെ മരണപ്പെട്ട കാമുകനെ നിത്യവും ഖബര്‍സ്ഥാനില്‍ പോയി സന്ദര്‍ശിക്കുന്നു. ആ സമയങ്ങളില്‍ ഇടിഞ്ഞുപൊളിഞ്ഞ ശ്മശാനത്തിലേക്കുള്ള വാതിലുകള്‍ അവള്‍ക്ക് തുറന്നുകൊടുക്കാനെത്തുന്നത് മാലാഖമാരാണ്. നോവല്‍ തുടങ്ങുന്നതു പോലും അവള്‍ ആ ശ്മശാനത്തില്‍ ഒരു മരമായി വളര്‍ന്നു എന്ന് പറഞ്ഞുകൊണ്ടാണ്. അവിടെ നടക്കുന്ന സംഭാഷണങ്ങളില്‍ പോലും മാജിക്കല്‍ റിയലിസം ശൈലിയാണ് അരുന്ധതി പിന്തുടരുന്നത്. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവര്‍ എന്തുകൊണ്ട് വേറിട്ടുനില്‍ക്കുന്നു എന്ന് തെളിയിക്കുകയാണ് ഈ രചനാശൈലി. ഡല്‍ഹിയിലും കശ്മീരിലുമാണ് നോവലിന്റെ കഥ വികസിക്കുന്നത്. അഫ്താബ് എന്ന ബാലന്‍, അന്‍ജൂം എന്ന ഹിജഡ, ആര്‍ക്കിടെക്ചര്‍ പഠിച്ച തിലോ എന്ന പെണ്‍കുട്ടി, ദര്‍ഗയിലെ ഇമാം ഹസ്‌റത്ത് സര്‍മദ് ശഹീദ, മൂസാ എന്ന കശ്മീരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. തിലോ എന്ന പെണ്‍കുട്ടിക്ക് അരുന്ധതി റോയി എന്ന ആക്ടിവിസ്റ്റിന്റെ എല്ലാ സവിശേഷതകളും ഉണ്ട്. അന്‍ജൂം, തിലോ എന്നിവരിലൂടെ വികസിക്കുന്ന നോവല്‍ ഹിജഡകളുടെ അതിജീവനം, സൂഫിസംഗീതത്തിന്റെ ജൈവികത എന്നിവയും ചര്‍ച്ച ചെയ്യുന്നു. പുസ്തകത്തിന്റെ കവര്‍ ചിത്രവും ഡല്‍ഹിയിലെ അജ്ഞാതമായ ഒരു സൂഫീദര്‍ഗയില്‍ നിന്ന് പകര്‍ത്തിയതാണെന്ന് ഫോട്ടോഗ്രാഫര്‍ മായംഗ് ആസ്റ്റന്‍ സൂഫി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഖബര്‍സ്ഥാന്‍ ഈ നോവലിലെ പ്രധാന ഭാഗമാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം ഒരു ശവപ്പറമ്പിലാണ് താമസിക്കാനായി എത്തുന്നത്. ഇവിടെയാണ് പ്രണയവും നിരാശയും അതിജീവനവുമെല്ലാം ജനിക്കുന്നതും വളര്‍ന്നു പന്തലിക്കുന്നതും. ആത്മാവുമായി സൂഫിസത്തിനുള്ള ബന്ധം അതീവഹൃദ്യമായി ഉപയോഗപ്പെടുത്താനും നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. വളരെ കൃത്യമായ നിലപാടുകളുള്ള കഥാപാത്രങ്ങളാണ് മിനിസ്ട്രിയിലേത്. രാജ്യത്ത് അരങ്ങേറിയ പല രാഷ്ട്രീയ നാടകങ്ങളെയും ചോദ്യം ചെയ്യുന്നിടത്ത് ഈ നിലപാടുകള്‍ വ്യക്തമായി വായിച്ചെടുക്കാം.

അരുന്ധതിയുടെ സംശയങ്ങള്‍

തന്റെ പ്രഥമ നോവലായ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്്‌സിന് 1997-ല്‍ ബുക്കര്‍ പ്രൈസ് ലഭിച്ചപ്പോള്‍ തലമുടി വെട്ടിക്കളഞ്ഞ എഴുത്തുകാരിയാണ് അരുന്ധതി റോയി. ഇതിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിലെ പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, കാണാന്‍ കൊള്ളാവുന്ന ഏതോ പെണ്ണെഴുതിയ നോവല്‍ എന്ന് തന്റെ പുസ്തകത്തെക്കുറിച്ച് ആരും പറയാതിരിക്കാന്‍ എന്നായിരുന്നു അവരുടെ മറുപടി. ബുക്കര്‍ പ്രൈസ് ജ്യൂറി അംഗങ്ങള്‍ ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസിനോട് അരുന്ധതിയെ ഉപമിച്ചതിന് പിന്നാലെയായിരുന്നു അത്. നര്‍മദ ബചാവോ ആന്ദോളന്‍ സമരത്തില്‍ പങ്കെടുത്ത കുടിയിറക്കപ്പെട്ട ഗ്രാമീണര്‍ക്ക് ബുക്കര്‍ സമ്മാനത്തുക സംഭാവന നല്‍കുകയും ചെയ്തു അവര്‍. അതോടെയാണ് അരുന്ധതി റോയി സാഹിത്യരചനകളില്‍ നിന്ന് അല്‍പം മാറിനിന്ന് സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അക്കാലത്താണ് ദി അല്‍ജിബ്ര ഓഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ്, വാക്കിംഗ് വിത്ത് കൊമ്രാഡ്‌സ്, ദി എന്റ് ഓഫ് ഇമാജിനേഷന്‍ തുടങ്ങിയ ശ്രദ്ധേയമായ നോണ്‍-ഫിക്ഷന്‍ രചനകള്‍ നടത്തിയത.് കശ്മീരിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍, സര്‍ദാര്‍ സരോവര്‍ പ്രൊജക്ട്, അഫ്ഗാനിലെ യുദ്ധവും യു.എന്‍ നിലപാടുകളും, ഇന്ത്യയുടെ ന്യൂക്ലിയര്‍ കരാര്‍, ഇസ്‌റാഈല്‍ വിമര്‍ശനം, പാര്‍ലിമെന്റ് ആക്രമണം, നക്‌സലുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍, അന്നാ ഹസാരെ വിമര്‍ശനം തുടങ്ങി മുത്തങ്ങ സംഭവം വരെയുള്ള സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അരുന്ധതി റോയി എന്ന ആക്ടിവിസ്റ്റിനെ നാം കണ്ടു. രാജ്യത്തെ ഫാസിസ്റ്റ് പ്രവണതകളെ നിശിതമായി വിമര്‍ശിച്ച അവര്‍ പലപ്പോഴും രാജ്യദ്രോഹക്കുറ്റത്തിന് കോടതി കയറേണ്ടി വന്നു. ഇത്രമേല്‍ മികച്ച ഒരു സോഷ്യല്‍ ആക്ടിവിസ്റ്റിനെ നോവലിലും കാണാം. ഇന്ത്യയില്‍ പലപ്പോഴായി അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളെയും മനുഷ്യത്വവിരുദ്ധ നീക്കങ്ങളെയും നോവല്‍ ചോദ്യം ചെയ്യുന്നു. ഡല്‍ഹിയിലെ അന്നാ ഹസാരെ നടത്തിയ സമരങ്ങള്‍ ബി ജെ പി സ്‌പോണ്‍സര്‍ ചെയ്തതാണ് എന്ന് നേരത്തെ വിമര്‍ശനങ്ങള്‍ വന്നിരുന്നു.

ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ട് അന്നാ ഹസാരെയോട് സാമ്യത പുലര്‍ത്തുന്ന ഒരു കഥാപാത്രവുമുണ്ട് നോവലില്‍. ഗുജറാത്ത് കലാപത്തെയും അരുന്ധതി ശക്തമായി അപലപിക്കുന്നുണ്ട്. കശ്മീര്‍ പ്രശ്‌നമാണ് അതീവ ഗൗരവത്തില്‍ നോവല്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു രാഷ്ട്രീയം. ഇത്തരം അനീതികളെ അടയാളപ്പെടുത്തുമ്പോഴും അരുന്ധതിയുടെ കഥാപാത്രങ്ങള്‍ അവശേഷിപ്പിക്കുന്നത് ചില സുപ്രധാനമായ ചോദ്യങ്ങളും സംശയങ്ങളുമാണ്. കശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മുഴുവന്‍ വസ്തുതകളെ അടിസ്ഥാനമാക്കി വികസിപ്പിച്ച കഥാപരിസരങ്ങളാണ്. ജന്തര്‍ മന്ദറിലെ ജനകീയ സമരങ്ങള്‍, ഭോപ്പാല്‍ ദുരന്തം, ദളിതുകളും ആദിവാസികളും നടത്തുന്ന അവകാശപ്പോരാട്ടങ്ങള്‍, പോലീസ് വേട്ട തുടങ്ങിയവയും നോവലില്‍ കടന്നുവരുന്നുണ്ട്. ഗുജറാത്ത് കി ലല്ല എന്ന കഥാപാത്രത്തിന് നരേന്ദ്രമോദിയോട് എല്ലാം കൊണ്ടും സാമ്യതയുണ്ട്. ഗുജറാത്ത് കലാപത്തിന്റെ പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തുന്ന ഐ ബി ഉദ്യോഗസ്ഥനും അരവിന്ദ് കെജ്‌രിവാളിനെ തോന്നിപ്പിക്കുന്ന അക്കൗണ്ടന്റ് എന്ന കഥാപാത്രവുമെല്ലാം മുന്നോട്ടുവെക്കുന്നത് അരുന്ധതി പലപ്പോഴായി ചോദിച്ച അതേ സംശയങ്ങള്‍ തന്നെയാണ.്

നിരൂപണങ്ങള്‍

നോവലിന് നിരവധി നിരൂപണങ്ങളും ഇതിനകം വന്നുകഴിഞ്ഞു. ഈ സമ്മറിലെ ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത വായനാനുഭവമാണ് ഇതെന്ന് ടൈം മാഗസിന്‍ വിലയിരുത്തുന്നു. അതിമനോഹരമായ കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ പുസ്തകമെന്നും വായനക്കാര്‍ ഈ ലോകത്തോട് ചോദിക്കാന്‍ മാറ്റിവെച്ചിരുന്ന നിരവധി ചോദ്യങ്ങള്‍ നോവലിസ്റ്റ് മുന്നോട്ട് വെച്ചുവെന്നും ന്യൂയോര്‍ക്ക് ടൈംസ് ബുക്ക് റിവ്യൂ അഭിപ്രായപ്പെടുന്നു. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ നോവലെന്നാണ് മിക്ക നിരൂപകരുടെയും വിലയിരുത്തല്‍. ടൈം മാഗസിന്‍, ന്യൂയോര്‍ക്ക് ടൈംസ്, ദി ന്യൂയോര്‍ക്കര്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ദി ഗാര്‍ഡിയന്‍, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഔട്ട്‌ലുക്ക്, ഓപ്പണ്‍, മിന്റ്, സ്‌ക്രോള്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ നോവലിനെ വാഴ്ത്തുമ്പോള്‍ ഇന്ത്യാ ടുഡേ, ദി ഐറിഷ് ടൈംസ്, ഹഫ്‌പോസ്റ്റ് എന്നിവ നോവലിന്റെ ശൈലിയെയും പ്രമേയത്തെയും വിമര്‍ശിക്കുന്നു.