Connect with us

Ramzan

കുണ്ടൂര്‍ കുഞ്ഞു: വേര്‍പാടിന്റെ 28-ാം ആണ്ട്

Published

|

Last Updated

വേര്‍പാടിന്റെ 28-ാംആണ്ടിലും ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കുകയാണ് കുണ്ടൂര്‍ ഉസ്താദിന്റെ മകന്‍ കുണ്ടൂര്‍ കുഞ്ഞു. സുന്നി പ്രവര്‍ത്തകനായി എന്ന കാരണത്താല്‍ ആദര്‍ശവൈരികളുടെ ആയുധത്തിന് ഇരയാവുകയായിരുന്നു അദ്ദേഹം. മയ്യിത്ത് ഖബറടക്കിയത് മുതല്‍ അദ്ദേഹത്തിന്റെ ഖബറിടത്തില്‍ തുടങ്ങിയ ഖുര്‍ആന്‍ പാരായണം ഇന്നും തുടരുകയാണ്. കുഞ്ഞുവിന്റെ പേരില്‍ വിവിധ റിലീഫ് പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്. എല്ലാ വര്‍ഷവും റമസാന്‍ 26ന് കുണ്ടൂര്‍ ഗൗസിയ്യയില്‍ നടക്കാറുള്ള ആണ്ടുനേര്‍ച്ചയില്‍ സുന്നീ നേതാക്കളും പ്രവര്‍ത്തകരും അടക്കം ആയിരങ്ങളാണ് പങ്കെടുക്കാറുള്ളത്. സുന്നത്ത് ജമാഅത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

സമസ്തയുടെ നിര്‍ണായകമായ പിളര്‍പ്പിന്റെ ഘട്ടത്തില്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ അയ്യായിരത്തിലേറെ പണ്ഡിതന്‍മാര്‍ പങ്കെടുത്ത പണ്ഡിതസമ്മേളനം നടന്നിരുന്നു. ഈ പരിപാടിയുടെ നോട്ടീസ് കുണ്ടൂരില്‍ പതിച്ചതിന് ഒരു പുതുമുസ്‌ലിമിനെ ആദര്‍ശ വിരോധികളായ ചിലര്‍ മര്‍ദിക്കുകയുണ്ടായി. ഈ സംഭവം കുഞ്ഞുവിനെ വല്ലാതെ വേദനിപ്പിക്കുകയും ഇതേകുറിച്ച് ചോദിച്ചതിലുള്ള വിരോധം കാരണം റമസാനില്‍ നോമ്പുതുറക്കാന്‍ വീട്ടിലേക്ക് പോകുന്ന സമയത്ത് ശത്രുക്കള്‍ കുണ്ടൂര്‍ അങ്ങാടിയില്‍ വെച്ച് പതിയിരുന്ന് കുഞ്ഞുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കുണ്ടൂര്‍ ഉസ്താദിന്റെ ജീവിതത്തിലെ നിര്‍ണായകമായ സംഭവമായിരുന്നു കുഞ്ഞുവിന്റെ വയോഗം.അദ്ദേഹത്തിന്റെ ക്ഷമയും സഹിഷ്ണുതയും ജനങ്ങള്‍ക്ക് നേരിട്ട് വ്യക്തമാകുകയുണ്ടായി. മകന്റെ മരണ വാര്‍ത്തയറിഞ്ഞെത്തിയ ബന്ധുക്കളെയും പ്രവര്‍ത്തകരേയും അദ്ദേഹം ആശ്വസിപ്പിക്കുകയും പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്ത് ദുഃഖം ഉള്ളിലൊതുക്കുകയായിരുന്നു. മകന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും അറിയാമായിരുന്നെങ്കിലും ക്ഷമയോടെ നിലകൊണ്ടു. കുടുംബത്തിലെ പലര്‍ക്കും ഇതിന് പകരം

ചേദിക്കണമെന്നുണ്ടായിരുന്നെങ്കിലും അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. കുഞ്ഞുവിന്റെ ചെറിയ മകനേയും ഭാര്യയേയും സംരക്ഷിക്കുകയും കുഞ്ഞുവിന്റെ മകനുവേണ്ടി സ്ഥലം വാങ്ങുകയും അവിടെ വീട് നിര്‍മിക്കുകയും ചെയ്തു. ഈവീട്ടില്‍ വര്‍ഷങ്ങളോളം ഉസ്താദ് ദര്‍സ് നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ മറ്റുമക്കളായ ബാവ ഹാജി,ലത്വീഫ് ഹാജി എന്നിവരാണ് ഇപ്പോള്‍ കുണ്ടൂരിലെ സ്ഥാപനങ്ങള്‍ക്കും അവിടെ നടക്കുന്ന പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷത്തെ ആണ്ടുനേര്‍ച്ച ഇന്ന് കുണ്ടൂര്‍ ഗൗസിയ്യയില്‍ നടക്കും.