ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി; പെണ്‍കുട്ടിക്ക് നുണപരിശോധന

Posted on: June 20, 2017 12:17 pm | Last updated: June 20, 2017 at 7:53 pm

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.

പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാമെന്നും കോടതി പറഞ്ഞു. പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ബ്രെയിന്‍ മാപ്പിങ്ങിനും അനുമതി നല്‍കി.

ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ ഈ മാസം 22ന് ഹാജരാകാന്‍ കോടതി യുവതിക്ക് നിര്‍ദേശം നല്‍കി.

പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിക്കുകയായിരുന്നുവെന്നാണ് കേസില്‍ ആദ്യം പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റി. തന്റെ കാമുകന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഇത് ചെയ്തതെന്നും സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.