പുതുവെപ്പിലെ സമരത്തില്‍ പോലീസ് നിലപാട് ശരിയായിരുന്നുവെന്ന് കൊടിയേരി

Posted on: June 20, 2017 5:46 pm | Last updated: June 21, 2017 at 10:15 am

കൊച്ചി: സമര പശ്ചാത്തലത്തില്‍ പുതുവെപ്പ് പദ്ധതി വേണ്ടെന്ന് വെക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാറാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പദ്ധതിക്ക് നടത്താനാവശ്യമായ സഹായം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാറിന് ചെയ്യാനുള്ളത്. പദ്ധതി നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ നിന്ന് സമര സമതി പിന്‍മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പുതുവെപ്പില്‍ സമരത്തിനെതിരായ പൊലീസ് നടപടിയെയും കോടിയേരി ന്യായീകരിച്ചു. മെട്രോ ഉദ്ഘാടന വേദിയിലേക്ക് തള്ളികയറാനാണ് സമരക്കാര്‍ ശ്രമിച്ചത്. ഇത് തടയുക മാത്രമാണ് പൊലീസ് ചെയ്തത്. പ്രധാനമന്ത്രി പെങ്കടുക്കുന്ന ചടങ്ങ് അലങ്കോലമായാല്‍ ഈ രീതിയിലാവില്ല ചര്‍ച്ച നടക്കുക എന്നും കോടിയേരി പറഞ്ഞു. പൊലീസിനെ നിര്‍വീര്യമാക്കാന്‍ ആരെയും അനുവദിക്കില്ല. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പരിശോധിക്കുമെന്നും കോടിയേരി അറിയിച്ചു.നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് ഐഒസിയും അറിയിച്ചിരുന്നു

പൊലീസ് നടപടിയെ കുറിച്ചുള്ള സി.പി.ഐയുടെയും, സി.പി.എം നേതാക്കളുടെ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് അവരുടെ അഭിപ്രായമാണെന്നായിരുന്നു കോടിയേരിയുടെ മറുപടി. സമരത്തിന് തീവ്രവാദ സംഘടനകള്‍ പിന്തുണ നല്‍കുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് സര്‍ക്കാറിന് ലഭിച്ച റിപ്പോര്‍ട്ടാണ് അതിനെ കുറിച്ച് സര്‍ക്കാറിനോട് ചോദിക്കണമെന്നും കോടിയേരി പറഞ്ഞു