Connect with us

International

വെസ്റ്റ് ബാങ്കില്‍ അനധികൃത കുടിയേറ്റവുമായി ഇസ്‌റാഈല്‍

Published

|

Last Updated

വെസ്റ്റ്ബാങ്ക്: അന്താരാഷ്ട്ര വിലക്കുകള്‍ ലംഘിച്ച് വെസ്റ്റ് ബാങ്കില്‍ പുതിയ കുടിയേറ്റ സമുച്ചയ നിര്‍മാണവുമായി ഇസ്‌റാഈല്‍. 25 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് വെസ്റ്റ് ബേങ്കില്‍ കുടിയേറ്റവുമായി ഇസ്‌റാഈലിന്റെ കടന്നുകയറ്റം നടക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റ വീടുകള്‍ നിര്‍മിക്കുന്നത് തന്റെ സര്‍ക്കാറിന്റെ അഭിമാനമാണെന്ന രീതിയിലാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. പതിറ്റാണ്ടുകള്‍ക്ക് ശേഷം ജുദ്‌യയിലും സമാറിയയിലും കുടിയേറ്റ നിര്‍മാണം നടത്താന്‍ സാധിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് നെതന്യാഹൂ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിനെ ബൈബിള്‍ നാമത്തില്‍ സംബോധന ചെയ്താണ് നെതന്യാഹൂ പ്രകോപനപരവും നിയമവിരുദ്ധവുമായ പ്രഖ്യാപനം നടത്തിയത്.
1993ല്‍ ഫലസ്തീനും ഇസ്‌റാഈലും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രണ്ട് ലക്ഷം കുടിയേറ്റക്കാരായിരുന്നു വെസ്റ്റ് ബേങ്കിലും കിഴക്കന്‍ ജറുസലേമിലുമുണ്ടായിരുന്നതെങ്കില്‍ നിലവില്‍ ഏഴ് ലക്ഷത്തിലെത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫലസ്തീന്‍ പൗരന്മാരുടെ സ്വകാര്യ ഭൂമിയില്‍ അനധികൃതമായി കുടിയേറ്റം നടത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ഒഴിപ്പിച്ച 300 ജൂത കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാനാണ് വെസ്റ്റ് ബേങ്കില്‍ കുടിയേറ്റം നടത്തുന്നത്. ഇസ്‌റാഈല്‍ സുപ്രീം കോടതിയുടെ വിധി പ്രകാരമായിരുന്നു അമൗനയിലെ ഔട്ട്‌പോസ്റ്റില്‍ നിന്ന് ജൂത കുടിയേറ്റക്കാരെ നീക്കിയിരുന്നത്. കോടതി ഉത്തരവ് മറികടക്കാന്‍ നെതന്യാഹുവിന്റെ ഭരണകൂടം ക്രൂരമായ മറ്റൊരു മാര്‍ഗം തേടിയിരിക്കുകയാണ്.

അമേരിക്കയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ – ഇസ്‌റാഈല്‍ സമാധാന ചര്‍ച്ച നടക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രകോപനപരമായ പ്രഖ്യാപനം. ഫലസ്തീന്‍ അതോറിറ്റിയുടെ പ്രതിഷേധം പരിഗണിച്ച് കുടിയേറ്റം നടപ്പാക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ ജനങ്ങളുടെ മനുഷ്യാവകാശത്തെ പരിഗണിക്കാതെ ഇസ്‌റാഈല്‍ നടത്തുന്ന അനധികൃത കുടിയേറ്റം അംഗീകരിക്കാനാകില്ലെന്ന് യു എന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്‌റാഈല്‍ പ്രകോപനത്തോട് രൂക്ഷമായ ഭാഷയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റദൈനാഹ് പ്രതികരിച്ചത്.

Latest