ലണ്ടന്‍ അക്രമിയുടെ ആക്രോശം: ‘ഞാന്‍ മുസ്‌ലിംകളെ മുഴുവനും കൊന്നൊടുക്കും’

Posted on: June 20, 2017 8:40 am | Last updated: June 20, 2017 at 11:06 am
പിടിയിലായ അക്രമി

ലണ്ടന്‍: ഫിന്‍സ്ബറിയിലെ പള്ളിക്ക് സമീപമുണ്ടായ തീവ്രവാദി ആക്രമണം മുസ്‌ലിംകളെ ലക്ഷ്യംവെച്ചുള്ളതായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. കാല്‍നടയാത്രക്കാരായ വിശ്വാസികള്‍ക്കിടയിലേക്കായിരുന്നു അക്രമി ട്രക്ക് ഇടിച്ചുകയറ്റിയത്. പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയവരെ കാത്ത് ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. പോലീസും അന്വേഷണ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ബ്രിട്ടനടക്കമുള്ള പാശ്ചാത്യ നാടുകളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് പ്രാഥമിക നിഗമനം.

‘അസാധാരണമായ വിധത്തില്‍ ട്രക്കിന്റെ വേഗത വര്‍ധിച്ചിരുന്നു. സംഭവം അപകടമായിരുന്നില്ല. ആക്രമണമായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇത് വ്യക്തമാക്കുന്ന രീതിയിലായിരുന്നു പ്രതിയായ ഡ്രൈവറുടെ പെരുമാറ്റം.’ ആക്രമണത്തിന്റെ ദൃക്‌സാക്ഷി സഈദ് ഹാഷി വ്യക്തമാക്കി. അതിവേഗതയില്‍ പാഞ്ഞെടുത്ത ട്രക്ക് പെട്ടെന്ന് യാത്രക്കാര്‍ക്ക് നേരെ തിരിക്കുകയായിരുന്നു. മൂന്ന് പേരെ ഇടിച്ചിട്ട ശേഷം വാഹനം പിന്നോട്ടെടുത്ത് വീണ്ടും വിശ്വാസികളെ ലക്ഷ്യമായി പാഞ്ഞടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷുഭിതരായ ജനക്കൂട്ടം അക്രമിയെ പിടികൂടുകയും പോലീസ് എത്തുന്നത് വരെ 15 മിനുട്ടോളം പിടിച്ചുവെക്കുകയും ചെയ്തു. ഈ സമയത്തെല്ലാം അക്രമി മോശപ്പെട്ട വാക്കുകള്‍ സംസാരിക്കുകയും ജനങ്ങളോട് ദേശ്യപ്പെടുകയും ചെയ്തതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ദൃക്‌സാക്ഷികളുമായി സംസാരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌

തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ അക്രമിയുടെ ഉദ്ദേശ്യം ആക്രമണമല്ലാതെ മറ്റൊന്നുമല്ലായിരുന്നുവെന്നും മുഴുവന്‍ മുസ്‌ലിംകളെയും താന്‍ കൊന്നൊടുക്കുമെന്ന് ജനങ്ങളുടെ പിടിയിലായപ്പോള്‍ അയാള്‍ വ്യക്തമായി പറഞ്ഞിരുന്നതായും ഖാലിദ് അമിന്‍ എന്ന നാട്ടുകാരനായ ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തില്‍ മറ്റ് രണ്ട് പേര്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. വാഹനത്തിലുണ്ടായിരുന്ന 48കാരനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇസില്‍, സലഫിസ്റ്റ് തീവ്രവാദികളുടെ ആക്രമണത്തിന്റെ പേര് പറഞ്ഞ് മുസ്‌ലിംകളെ വേട്ടയാടുന്ന രീതി ബ്രിട്ടനില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍വെച്ചും സ്ഥാപനങ്ങളില്‍വെച്ചും മുസ്‌ലിംകളെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയും സര്‍വവ്യാപകമായിരിക്കുകയാണ്. ഇതിനെതിരെ വലതുപക്ഷ അനുഭാവമുള്ള പ്രധാനമന്ത്രി തെരേസ മെയ്‌യുടെ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. മുസ്‌ലിംകളെ വംശീയമായി അധിക്ഷേപിക്കുന്നതിനും ആക്രമിക്കുന്നതിനും ബ്രിട്ടനില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ രഹസ്യപിന്തുണ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ ശക്തമായ സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് മുസ്‌ലിം നേതാക്കള്‍ ആവശ്യപ്പെട്ടു.