ജനനേന്ദ്രിയം മുറിച്ച കേസ്: പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

Posted on: June 21, 2017 1:17 pm | Last updated: June 21, 2017 at 7:30 pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്കും വീടിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സ്വാമിയുടെ സഹായി അയ്യപ്പദാസില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി തിരുവനന്തപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലില്‍ കഴിയുന്ന ഗംഗേശാനന്ദയെ ഇന്നലെ പരാതിക്കാരിയായ പെണ്‍കുട്ടി സന്ദര്‍ശിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം ഇന്നലെ ഉച്ചയ്ക്കാണ് പെണ്‍കുട്ടി ഗംഗേശാനന്ദയെ കാണാനായെത്തിയത്. 15 മിനിറ്റ് നേരം ഇവര്‍ സംസാരിച്ചു. ഇതിനിടെ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞപ്പോള്‍ ഗംഗേശാനന്ദ ആശ്വസിപ്പിക്കുകയും ചെയ്തു.

ഗംഗേശാനന്ദയെ കണ്ടതിന് ശേഷം കരഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി പുറത്തേക്കു വന്നത്. തുടര്‍ന്ന് പേട്ട പൊലീസ് സ്‌റ്റേഷനില്‍ എത്തി കാമുകന്‍ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതി നല്‍കി. തന്റെയും ഗംഗേശാനന്ദയുടെയും പണം അയ്യപ്പദാസ് തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. താന്‍ ആരുടെയും നിയന്ത്രണത്തിലല്ല. അയ്യപ്പദാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കളവാണെന്നും വീട്ടില്‍ താന്‍ സുരക്ഷിതയാണെന്നും പെണ്‍കുട്ടി അറിയിച്ചു.