യോഗാ പ്രദര്‍ശനം ഇന്ന് മൈസൂരുവില്‍

Posted on: June 21, 2017 6:17 am | Last updated: June 20, 2017 at 11:18 pm

മൈസൂരു: ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗാ പ്രദര്‍ശനത്തിന് ഇന്ന് മൈസൂരു വേദിയാകും. ലോക യോഗാ ദിനമായ ഇന്ന് മൈസൂരു റേസ്‌കോഴ്‌സിലാണ് 60,000 പേര്‍ പങ്കെടുക്കുന്ന പ്രദര്‍ശനം അരങ്ങേറുക. റേസ് കോഴ്‌സില്‍ രാവിലെ അഞ്ച് മുതല്‍ 10 മണി വരെയാണ് യോഗാ പ്രദര്‍ശനം.

പതിനായിരക്കണക്കിന് പേര്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മൈതാനിയിലേക്കുള്ള സുഗമമായ പ്രവേശനത്തിന് ഏഴ് കവാടങ്ങള്‍ ഏര്‍പ്പെടുത്തും. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ വെള്ളനിറത്തിലുള്ള ടീ ഷര്‍ട്ടും പാന്റ്‌സും സ്്ത്രീകള്‍ ചൂരീദാറും ആണ് ധരിക്കേണ്ടത്.
യോഗ ചെയ്യുമ്പോള്‍ തറയില്‍ വിരിക്കാനുള്ള പായയും പങ്കെടുക്കുന്നവര്‍ കൊണ്ടുവരണം. പങ്കെടുക്കുന്നവരില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ പേര്‍ യോഗാസനങ്ങള്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ ഗിന്നസ് റെക്കോഡ് ലഭിക്കാന്‍ സാധ്യതയുണ്ടാവില്ലെന്നും അതിനാല്‍ എല്ലാവരും ഗൗരവത്തോടെ യോഗയെ കാണണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഡി രണ്‍ദീപ് പറഞ്ഞു. യോഗാഭ്യാസത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണവും കുടിവെള്ളവും അധികൃതര്‍ ഏര്‍പ്പെടുത്തും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മൈസൂരു സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനകം അമ്പതിനായിരത്തോളം പേര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദര്‍ശനം നടക്കുന്ന ഇന്ന് റേസ് കോഴ്‌സില്‍ തത്സമയ രജിസ്‌ട്രേഷന്‍ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഗിന്നസ് റെക്കോര്‍ഡിനായുള്ള പ്രദര്‍ശനത്തിന്റെ രണ്ടാം ഘട്ട പരിശീലനം കഴിഞ്ഞ ദിവസം നടന്നിരുന്നു.