Connect with us

Gulf

ഏഷ്യന്‍ ടൗണിലും അല്‍ ഖോറിലും സാമൂഹിക ഈദാഘോഷം

Published

|

Last Updated

ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: ഈദാഘോഷത്തിന്റെ ഭാഗമായി ഏഷ്യന്‍ ടൗണിലും അല്‍ ഖോറിലും ആഭ്യന്തര മന്ത്രാലയം ആഭിമുഖ്യത്തില്‍ ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ബോധവത്കരണത്തോടൊപ്പമുള്ള സാംസ്‌കാരിക പരാപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രാലയം പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പെരുന്നാള്‍ ആദ്യ ദിവസവും രണ്ടാം ദിവസവും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പത്തു വരെയാണ് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപമൊരുക്കുന്ന തുറന്ന വേദിയില്‍ പരിപാടികള്‍ നടക്കുക. അല്‍ ഖോര്‍ വര്‍കേഴ്‌സ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലും ഇതേ സമയം ബര്‍വ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഈദാഘോഷ പരിപാടികള്‍ നടക്കും. പ്രവാസി സമൂഹത്തിന് സുരക്ഷിതമായ പരിതസ്ഥിതി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രാലയം പബ്ലിക് റിലേഷന്‍ ഓഫീസര്‍ ലെഫ്. വലീദ് മുഹമ്മദ് അല്‍ അബ്ദുല്ല പറഞ്ഞു.

ബര്‍വ ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ അസി. ഡയറക്ടര്‍ അലി ശഹീന്‍ അല്‍ കുവാരി, സിവില്‍ ഡിഫന്‍സ് വിഭാഗം അവേര്‍നസ് ഓഫീസര്‍ ലെഫ്. അബ്ദുല്‍ ഹാദി അല്‍ മര്‍റി, കമ്യൂണിറ്റി ഫീച്ച് ഔട്ട് ഓഫീസര്‍ ഫൈസല്‍ അല്‍ ഹുദവി, ബിന്‍ അജ്‌യാന്‍ പ്രൊജ്ട് ഫെസിലിറ്റീസ് മാനേജര്‍ അഹ്മദ് ഐദറൂസി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. ഗതാഗതം, സിവില്‍ ഡിഫന്‍സ്, ജനകീയ പോലീസ്, അല്‍ ഫാസ, മധ്യമയക്കു വിരുദ്ധ സ്ഥിരം കമ്മിറ്റി, സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ്, മനുഷ്യാവകാശം എന്നീ ഏഴു വിഭാഗങ്ങള്‍ പരിപാടികളുടെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ നടത്തും. ഗതാഗത സുരക്ഷ, കാല്‍നടയാത്രക്കാരുടെ സുരക്ഷ, മദ്യ മയക്കു മരുന്ന് അപകടങ്ങള്‍, ഉള്ളിലുള്ളത് എന്തെന്ന് മനസ്സിലാക്കാതെ മറ്റുള്ളവര്‍ തരുന്ന സാധനങ്ങള്‍ രാജ്യത്തേക്കു കൊണ്ടുവരല്‍, രാജ്യത്തേക്ക് മരുന്നുകള്‍ കൊണ്ടു വരുന്നതിലെ നടപടികള്‍, ഐ ഡി കാര്‍ഡ് കൈവശം വെക്കേണ്ടതിന്റെ പ്രാധാന്യം, അപകട സ്ഥലത്ത് കൂട്ടംകൂടി നില്‍ക്കുന്നതിലെയും ചിതങ്ങളെടുക്കുന്നതിലെയും പ്രശ്‌നം, ഖത്വര്‍ പാരമ്പര്യവും സംസ്‌കാരവും തുടങ്ങിയ വിഷങ്ങളിലാണ് പോലീസ് വിഭാഗങ്ങള്‍ പരിശീലനം നല്‍കുക. വൈകുന്നേരം അഞ്ചു മുതല്‍ വ്യത്യസ്ത കലാ, സംഗീത പരിപാടികള്‍ അരങ്ങേറും. തൊഴിലാളികള്‍ക്ക് തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നതെന്നും പരിപാടികള്‍ കാണാനെത്തുന്നവര്‍ക്കായി നറുക്കെടുപ്പിലൂടെ എഴുനൂറോളം സമ്മാനങ്ങള്‍ നല്‍കുമെന്നും ലെഫ്. വലീദ് അല്‍ അബ്ദുല്ല അറിയിച്ചു. വിവിധ ഏഷ്യന്‍ കലാ രൂപങ്ങള്‍ അവതരിപ്പിക്കപ്പെടും.

Latest