മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം അക്രമാസക്തം; പോലീസ്‌വാഹനങ്ങള്‍ കത്തിച്ചു

Posted on: June 22, 2017 3:18 pm | Last updated: June 22, 2017 at 8:39 pm

മുംബൈ: വിമാനത്താവളം നിര്‍മിക്കുന്നതിനായി ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. പോലീസുകാരുമായി ഏറ്റുമുട്ടിയ സമരക്കാര്‍ നാല് പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. 12 പോലീസുകാര്‍ അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ നെവാലിയില്‍, രണ്ടാം ലോകമഹായുദ്ധ കാലത്ത് വ്യോമത്താവളമായി ഉപയോഗിച്ചിരുന്ന സ്ഥലം വിമാനത്താവളം നിര്‍മിക്കുന്നതിനായി ഏറ്റെടുക്കാനുള്ള സര്‍ക്കാറിന്റെ നീക്കമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കര്‍ഷകരുടെ അനുമതിയില്ലാതെ സ്ഥലം തുച്ഛവില നല്‍കി നിര്‍ബന്ധിച്ച് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. ഇത് പ്രതിരോധ വകുപ്പിന്റെ ഭൂമിയാണെന്നാണ് സര്‍ക്കാര്‍ വാദം.