വിജിലന്‍സ് കമ്മീഷന്‍ രൂപവത്കരണം

Posted on: June 22, 2017 11:21 am | Last updated: June 22, 2017 at 11:21 am

കേന്ദ്ര മാതൃകയില്‍ സംസ്ഥാനത്ത് വിജിലന്‍സ് കമ്മീഷന്‍ രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സി ബി ഐ മാതൃകയില്‍ സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനം ഉടച്ചു വാര്‍ക്കണമെന്നാവശ്യപ്പെടുന്ന ശിപാര്‍ശ വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌കരണ കമ്മീഷന്‍ തയാറാക്കിയതായും അടുത്ത ദിവസം തന്നെ ഇത് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. ഭരണസാമൂഹിക രംഗങ്ങളില്‍ നിന്ന് അഴിമതി പാടേ തുടച്ചു നീക്കുന്നതിനും സര്‍വത്ര മേഖലകളിലും സുതാര്യത ഉറപ്പു വരുത്തുന്നതിനും സഹായകമായ അധികാരങ്ങളോടു കൂടിയായിരിക്കണം വിജിലന്‍സ് കമ്മീഷനെന്നും സര്‍ക്കാറിന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ശിപാര്‍ശയില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു ഭരണ പരിഷ്‌കരണ കമ്മീഷന്‍ അഞ്ച് ശില്‍പശാലകള്‍ സംഘടിപ്പിച്ചിരുന്നു. അതിലെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് ശിപാര്‍ശ തയാറാക്കിയത്.

ഏറെക്കാലമായി സര്‍ക്കാറിന്റെ പരിഗണനയിലുള്ള വിഷയമാണ് വിജിലന്‍സ് കമ്മീഷന്‍ രൂപവത്കരണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണങ്ങള്‍ സംബന്ധിച്ചു വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വി എം സുധീരനും വിജിലന്‍സ് കമ്മീഷന്‍ രൂപവത്കരണത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇക്കാര്യത്തില്‍ ചില ശ്രദ്ധേയമായ നീക്കങ്ങളും നടന്നിരുന്നു. സംസ്ഥാന നിയമവകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, ചീഫ് സെക്രട്ടറി വിജയാന്ദന് എന്നിവര്‍ വിജിലന്‍സ് കമ്മീഷന്‍ രൂപവത്കരണത്തിന് പരിഗണിക്കേണ്ട ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം രൂപവത്കരണത്തിനുള്ള നയരേഖ തയാറാക്കുകയും ചെയ്തിരുന്നതുമാണ്. ഉന്നത ഉദ്യോഗസ്ഥ തലങ്ങളിലെ ചേരിപ്പോര് കാരണമായിരിക്കാം പിന്നീട് അതുസംബന്ധമായ നടപടികള്‍ നിലക്കുകയാണുണ്ടായത്.

സംസ്ഥാനങ്ങള്‍ക്ക് ക്രിമിനല്‍ വിചാരണാ നിയമങ്ങളും നീതിന്യായ സംവിധാനങ്ങളും നടപ്പാക്കാനുള്ള ഭരണഘടനാപരമായ അധികാരമുണ്ട്. എന്നാല്‍, നിയമസഭയുടെ അനുമതിയോടെയാകുമ്പോള്‍ മാത്രമേ അതിന് ഭരണഘടനാ പരിരക്ഷ ലഭിക്കുകയുള്ളൂ. അസംബ്ലിയില്‍ വിഷയം അവതരിപ്പിക്കാതെ കേവലം ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെയാണ്1967ല്‍ സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് രൂപം നല്‍കിയത്. മാത്രമല്ല, പൂര്‍ണമായും സംസ്ഥാന സര്‍ക്കാറിന് പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുമാണ് കോടതികള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന വിജിലന്‍സ് സംവിധാനത്തിന്റെ ഘടനയും. ഈ പരിമിതികള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സിന്റെ സാധുത നേരത്തെ ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെടുകയും അതൊരു സ്വതന്ത്ര സ്ഥാപനമാക്കി മാറ്റാന്‍ നടപടി വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

അഴിമതി മുക്ത കേരളം വാഗ്ദാനം നല്‍കിയാണ് മാറിമാറി ഭരിച്ച സര്‍ക്കാറുകള്‍ അധികാരമേറ്റതെങ്കിലും സംസ്ഥാനത്ത് അഴിമതി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. മാരകമായ ഈ വിപത്ത് തടയേണ്ടവര്‍ തന്നെയാണ് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ക്കും നിയമനടപടികള്‍ക്കും വിധേയമാകുന്നതെന്നതാണ് വിരോധാഭാസം. അഴിമതി അന്വേഷണം നേരിടുന്ന മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും എണ്ണത്തില്‍ വന്‍വര്‍ധനവാണ് സമീപ കാലത്തുണ്ടായത്. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടതിന് പകരം അവരുടെ സംരക്ഷണമാണോ വിജിലന്‍സിന്റെ ദൗത്യമെന്ന് തോന്നിപ്പിക്കുന്ന മട്ടിലാണ് അതിന്റെ പ്രവര്‍ത്തനം. ഉന്നതങ്ങളിലുളള അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിക്ക് ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവരെ വിജിലന്‍സില്‍ നിന്ന് പുകച്ചു പുറത്തു ചാടിക്കുകയും ചെയ്യും. ഒരിക്കല്‍ ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും വിജിലന്‍സ് സംവിധാനം ഫലപ്രദമാകണമെങ്കില്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായും അത് മോചിതമായിരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സംസ്ഥാന വിജിലന്‍സിന്റെ പുനഃസംഘടന കേന്ദ്ര മാതൃകയില്‍ ആയിരിക്കണമെന്ന് പറയുമ്പോള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനുമുണ്ട് ചില പരിമിതികളും ന്യൂനതകളുമെന്ന വസ്തുത കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കേന്ദ്രനിയമത്തില്‍ വിജിലന്‍സ് കമ്മീഷന്‍ ഉപദേശക സമിതി മാത്രമാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ അനുവാദത്തിന് വിധേയമായി മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാനാകൂ. വിജിലന്‍സ് കമ്മീഷന്‍ സമര്‍പ്പിക്കുന്ന ശിപാര്‍ശകളില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വിമുഖത കാണിക്കുന്നതായും അഴിമതിയും കെടുകാര്യസ്ഥതയും മറച്ചു വെക്കാനാണ് ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും 2015ലെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പിന്റെയോ സര്‍ക്കാറിന്റെയോ അനുമതി വേണമെന്ന വ്യവസ്ഥയുടെള്‍പ്പെടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് പ്രയാസം സൃഷ്ടിക്കുന്ന വ്യവസ്ഥകള്‍ നീക്കം ചെയ്യപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഭരണഘടന വിഭാവനം ചെയ്തത് പോലെയുള്ള നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു നീതിന്യായ സ്ഥാപനമായി വിജിലന്‍സ് മാറുകയുള്ളൂ. ഇത്തരമൊരു പരിഷ്‌കരണത്തിന് ഭരണ, ഉദ്യോഗ തലങ്ങളിലെ ഉന്നതങ്ങളില്‍ നിന്ന് എത്രത്തോളം സഹകരണവും പിന്തുണയും ലഭിക്കുമെന്നതാണ് പ്രശ്‌നം.